Source: Screengrab
TECH

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... സീസൺ ടിക്കറ്റ് ഇനി മുതൽ യുടിഎസ് ആപ്പിൽ ലഭ്യമാകില്ല; ഇനി 'റെയിൽ വൺ'

റെയിൽ വൺ ആപ്ലിക്കേഷനിലാണ് ഇനി മുതൽ സീസൺ ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം ലഭ്യമാകുക...

Author : അഹല്യ മണി

സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്... സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഇനി മുതൽ റെയിൽവേയുടെ യുടിഎസ് ആപ്പിൽ ആ സേവനം ലഭ്യമാകില്ല. അതിനായി ഇപ്പോൾ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് റെയിൽവേ. റെയിൽ വൺ എന്ന പേരിലുള്ള ആപ്ലിക്കേഷനിലാണ് ഇനി മുതൽ സീസൺ ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം ലഭ്യമാകുക.

എല്ലാ റെയിൽവേ സർവീസ് ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്ന ഏകീകൃത റെയിൽവേ ആപ്പാണ് റെയിൽ വൺ. യുടിഎസിൽ സീസൺ ടിക്കറ്റ് എടുക്കാനോ പുതുക്കാനോ ഇനി മുതൽ സാധിക്കില്ല. എന്നാൽ, നേരത്തെ ടിക്കറ്റ് എടുത്തവർക്ക് ഷോ ടിക്കറ്റിലൂടെ അത് നിലനിൽക്കും. പുതിയ ആപ്പായ റെയിൽ വണിലൂടെ സീസൺ ടിക്കറ്റ് എടുക്കാനാണ് റെയിൽവേയുടെ നിർദേശം. ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ഭക്ഷണവിവരം ഉൾപ്പെടെ ലഭിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായാകും റെയിൽ വണിൻ്റെ പ്രവർത്തനം.

റെയിൽ വൺ ആപ്പിലൂടെ അൺ റിസർവ്‌ഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ് ബാക്കും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 14 മുതൽ ജൂലൈ 14 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്നു ശതമാനം കാഷ്‌ബാക്ക് ലഭിക്കും. മകർ സംക്രാന്തിയോട് അനുബന്ധിച്ചാണ് ഈ ആനുകൂല്യം. അതേസമയം, സാധാരണ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും എടുക്കാൻ യുടിഎസിലൂടെ തന്നെ സാധിക്കും.

റെയിൽവേയുടെ മറ്റ് ആപ്പുകൾ ഇതൊക്കെ:

- എല്ലാ ആപ്പുകളുടെയും സേവനം ലഭ്യമാകാൻ: റെയിൽ വൺ

- തീവണ്ടി സമയം അറിയാൻ: എൻടിഇഎസ്

- ടിക്കറ്റ് റിസർവ് ചെയ്യാനും റദ്ദാക്കാനും: റെയിൽ കണക്ട്

- ജനറൽ ടിക്കറ്റ് എടുക്കാൻ: യുടിഎസ്

- പരാതികൾ അറിയിക്കാൻ: റെയിൽ മദദ്

SCROLL FOR NEXT