TECH

ആകാശത്തേക്ക് ടോർച്ച് തെളിച്ച് വോയേജറിന് ഒരു ഹായ് പറഞ്ഞാലോ; നാസയുടെ ആഗോള ആഘോഷത്തിൽ പങ്കുചേരാൻ അവസരം

കേരളത്തിൽ ഇന്നുരാത്രി ഏഴു മണിക്ക് ഏതാണ്ട് പടിഞ്ഞാറ് ദിശയിൽ ചക്രവാളത്തോടു ചേർന്നാകും ഈ സ്ഥാനം. എട്ടു മണിയോടെ ഈ രാശി അസ്തമിക്കുകയും ചെയ്യും.

Author : ന്യൂസ് ഡെസ്ക്

മനുഷ്യവംശ ചരിത്രത്തിൽ ഏറ്റവും ദൂരെയെത്തിയ ബഹിരാകാശ പേടകമായ വോയേജർ വണ്ണിന് ഇന്ന് ഒരു പ്രകാശസന്ദേശം അയക്കാൻ ഒരുങ്ങുകയാണ് ലോകം. കൈയിലുള്ള മൊബൈൽ ഫോണിന്റെ വെളിച്ചം കൊണ്ടോ ടോർച്ച് ഉപയോഗിച്ചോ ആകാശത്തേക്ക് ഒരു ഹായ് പറയാം. അതിനായി ഒരു പ്രത്യേക പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നാസ.

ഏകദേശം 49 വർഷത്തെ യാത്രയ്ക്കുശേഷം വോയേജർ വൺ ഭൂമിയിൽ നിന്ന് ഒരു പ്രകാശദിവസം അകലെയെത്തുന്ന ചരിത്രനിമിഷമാണ് നവംബർ 18. പ്രകാശത്തിന് 24 മണിക്കൂർ കൊണ്ട് സഞ്ചരിക്കാനാകുന്ന ദൂരമാണ് ഒരു പ്രകാശദിവസം. ഏകദേശം 2590 കോടി കിലോമീറ്റർ! മനുഷ്യനിർമിതമായ ഒരു പേടകവും ഇതുവരെ എത്തിയിട്ടില്ലാത്ത ദൂരം.

ഈ നേട്ടം ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ഒരുമിച്ച് ആഘോഷിക്കാനായി നാസ സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഷൈൻ ബ്രൈറ്റ് ഫോർ വോയേജേഴ്സ് ലൈറ്റ് ഡേ’. നവംബർ 17, ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ മൊബൈൽ ഫോണുകൾ, ടോർച്ചുകൾ, ഫ്ലാഷ് ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് ആകാശത്തേക്ക് പ്രകാശം തെളിക്കും. ഒഫീക്കസ് എന്ന നക്ഷത്രരാശിയുടെ ദിശയിലാണ് വോയേജർ പേടകം ഉള്ളത്. ഗുഗിൾ സ്കൈ മാപ്പ് പോലെയുള്ള ആപ്പുകൾ ഉപയോഗിച്ച് ആ സ്ഥാനം വളരെ എളുപ്പം കണ്ടെത്താനാവും. കേരളത്തിൽ ഇന്നുരാത്രി ഏഴു മണിക്ക് ഏതാണ്ട് പടിഞ്ഞാറ് ദിശയിൽ ചക്രവാളത്തോടു ചേർന്നാകും ഈ സ്ഥാനം. എട്ടു മണിയോടെ ഈ രാശി അസ്തമിക്കുകയും ചെയ്യും.

വോയേജർ മിഷന്റെ കോൾ സൈൻ ആയ VGR എന്ന മൂന്നക്ഷരങ്ങൾ മോഴ്സ് കോഡിൽ പ്രകാശത്തിലൂടെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇനി എങ്ങനെയാണ് ഇതിൽ പങ്കുചേരേണ്ടത് എന്നല്ലെ? വളരെ ലളിതമാണ്. VGR എന്നതിന്റെ മോഴ്സ് കോഡ് പ്രകാശം ഉപയോഗിച്ച് അവതരിപ്പിച്ചാൽ മതി. V എന്ന അക്ഷരം മൂന്ന് ചെറിയ ഫ്ലാഷുകളും ഒരു നീണ്ട ഫ്ലാഷും ചേർന്നതാണ്. G എന്നത് രണ്ട് നീണ്ട ഫ്ലാഷുകളും ഒരു ചെറിയ ഫ്ലാഷും. R ആകട്ടെ ഒരു ചെറിയ ഫ്ലാഷും ഒരു നീണ്ട ഫ്ലാഷും വീണ്ടും ഒരു ചെറിയ ഫ്ലാഷും. കൈയിലുള്ള ടോർച്ച് ഉപയോഗിച്ച് ഈ രീതിയിൽ പ്രകാശം തെളിയിക്കാം. അതല്ലെങ്കിൽ നാസ ഒരുക്കിയിട്ടുള്ള പ്രത്യേക വെബ്സൈറ്റും ഉപയോഗിക്കാം. വെബ്സൈറ്റ് തുറന്നാൽ മൊബൈൽ സ്ക്രീനിൽ VGR എന്ന സന്ദേശം മോഴ്സ് കോഡിൽ സ്വയം തെളിഞ്ഞും അണഞ്ഞും വരും. ഫോൺ ആകാശത്തേക്ക് തിരിച്ചു പിടിച്ചാൽ മാത്രം മതി.

https://science.nasa.gov/mission/voyager/voyager-1/shine-bright-for-voyagers-light-day/

എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കണം. നമ്മുടെ ടോർച്ചിൽ നിന്നുള്ള പ്രകാശം യഥാർത്ഥത്തിൽ വോയേജർ പേടകത്തിൽ എത്തില്ല. ഇതൊരു പ്രതീകാത്മക ആഘോഷം മാത്രമാണ്. വോയേജർ വണ്ണിന്റെ ഈ നേട്ടം ശാസ്ത്രചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലാണ്. 1977-ൽ വിക്ഷേപിച്ച ഈ പേടകം ഇന്നും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കുന്നു. ഈ ആഘോഷത്തിൽ പങ്കെടുത്ത് ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹമാധ്യമങ്ങളിൽ നാസയെ ടാഗ് ചെയ്തും പങ്കുവയ്ക്കാം.

SCROLL FOR NEXT