ഇക്കാര്യത്തില്‍ ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്.
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടന 'അമ്മ'യുടെ തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് നീക്കം. ലൈംഗികാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച സിദ്ദീഖിന് പകരം വനിത അംഗത്തെ ജനറല്‍ സെക്രട്ടറി ആക്കാനുള്ള നീക്കം സംഘടനയിലെ ഒരു വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. വൈസ് പ്രസിഡന്‍റായ നടന്‍ ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും ഒരു വിഭാഗം വാദം ഉന്നയിക്കും. എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെങ്കില്‍ സംഘടനയുടെ ബൈലോയില്‍ കാര്യമായ ഭേദഗതി ആവശ്യമാണ്. ഇതിനായി അടിയന്തര ജനറല്‍ ബോഡി യോഗം ചേരണമെന്ന ആവശ്യവും ശക്തമാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഓരോ ദിവസവും പുറത്തുവരികയാണ്. നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, അഡ്വ. ചന്ദ്രശേഖരന്‍ വി.എസ്, വിച്ചു എന്നിവര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍ രംഗത്തെത്തിയാണ് ഒടുവിലത്തെ സംഭവം.
നടി രേവതി സമ്പത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവെച്ചിരുന്നു. സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസവും നടി ആവര്‍ത്തിച്ചിരുന്നു. സമാനമായ അനുഭവം പല സുഹൃത്തുക്കള്‍ക്കും ഉണ്ടായതായി നടി പറഞ്ഞിരുന്നു. 2019 ലാണ് നടി ഇക്കാര്യം ആദ്യമായി വെളുപ്പെടുത്തിയത്. പിന്നാലെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളുപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്തും ഒഴിയേണ്ടി വന്നിരുന്നു.നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെയും മീ ടൂ ആരോപണം ഉയർന്നിരുന്നു. സിനിമാ രംഗത്തു നിന്ന് ഇനിയും പരാതികൾ ഉയരുമെന്നാണ് സൂചന.
ALSO READ : ഇത് ട്രെയ്‌ലര്‍ മാത്രം; ആണഹന്തകളുടെ മുട്ടുകാലൊടിക്കാന്‍ പ്രാപ്തിയുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.മുഖ്യമന്ത്രി ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. അന്വേഷണത്തിൻ്റെ ആദ്യ ഘട്ടത്തില്‍ ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. ഇവര്‍ പരാതി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തും. ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. നാല് വനിത ഐപിഎസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.