ഫുട്ബോൾ ചരിത്രത്തിൽ ചില സ്‌ട്രൈക്കർമാർ ഗോളടിക്കുക മാത്രമല്ല, ഗോള്‍ സ്കോര്‍ ചെയ്യുന്നതിനെ ഒരു കലാരൂപമാക്കി മാറ്റും. അത്തരമൊരു താരമാണ് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. ഇരു കാലുകൊണ്ടും, ബുള്ളറ്റ് പായുന്ന കണക്കേ ഗോളടിക്കാന്‍ മികവുള്ള അസാമാന്യ പ്രതിഭ. എതിരാളിയുടെ ഏതൊരു പ്രതിരോധത്തെയും നിസാരമാക്കുന്ന ഫിനിഷിങ്. അലസമായ നീളന്‍ മുടി, ചെറിയ പുഞ്ചിരി... ഗോള്‍ നേടിയശേഷം ഒരു കുരിശ് വരയും. ആരാധകര്‍ സ്നേഹത്തോടെ 'ബാറ്റിഗോള്‍' എന്ന് വിളിച്ച ഇതിഹാസതാരം. അർജന്റീനയുടെ നീല, വെള്ള ജേഴ്സിയിൽ അനവധി ഓർമകൾ സമ്മാനിച്ച ബാറ്റിക്ക് ലോകകപ്പില്‍ അപൂർവ റെക്കോഡുമുണ്ട്.