foldable iPhone  Image: Social Media
TECH

രണ്ട് ഐഫോണ്‍ എയര്‍ ചേര്‍ത്തൊട്ടിച്ചാല്‍ ഫോള്‍ഡബിള്‍ ഫോണ്‍ ആയി; പുതിയ മോഡലിന്റെ ഡിസൈനും വിലയും ലീക്കായി

അള്‍ട്രാ തിന്‍ ഐഫോണ്‍ എയറിനോട് സാദൃശ്യമുള്ളതായിരിക്കും ഫോള്‍ഡബിളും എന്നാണ് റിപ്പോര്‍ട്ടുകള്‍

Author : ന്യൂസ് ഡെസ്ക്

ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 18 നൊപ്പമായിരിക്കും ഫോള്‍ഡബിള്‍ ഐഫോണും എത്തുക. അള്‍ട്രാ തിന്‍ ഐഫോണ്‍ എയറിനോട് സാദൃശ്യമുള്ളതായിരിക്കും ഫോള്‍ഡബിളും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ഐഫോണ്‍ എയര്‍ ചേര്‍ത്തു വെച്ചതു പോലെയാകും ഫോള്‍ഡബിള്‍ ഐഫോണിന്റെ ഡിസൈന്‍ എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷമാണ് ആപ്പിള്‍ ഐഫോണ്‍ എയര്‍ ആദ്യമായി അവതരിപ്പിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും കനംകുറഞ്ഞ ഐഫോണ്‍ എന്ന പ്രത്യേകതയോടെയാണ് ഐഫോണ്‍ എയര്‍ എത്തിയത്. 5.6 എംഎം ആണ് ഇതിന്റെ കനം. ഐഫോണുകളില്‍ ടൈറ്റാനിയം ഫ്രെയിമോടെ എത്തുന്ന ഏക മോഡലും ഇതാണ്.

ഇതേ ഡിസൈനിലായിരിക്കും അടുത്ത വര്‍ഷം ഫോള്‍ഡബിള്‍ ഐഫോണും എത്തുക എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് ഐഫോണ്‍ എയറിന്റെ കനത്തില്‍ 11.2 എംഎം ല്‍ എത്തുന്ന ഫോള്‍ഡബിള്‍ ഐഫോണ്‍ സാംസങ് Z ഫോള്‍ഡ് 7 നേക്കാളും ഭാരം കൂടുതലുണ്ടാകും. 8.9 എംഎം ആണ് സാംസങ് മോഡലിന്റെ കനം. അതേസമയം, ഇതിനേക്കാള്‍ കുറഞ്ഞ കനത്തിലായിരിക്കും ഫോള്‍ഡബിള്‍ ഐഫോണ്‍ എത്തുക എന്നും സൂചനയുണ്ട്. സാംസങ്ങിന്റെ ഇസെഡ് ഫോള്‍ഡ് 7 നായിരിക്കും ഫോള്‍ഡിബിള്‍ വെല്ലുവിളി ഉയര്‍ത്തുക.

ഫോള്‍ഡബിള്‍ ഐഫോണിന്റെ വിലയിലും വലിയ വ്യത്യാസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ 2000 ഡോളറിന് അടുത്തായിരിക്കും പുതിയ ഡിവൈസിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകേദശം 1,76,000 രൂപയോളം വരുമിത്. ഇന്ത്യയില്‍ വില ഇതിലും കൂടും.

അതേസമയം, ഫോള്‍ഡബിള്‍ ഐഫോണിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഘട്ടം തായ് വാനില്‍ പൂര്‍ത്തിയാക്കി മൊത്ത നിര്‍മാണം ഇന്ത്യയില്‍ നടത്താനാണ് ആപ്പിളിന്റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയിലുള്ള നിര്‍മാണം ആപ്പിള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചൈനയെ പൂര്‍ണമായി ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ആപ്പിളിന്റെ പദ്ധതി.

SCROLL FOR NEXT