പരസ്യത്തിനായി വാട്സ്ആപ്പ് ഉപയോക്താവിൻ്റെ വിവരങ്ങൾ മെറ്റ പ്ലാറ്റ്ഫോമുകൾക്ക് കൈമാറുന്നതിൽ മെറ്റയ്ക്കുണ്ടായിരുന്ന 5 വർഷത്തെ വിലക്ക് നീക്കി ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണൽ. എന്നാൽ, വാട്സാപ്പിന് മേൽ പിഴയായി സിസിഐ ചുമത്തിയ 213.14 കോടി രൂപ ട്രൈബ്യൂണൽ നിലനിർത്തിയിട്ടുണ്ട്.
2024 നവംബർ 18നാണ് മത്സര കമ്മീഷൻ വാട്സാപ്പിന് വിലക്കേർപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തത്. പിന്നീട് ജനുവരിയിൽ ട്രൈബ്യൂണൽ ഈ നടപടികൾക്ക് സ്റ്റേ അനുവദിച്ചിരുന്നു. ഇപ്പോൾ ജസ്റ്റിസ് അശോക് ഭൂഷണൺ ചെയർപേഴ്‌സണായ ബെഞ്ചാണ് മെറ്റയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
വാട്സാപ്പിൻ്റെ പുതുക്കിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ ആശയവിനിമയം സാധ്യമാവില്ലെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ഇതിൽ വാട്സാപ്പ് തങ്ങളുടെ ആധിപത്യസ്ഥാനം ദുരുപയോഗം ചെയ്തുവെന്നായിരുന്നു കമ്മീഷൻ്റെ വിലയിരുത്തൽ.
എന്നാൽ,സ്വകാര്യതാ നിയന്ത്രണത്തിന് കീഴിലുള്ള ഡാറ്റാ സംരക്ഷണ പ്രശ്‌നങ്ങളിൽ അന്വേഷണം നടത്തി സിസിഐ തങ്ങളുടെ അധികാരപരിധി ലംഘിച്ചുവെന്ന് വാദിച്ച് മെറ്റയും വാട്ട്‌സ്ആപ്പും ഈ തീരുമാനത്തെ ചോദ്യം ചെയ്തു.ഡാറ്റ പങ്കിടൽ നിയന്ത്രണങ്ങൾ വാട്ട്‌സ്ആപ്പിൻ്റെ സൗജന്യ-ഉപയോഗ ബിസിനസ് മോഡലിനെ തടസപ്പെടുത്തുമെന്നും കമ്പനികൾ വാദിച്ചു.
സമഗ്ര നിയന്ത്രണം വാട്ട്‌സ്ആപ്പിൻ്റെ ബിസിനസ് ഘടനയുടെ തകർച്ചയിലേക്ക് നയിച്ചേക്കാമെന്ന് നിരീക്ഷിച്ചാണ് ട്രൈബ്യൂണൽ സ്റ്റേ നീക്കിയത്.അതേസമയം, 2021ലെ നയം അനുസരിച്ച് വ്യക്തിഗത സന്ദേശങ്ങളുടെ സ്വകാര്യതയെ ഇത് ബാധിക്കില്ലെന്നും അവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നും മെറ്റ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.