പ്രതീകാത്മക ചിത്രം Source: Meta AI
TECH

ഈ ആപ്പ് പണിയാകും; നിങ്ങളുടെ ഫോണിൽ സ്പൈ ആപ്പുകൾ ഉണ്ടോയെന്നറിയാൻ ഈ വഴികൾ നോക്കാം!

നിങ്ങളുടെ ഫോണിൽ ആരെങ്കിലും സ്പൈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് ഈ വഴികളിലൂടെ എളുപ്പത്തിൽ മനസിലാക്കാം.

Author : ന്യൂസ് ഡെസ്ക്

നമ്മുടെയൊക്കെ ഫോണിൽ ഏതെങ്കിലും സ്പൈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആരെങ്കിലും നമ്മളെ നിരീക്ഷിക്കുന്നുണ്ടെങ്കിലോ? നമ്മുടെ സ്വകാര്യ സംഭാഷണങ്ങളൊക്കെ മറ്റാരെങ്കിലും നമ്മളറിയാതെ ഇൻസ്റ്റാൾ ചെയ്ത ഈ ആപ്പുകളിലൂടെ ശേഖരിക്കുന്നുണ്ടെങ്കിലോ? ഇതിലൂടെ നമ്മളെ പിന്തുടരാനോ മറ്റ് തെറ്റായ ഉദ്ദേശങ്ങൾക്ക് ​​വേണ്ടി ഉപയോഗിക്കാനോ സാധ്യതയുണ്ട്. നിങ്ങളുടെ ഫോണിൽ ആരെങ്കിലും സ്പൈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ഈ വഴികളിലൂടെ എളുപ്പത്തിൽ മനസിലാക്കാം.

നിങ്ങളുടെ സ്മാർട്ട്‌ഫോണിന് അസാധാരണമായ എന്തെങ്കിലും പെരുമാറ്റം ഉണ്ടോ എന്ന് പരിശോധിക്കുക

സ്പൈ ആപ്പുകൾ നിങ്ങളുടെ ഫോണിൻ്റെ പ്രകടനത്തിൽ വലിയ മാറ്റമുണ്ടാക്കും. അതിനാൽ, ഫോണിലെ ചാ‍ർജ് തീരുന്നതിൻ്റെ ദൈർഘ്യം, ഡാറ്റ ഉപയോ​ഗം, ഫോൺ ചൂടാവുന്നതിൻ്റെ സമയം തുടങ്ങിയവ നിരന്തരം നിരീക്ഷിക്കുക. ഇത്തരത്തിൽ എന്തെങ്കിലും പ്രകടമായ മാറ്റം തോന്നുകയാണെങ്കിൽ ഏത് ആപ്പാണ് കൂടുതൽ ചാ‍‌ർജ്, ഡാറ്റ തുടങ്ങിയവ ഉപയോഗിക്കുന്നതെന്ന് നോക്കുക. സെറ്റിങ്സിലെ ഡാറ്റ യൂസേജ്, ബാറ്ററി തുടങ്ങിയവയിൽ നിന്ന് ഇത് മനസിലാക്കാനാകും. ആപ്പുകൾ തുറക്കുമ്പോഴോ ഫോൺ ചെയ്യുമ്പോഴോ ഒക്കെ എന്തെങ്കിലും തരത്തിലുള്ള ക്ലിക്കിങ് സൗണ്ടുകളോ മറ്റോ കേൾക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.

ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പുകൾ പരിശോധിക്കുക

​സ്പൈ ആപ്പുകൾ നിയമാനുസൃത ആപ്പുകളെ പോലെ പെരുമാറി നിങ്ങളുടെ ഫോണിൽ ചിലപ്പോൾ കടന്നുകൂടിയിട്ടുണ്ടാകാം. ഫോണുകളിൽ സെറ്റിങ്സിൽ ആപ്പിൽ കയറി ഏതൊക്കെ ആപ്പുകളാണ് ഉള്ളതെന്ന് പരിശോധിക്കുക. സിസ്റ്റം സ‍ർവീസ്, ഡിവൈസ് ഹെൽത്ത് തുടങ്ങിയ പേരുകളിലുള്ള ആപ്പുകൾ സംശയാസ്പദമാണ്. കൂടാതെ ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ തുടങ്ങിയവയ്ക്ക് അനുമതിയുള്ള ആപ്പുകൾ ഏതൊക്കെയെന്നും ഉറപ്പുവരുത്തുക.

അനധികൃത ആക്‌സസ് അല്ലെങ്കിൽ അക്കൗണ്ടുകൾ പരിശോധിക്കുക

സ്പൈ ആപ്പുകൾക്ക് ശേഖരിച്ച ഡാറ്റകൾ കൈമാറുന്നതിനായി ഒരു അക്കൗണ്ട് ആവശ്യമാണ്. അത്തരത്തിൽ പരിചയമില്ലാത്ത ഏതെങ്കിലും അക്കൗണ്ടുകൾ നിങ്ങളുടെ ഫോണിലുണ്ടോ എന്ന് നിരീക്ഷിക്കുക. നിങ്ങൾക്കറിയാത്ത ഇ-മെയിൽ അക്കൗണ്ടുകളോ, ക്ലൗഡ് സ‍ർവീസുകളോ, മെസേജിങ് ആപ്പുകളോ ഫോണിലുണ്ടോ എന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ഇ-മെയിലിലേക്ക് ഏതെങ്കിലും തരത്തിലുള്ള ലോ​ഗിൻ നോട്ടിഫിക്കേഷനുകളോ, പാസ്‌വേ‍ർഡ് റീസെറ്റ് റിക്വസ്റ്റുകളോ വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

പെ‍ർമിഷനുകളും സെറ്റിങ്ങ്സും പരിശോധിക്കുക

സ്പൈ ആപ്പുകൾക്ക് പ്രവ‍ർത്തിക്കുന്നതിനായി ഫോണിൽ നിരവധി പെ‍ർമിഷനുകൾ ആവശ്യമുണ്ട്. അതിനാൽ പെ‍ർമിഷനുകൾ നൽകിയ ആപ്പുകൾ ഏതൊക്കെയാണെന്നും സെറ്റിങ്ങ്സും പരിശോധിക്കുക. നിങ്ങളറിയാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഓപ്ഷൻ ഡിസേബിൾ ആക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

നെറ്റ്‌വർക്ക് പ്രവർത്തനം നിരീക്ഷിക്കുക

ചില സ്പൈ ആപ്പുകൾ റിമോട്ട് സെർവറുകൾ ഉപയോ​ഗിച്ചാകും ആശയവിനിമയം നടത്തുന്നത്. നെറ്റ്‌വ‍ർക്ക് മോണിറ്ററിങ് ടൂളായ വയ‍ർഷാർക്കോ മറ്റോ ഇതിനായി ഉപയോ​ഗിക്കുക.

SCROLL FOR NEXT