സ്മാർട്ട് ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡായ ഓപ്പോയുടെ ഇനി വരാനിക്കുന്ന പുതിയ സീരീസ് ആണ് ഓപ്പോ F31 സീരീസ്. സെപ്തംബർ രണ്ടാം വാരത്തിൽ സീരീസ് ഫോണുകൾ പുറത്തു വരും എന്നാണു പ്രതീക്ഷിക്കുന്നത്. മൂന്ന് മോഡലുകൾ F31 സീരീസിൽ ഉൾപ്പെടുമെന്നാണ് സൂചന. ഓപ്പോ F31, ഓപ്പോ F31 പ്രോ, ഓപ്പോ F31 പ്രോ+ എന്നിവയാണ് ഈ ഫോണുകൾ.
ഓപ്പോ F31, ഓപ്പോ F31 പ്രോ എന്നിവക്ക് മീഡിയടെക് ഡൈമെൻസിറ്റി പ്രോസസർ കരുത്തു നൽകാനാണു സാധ്യത. കൂടുതൽ നൂതനമായ ഓപ്പോ F31 പ്രോ+ മികച്ച പെർഫോമൻസിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റിലാകും പ്രവർത്തിക്കുക. ഈ സീരീസ് ഫോണുകളുടെ ഏറ്റവും വലിയ ഹൈലൈറ്റാണ് ഇതിൻ്റെ ബാറ്ററി. മൂന്ന് മോഡലുകളും വലിയ 7,000mAh ബാറ്ററിയുമായാണ് ഫോൺ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഓപ്പോ F31 സീരീസ് ഫോണുകളുടെ വ്യത്യസ്ത മോഡലുകളെ വ്യത്യസ്ത കളർ ഓപ്ഷനുകളിലും വ്യത്യസ്ത ക്യാമറ ഡിസൈനുകളിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓപ്പോ F31 പ്രോ+ വൈറ്റ്, പിങ്ക്, ബ്ലൂ നിറങ്ങളിലാണു കാണിക്കുന്നത്. മറ്റ് മോഡലുകളെ അപേക്ഷിച്ച് ഇതിനു വൃത്താകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളാണുള്ളത്. ഇതു ഫോണിനു കൂടുതൽ സവിശേഷമായ രൂപം നൽകുന്നു.
ഓപ്പോ F31 പ്രോ ഗോൾഡ്, ബ്ലാക്ക് നിറങ്ങളിൽ കാണപ്പെടുന്നു. ഈ മോഡലിന് കർവ്ഡ് എഡ്ജുകളുള്ള ചതുരാകൃതിയിലുള്ള റിയർ ക്യാമറ ഐലൻഡ് ഉണ്ട്. സ്റ്റാൻഡേർഡ് ഓപ്പോ F31 റെഡ്, പർപ്പിൾ, ബ്ലൂ നിറങ്ങളിലാണ്. ഇതിന് ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡും ഉണ്ട്. ഈ ഫോണിൻ്റെ ക്യാമറ സെൻസറുകൾ LED ഫ്ലാഷിന് അടുത്തായി ലംബമായാണ് സ്ഥാപിച്ചിരിക്കുന്നത്.
ഈ മൂന്നു ഫോണുകളിൽ, ഓപ്പോ F31 പ്രോ+ ഏറ്റവും ശക്തമായതായിരിക്കും എന്നു പ്രതീക്ഷിക്കുന്നു. ഫ്ലാറ്റ് ഡിസ്‌പ്ലേ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ ഫോണിന് സ്‌നാപ്ഡ്രാഗൺ 7 Gen 3 പ്രോസസർ ആയിരിക്കും കരുത്തു നൽകുക. ഈ മോഡൽ 12GB RAM + 256GB സ്റ്റോറേജ് ഓപ്ഷനിൽ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെപ്റ്റംബർ 12നും സെപ്റ്റംബർ 14നും ഇടയിൽ ഓപ്പോ F31 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.