എഐ പിടിമുറുക്കിയതോടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം തുടരുകയാണ്. ഏറ്റവും ഒടുവിലായി മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഗെയിമിങ് ബ്രാന്‍ഡായ എക്‌സ് ബോക്‌സാണ്. ആകെ ജീവനക്കാരില്‍ 20 ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് അറിയിച്ചിരിക്കുന്നത് കമ്പനിയുടെ സിഇഒ ആയ ആശ ശര്‍മ തന്നെയാണ്.
ഒരു വര്‍ഷത്തിനുള്ളില്‍ ഇരുപത് ശതമാനത്തോളം വരുന്ന 3200 പേരെ പിരിച്ചു വിടേണ്ടി വരുമെന്നാണ് ആശ ശര്‍മ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നത്. എഐ അധിഷ്ഠിത പിരിച്ചുവിടലുകളുടെ ഭാഗമായാണ് നടപടി.
കമ്പനിയുടെ ബിസിനസ് ഒട്ടും ആരോഗ്യകരമല്ലെന്നും പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് എക്‌സ്‌ബോക്‌സിനെയാണെന്നും ഇ-മെയിലില്‍ പറയുന്നു. ജീവനക്കാര്‍ക്ക് അയച്ച മെയില്‍ എക്‌സിലും ആശ ശര്‍മ പങ്കുവെച്ചിട്ടുണ്ട്.
തിങ്കളാഴ്ച 1600 ജീവനക്കാരെ പിരിച്ചുവിടും. ബാക്കിയുള്ളവരെ 2027 സാമ്പത്തിക വര്‍ഷത്തോടെ ഒഴിവാക്കുമെന്നാണഅ പറയുന്നത്. ഇതിനു പുറമെ, എക്‌സ്‌ബോക്‌സിന്റെ കീഴിലുള്ള നാല് ഗെയിമിങ് സ്റ്റുഡിയോകളുടെ നിക്ഷേപം പിന്‍വലിക്കുമെന്നും മറ്റൊന്നുകൂടി ഒഴിവാക്കാന്‍ തയ്യാറെടുക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജീവനക്കാര്‍ക്ക് കഴിവോ ആത്മാര്‍ത്ഥതയോ ഇല്ലാത്തതു കൊണ്ടല്ല ഇങ്ങനെയൊരു തീരുമാനമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഗെയിമിങ് വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ പ്രതിസന്ധി നേരിടുകയാണെന്നും ആശ ശര്‍മ സമ്മതിക്കുന്നു. എക്‌സ്‌ബോക്‌സിനെ പുനഃസംഘടിപ്പിക്കുന്തനിന്റെ ഭാഗമായാണ് തീരുമാനം.
മൈക്രോസോഫ്റ്റിന്റെ എഐ അധിഷ്ഠിത പിരിച്ചുവിടലിന്റെ ഭാഗമായി തന്നെയാണ് എക്‌സ്‌ബോക്‌സിന്റെയും നടപടി. എഐയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 4800 ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്.
അതേസമയം, മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഹെലന്‍ ചിയാങ്ങിനെ എക്‌സ്‌ബോക്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ഉയര്‍ത്തിയതായും ആശ ശര്‍മ അറിയിച്ചു. പുതിയ മാറ്റങ്ങള്‍ എക്‌സ്‌ബോക്‌സിനെ വലിയ കമ്പനിയാക്കി മാറ്റുമെന്നാണ് പ്രതീക്ഷ.