വായിക്കാം... പുസ്തകങ്ങളെയല്ല മനുഷ്യരെ; അറിയാം 'മനുഷ്യ ലൈബ്രറി'യെക്കുറിച്ച്

മനുഷ്യ ലൈബ്രറിയിൽ പുസ്തകങ്ങൾക്ക് പകരം കഥ പറയാൻ മനുഷ്യരെയാണ് കടം കൊടുക്കുന്നത്. ഇവരെ 'മനുഷ്യ പുസ്കങ്ങള്‍' എന്നാണ് വിളിക്കുക
വായിക്കാം... പുസ്തകങ്ങളെയല്ല മനുഷ്യരെ; അറിയാം 'മനുഷ്യ ലൈബ്രറി'യെക്കുറിച്ച്
Published on

'ഹ്യൂമൻ ലൈബ്രറി' എന്ന് കേട്ടിട്ടുണ്ടോ? അതായത്, പുസ്‌തകം വായിക്കുന്നതിന് പകരം ഒരു വ്യക്തി തന്നെ നമുക്ക് മുന്നിലെത്തി നേരിട്ട് കഥ പറഞ്ഞ് തരും. അതെ, മനുഷ്യ ലൈബ്രറിയിൽ പുസ്തകങ്ങൾക്ക് പകരം കഥ പറയാൻ മനുഷ്യരെയാണ് കടം കൊടുക്കുന്നത്. ഇവരെ 'മനുഷ്യ പുസ്തകങ്ങള്‍' എന്നാണ് വിളിക്കുക.

ഡെന്മാർക്കിലാണ് ആദ്യമായി ഹ്യൂമൻ ലൈബ്രറി ആരംഭിക്കുന്നത്. മനുഷ്യരുടെ മുൻവിധികളെപ്പറ്റി മറ്റുള്ള മനുഷ്യരുമായി സംസാരിക്കുക. ഈ മനുഷ്യ ലൈബ്രറിയിലുള്ള മനുഷ്യ പുസ്തകങ്ങൾക്ക് ഒട്ടേറെ ജീവിതാനുഭവങ്ങൾ ഉണ്ടാകും. അതെല്ലാം ഇവരെ തേടി വരുന്നവർക്ക് പകർന്ന് കൊടുക്കുക, അറിവ് പങ്കുവെക്കുക ഇതെല്ലാമാണ് മനുഷ്യ പുസ്തകങ്ങൾ ചെയ്യുക. ഇപ്പോൾ 80ലേറെ രാജ്യങ്ങളിൽ മനുഷ്യ ലൈബ്രറികൾ സ്ഥിരമായല്ലെങ്കിലും പ്രവർത്തിക്കുന്നുണ്ട്.

നിങ്ങൾക്കിവിടെ പലതരത്തിലുള്ള ആൾക്കാരെ കടം വാങ്ങിക്കാം. ഓട്ടിസം ഉള്ള വ്യക്തികളെ, അഭയാർഥിയായി ജീവിക്കുന്നവരെ, ട്രാൻജെൻഡറുകളെ, വീടില്ലാത്ത വ്യക്തികളെ, അങ്ങനെ അനുഭവ സമ്പത്തുള്ള ഒട്ടേറെ പേരെ നമുക്കവിടെ കാണുവാനും സംസാരിക്കുവാനും സാധിക്കും. നമുക്ക് അവരുടെ അടുത്ത് സംസാരിക്കാം ചോദ്യങ്ങൾ ചോദിക്കാം, ചിരിക്കാം, കരയാം... പലതും തുറന്ന് ചർച്ച ചെയ്യാം.

“സ്റ്റോപ് വയലൻസ്“ എന്ന സംഘടനയുടെ സ്ഥാപകൻ ഡാനി അബർഗൽ ആണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെക്കുന്നത്. യുവാക്കളുടെ ഇടയിലുള്ള അക്രമ വാസന നശിപ്പിക്കാൻ ചർച്ചകളും സംസാരങ്ങളും ഉപകാരപ്പെടുമെന്ന് സ്റ്റോപ്പ് വയലൻസ് എന്ന സംഘടന കണ്ടെത്തുകയും, യൂറോപ്പിലെ ഏറ്റവും വലിയ സംഗീതമേളയായ റോസ്‌കിൽഡ്‌ ഫെസ്റ്റിവലിൽ എത്തുന്ന സന്ദർശകർക്കിടയിൽ ആദ്യമായി പരീക്ഷിക്കുകയും ചെയ്തു. ഈ പരീക്ഷണത്തിൽ നാല് ദിവസങ്ങളിലായി 1000 പേരാണ് പങ്കെടുത്തത്.

പിന്നീട് 2003ലാണ് മനുഷ്യ ലൈബ്രറി സംഘടിപ്പിച്ചത്. അതിനു ശേഷം 2006ൽ ഓസ്‌ട്രേലിയയിലെ ലിസ്മോറിൽ ആദ്യത്തെ സ്ഥിര മനുഷ്യ ലൈബ്രറി സ്ഥാപിച്ചു. 2019ഓടെ 70ലധികം രാജ്യങ്ങളിൽ ഇത്തരത്തിൽ മനുഷ്യ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇന്ത്യയിലുമുണ്ട് ഇത്തരത്തിലുള്ള ' മനുഷ്യ ലൈബ്രറികള്‍'. 2016 ലാണ് ഇന്ത്യയിൽ ആത്യമായി ഹ്യൂമൻ ലൈബ്രറി മൂവ്മെന്റ് വരുന്നത്. നിലവിൽ ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ സ്ഥലങ്ങളിൽ ഹ്യൂമൻ ലൈബ്രറികളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com