നിലവിൽ പത്തു ശതമാനം മാത്രം ആളുകളാണ് ട്രംപിന്റെ പേര് ലേബൽ ചെയ്തിട്ടുള്ള 147 സ്വർണ, വജ്ര നിർമിത വാച്ചുകൾക്കു വേണ്ടിയുള്ള ഓർഡർ ചെയ്തിട്ടുള്ളതെന്നു വാച്ചു നിർമാണ കമ്പനിയായ മോൺട്രിചാർഡ് നിയമിച്ച വിപണി വിദഗ്ധൻ ഡേവിഡ് ഗൗട് അഭിപ്രായപ്പെട്ടത്.
യു എസ് വൈറ്റ് ഹൗസിൽ തന്റെ രണ്ടാമൂഴത്തിന് തയ്യാറെടുക്കുന്ന ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവും വീണ്ടും മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്. തന്റെ പേര് ഉപയോഗിച്ചുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ലൈസൻസ് നൽകി ആഗോളവിപണിയിൽ വൻ വിലയിൽ അവതരിപ്പിക്കുന്നത് ട്രംപിന്റെ സ്ഥിരം രീതിയാണ്. ട്രംപ് ഗിറ്റാർസ്, സ്റ്റീക്സ് , സ്നീകേർസ്, ഫോട്ടോ ബുക്ക്സ് അങ്ങനെ പോകുന്നു നിയുക്ത പ്രസിഡന്റിന്റെ സംരംഭങ്ങളുടെ നീണ്ട നിര.
ട്രംപിന്റെ ആഡംബരഭ്രമവും പേര് കേട്ടതായതു കൊണ്ട് തന്നെ ഈ വർഷം സെപ്റ്റംബറിൽ 'ട്രംപ് വാച്ചുകൾ' വിപണിയിൽ ആദ്യമായി കൊണ്ടുവന്നപ്പോൾ വലിയ അതിശയമൊന്നും ആർക്കും തോന്നിയില്ല. പക്ഷെ ഏറെ പ്രതീക്ഷയോടെ പതിനായിരം ഡോളറിന് വിപണിയിൽ അവതരിപ്പിച്ച വാച്ചുകൾ' വാങ്ങുവാൻ ആവശ്യക്കാരില്ല. നിലവിൽ പത്തു ശതമാനം മാത്രം ആളുകളാണ് ട്രംപിന്റെ പേര് ലേബൽ ചെയ്തിട്ടുള്ള 147 സ്വർണ, വജ്ര നിർമിത വാച്ചുകൾ ഓർഡർ ചെയ്തിട്ടുള്ളതെന്നു വാച്ച് നിർമാണ കമ്പനിയായ മോൺട്രി ചാർഡ് നിയമിച്ച വിപണി വിദഗ്ധൻ ഡേവിഡ് ഗൗട് അഭിപ്രായപ്പെട്ടത്.
സ്വിസ് വാച്ചുകൾ എന്ന പേരിൽ വിൽക്കപ്പെടുന്ന ഇവ ശരിക്കും സ്വിറ്റ്സർലൻഡ് നിർമിത വാച്ചുകളാണോ എന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. ടൂർബില്ലൺ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വാച്ചുകൾ പ്രവർത്തിപ്പിക്കുന്നത്. ഒരു വാച്ചിന് പതിനായിരം ഡോളർ കുറച്ചധികം കൂടുതലാണെന്നുള്ള വാദം ഉപഭോകതാക്കളുടെ ഇടയിൽ നിലനിന്നിരുന്നു. സ്വിസ് വാച്ചുകൾ എന്ന പേരിട്ട് കൊണ്ട് ആളുകളെ കബളിപ്പിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു.
പക്ഷെ വാച്ചു നിർമിക്കുവാൻ ആവശ്യമുള്ള സാധനങ്ങളുടെ ചെലവ് ഏകദേശം 25 ,000 ഡോളർ വരുമെന്നും വ്യാപാര വിപണിയിലെ വിലയനുസരിച്ചുള്ള കൃത്യമായ മൂല്യമാണ് 10 ,000 ഡോളർ എന്ന വാദമാണ് ഡേവിഡ് ഗൗട് മുന്നോട്ട് വെച്ചത്. എല്ലാവർക്കും വാങ്ങാൻ സാധിക്കുന്ന ഒന്നല്ല ഈ ട്രംപ് വാച്ചുകൾ. വാങ്ങുന്നതിന് മുന്നോടിയായി ഉപഭോക്താക്കൾ തങ്ങളുടെ പാസ്പോർട്ട് അയച്ചുകൊടുക്കേണ്ടതാണ്. തീവ്രവാദ സംഘടനയുമായി ബന്ധവുമുള്ളവരല്ല വാച്ച് വാങ്ങുന്നവർ എന്ന് ഉറപ്പുവരുത്തുവാനാണ് ഇത് ചെയ്യുന്നതെന്നും ഗൗട് കൂട്ടിച്ചേർത്തു.
സ്വിറ്റ്സർലൻഡ്, ഏഷ്യ, യുഎസ് എന്നീ സ്ഥലങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാച്ച് നിർമാണ കമ്പനി മോൺട്രിചാർഡ് ആണ് ട്രംപിന്റെ വിലകൂടിയ വാച്ചുകളുടെ നിർമാതാക്കൾ. BestWatchesonEarth LLC എന്ന കമ്പനിയാണ് വാച്ചുകൾ വിൽക്കുന്നത്. നിലവിൽ ട്രംപ് ടൂർബില്ലൺ വാച്ചുകൾ സാധാരണക്കാർക്കും ലഭ്യമാക്കുവാൻ വേണ്ടി ക്രിപ്റ്റോ പ്രസിഡന്റ് , ഫൈറ്റർ തുടങ്ങിയ പേരുകളിൽ വില കുറഞ്ഞ മോഡലുകളും മോൺട്രിചാർഡ് നിർമിക്കുന്നുണ്ട്. gettrumpwatches.com എന്ന സൈറ്റിലൂടെ ട്രംപ് ടൂർബില്ലൺ വാച്ചുകൾ വാങ്ങുവാൻ സാധിക്കുന്നതാണ് .