സ്‌നാപ് മാപ്പിന് സമാനമായി ഇനി ഫ്രണ്ട് മാപ്പ്; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം

ലൊക്കേഷന്‍ അടിസ്ഥാനമാക്കി ഒരു മാപ്പിൽ ടെക്‌സ്റ്റ്, വീഡിയോ അപ്‌ഡേറ്റുകൾ തുടങ്ങിയവ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറാണ് ഇന്‍സ്റ്റ, ഫ്രണ്ട് മാപ്പിലൂടെ പരീക്ഷിക്കുന്നത്.
സ്‌നാപ് മാപ്പിന് സമാനമായി ഇനി ഫ്രണ്ട് മാപ്പ്; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
Published on
Updated on

മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഫീച്ചറുകൾ അഡാപ്റ്റ് ചെയ്യുന്ന പരിപാടി ഇൻസ്റ്റ​ഗ്രാം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്‌നാപ്‌ചാറ്റിൽ നിന്ന് നേരത്തെ സ്റ്റോറീസും, ടിക് ടോക്കിന് സമാനമായി റീൽസ് ഫീച്ചറും, ട്വിറ്ററിന് സമാനമായി ത്രഡ്‌സും എല്ലാം അവതരിപ്പിച്ചത് നേരത്തെ കണ്ടതാണ്. എന്നാൽ, ഇപ്പോൾ സ്‌നാപ്‌ചാറ്റിന് സമാനമായ മറ്റൊരു ഫീച്ച‍ർ കൂടി രംഗത്തിറക്കാൻ ഒരുങ്ങിയിരിക്കുകയാണ് മെറ്റ. പുതിയ ഫീച്ചറിന് ഫ്രണ്ട് മാപ്പ് എന്നാണ് ഇൻസ്റ്റ​ഗ്രാം പേരിട്ടിരിക്കുന്നത്.

മാപ്പുകളിലേക്ക് സ്‌നാപ് ഉൾപ്പെടുത്തുക, മാപ്പ് ഉപയോ​ഗിച്ച് ഫ്രണ്ട്സിനെയും സ്ഥലങ്ങളെയും കണ്ടെത്തുക തുടങ്ങിയ ഫീച്ചറുകൾ ഉള്ള സ്‌നാപ് മാപ്പ് ഫീച്ചർ, സ്‌നാപ് ചാറ്റ് ഉപഭോക്താക്കൾക്ക് പരിചിതമാണ്. 2017ലാണ് ഇത്തരമൊരു ഫീച്ചർ സ്‌നാപ്‌ചാറ്റ് കൊണ്ടുവരുന്നത്. അതിന് സമാനമായി ലൊക്കേഷന്‍ അടിസ്ഥാനമാക്കി ഒരു മാപ്പിൽ ടെക്‌സ്റ്റ്, വീഡിയോ അപ്‌ഡേറ്റുകൾ തുടങ്ങിയവ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറാണ് ഇന്‍സ്റ്റ, ഫ്രണ്ട് മാപ്പിലൂടെ പരീക്ഷിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാൻ കൂടി സാധിക്കുന്ന രീതിയിലാണ് ഫ്രണ്ട് മാപ്പിൻ്റെ വിഭാവനം. പരീക്ഷണ ഘട്ടത്തിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുക.

എന്നാൽ, ഈ ഫീച്ചറിനെ പറ്റിയുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെ വിമർശനങ്ങളുടെ ഒരു പ്രവാഹം തന്നെയാണ് ഇൻസ്റ്റയ്ക്ക് ലഭിക്കുന്നത്. പോസ്റ്റ് ചെയ്യുന്ന ആളിന്‍റെ ലൊക്കേഷന്‍ ഇത്തരത്തിൽ വെളിപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയാണ് ഉപഭോക്താക്കളിൽ കൂടുതൽ പേരും പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ, ക്ലോസ് ഫ്രണ്ട്‌സിനും മറ്റ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും മാത്രം ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിൽ കൂടുതല്‍ പ്രൈവസി സെറ്റിംഗ്, ഫ്രണ്ട് മാപ്പിൽ ഇന്‍സ്റ്റഗ്രാം കൊണ്ടുവന്നേക്കും.

വിമർശനങ്ങളോട് എന്തായാലും ഇൻസ്റ്റഗ്രാം വക്താക്കൾക്ക് ഒരു മറുപടിയുണ്ട്... സുരക്ഷ മുൻനിർത്തിയേ ഇൻസ്റ്റഗ്രാം എപ്പോഴും ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ളൂ, സുരക്ഷയാണ് നമ്മുടെ മെയിൻ... എന്നാണ് ഇൻസ്റ്റ പറയുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com