ഇതിനെല്ലാം 2017ല്‍ ഒരു നടി സമാനതകളില്ലാത്തവിധം ആക്രമിക്കപ്പെടേണ്ടിവന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരമായ വസ്തുത.
"ഇതെഴുതുമ്പോള്‍ ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ, എഴുതാതെ വയ്യ. ചില അപ്രിയസത്യങ്ങള്‍ ചിലപ്പോഴൊക്കെ നമുക്ക് പറയേണ്ടിവരും. വായനക്കാരും മരിച്ചുമണ്ണടിഞ്ഞ കലാകാരനും എനിക്ക് മാപ്പ് നല്‍കട്ടെ. എനിക്ക് സിനിമയില്‍ ആരെപ്പറ്റിയെങ്കിലും നല്ലതല്ലാത്ത ഒരു അഭിപ്രായമുള്ളത് അടൂര്‍ ഭാസിയെക്കുറിച്ച് മാത്രമാണ്. മരിച്ചുപോയി. പറയാന്‍ പാടില്ലാത്തതാണ്. എന്നാല്‍പ്പോലും പറയാതെ വയ്യ " - നടന്‍ അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് അന്തരിച്ച നടി കെ.പി.എ.സി ലളിത ആത്മകഥയില്‍ പറയുന്ന വാചകമാണിത്. മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ലളിതയുടെ വാക്കുകള്‍. ഇക്കാര്യം ഹേമ കമ്മിറ്റി അംഗവും മുതിര്‍ന്ന നടിയുമായ ശാരദയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ലെന്നാണ് ശാരദയുടെ തുറന്നുപറച്ചില്‍. ഇതെല്ലാം രഹസ്യമായും പരസ്യമായുമൊക്കെ പലപ്പോഴായി പറഞ്ഞുകേട്ടിരുന്നതാണ്. എന്നാല്‍ ഇത്തരം 'വിവാദ പ്രസ്താവനകള്‍'ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഒരു ഔദ്യോഗിക സ്വഭാവം കൈവന്നിരിക്കുന്നു. പതിവ് പൈങ്കിളി കഥകള്‍ക്കപ്പുറം, ചിലരുടെ നേരനുഭവങ്ങള്‍ സാക്ഷ്യങ്ങളായി രേഖപ്പെടുത്തപ്പെട്ടു. സര്‍ക്കാര്‍ നിയോഗിച്ചൊരു സമിതിയും കോടതി ഇടപെടലുമൊക്കെ അതിന് വേഗം പകര്‍ന്നു.
ഇതിനെല്ലാം 2017ല്‍ ഒരു നടി സമാനതകളില്ലാത്തവിധം ആക്രമിക്കപ്പെടേണ്ടിവന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരമായ വസ്തുത. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ പ്രതി ക്വട്ടേഷന്‍ കൊടുക്കുന്ന സംഭവം ഇതിന് മുന്‍പോ ശേഷമോ കേട്ടിട്ടില്ല. ആ സംഭവത്തോടെ മലയാള സിനിമ വ്യവസായത്തിന്റെ പൊയ്മുഖം അപ്പാടെ അഴിഞ്ഞുവീണു. നേരിട്ട അതിക്രമം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുപറയാന്‍ നടി തയ്യാറായി. അതിജീവിതയക്ക് പിന്തുണയുമായി നിരവധിപ്പേര്‍ മുന്നോട്ടുവന്നു. പ്രതിഷേധം പുതിയ ഭാവം പൂണ്ടു. അതിനിടെ, നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ അഭിനേതാക്കളുടെ സംഘടന AMMA പ്രതിഷേധയോഗം സംഘടിപ്പിച്ചു. കേസില്‍ പിന്നീട് പ്രതിയാക്കപ്പെട്ട നടന്‍ ദിലീപ് ഉള്‍പ്പെടെ നടന്മാരായിരുന്നു പരിപാടിയുടെ മുന്‍നിരയിലുണ്ടായിരുന്നത്. പള്‍സര്‍ സുനിയുടെ മൊഴിയുടെ ചുവടുപിടിച്ചെത്തിയ അന്വേഷണം ഒടുവില്‍ ദിലീപിന്‍റെ അറസ്റ്റിലേക്കും ജയില്‍വാസത്തിനും കാരണമായി. മലയാള സിനിമയില്‍ ഒരു സ്ത്രീ നേരിട്ട സമാനതകളില്ലാത്ത അതിക്രമത്തില്‍ ഇന്‍ഡസ്ട്രിക്കുള്ളില്‍ നിന്ന് തന്നെ ഒരു 'പ്രമുഖന്‍' പിടിയിലാകുന്നത് ആദ്യമായിരുന്നു.
പാളയത്തില്‍ പടവെട്ടി തുടങ്ങിയതോടെ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നിലനില്‍ക്കുന്ന AMMAയുടെ നിലപാടിന് അധികം ആയുസ് ഉണ്ടായില്ല. സംഘടനയുടെ ഔദ്യോഗിക പദവിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കി. പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളുടെ സമ്മര്‍ദം ഇവിടെ യഥാര്‍ത്ഥത്തില്‍ ഫലം കാണുകയായിരുന്നു. സംഘടന സംഭവത്തിലുടനീളം സ്വീകരിച്ച ഇരട്ട നിലപാടില്‍ പ്രതിഷേധിച്ചും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് മലയാള സിനിമയിലെ സ്ത്രീകള്‍ 'വുമണ്‍ ഇന്‍ സിനിമ കളക്ടീവ്' എന്ന പേരില്‍ സംഘടിത ശക്തിയായി മാറി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടും മാധ്യമങ്ങളുമായി സംവദിച്ചും വിഷയത്തിന്‍റെ ഗൗരവം പൊതുസമൂഹത്തിന് മുന്നില്‍ നിരന്തരം ചര്‍ച്ചയാക്കി.
2017 ഒക്ടോബര്‍ 3ന് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങി. സിനിമയിലെ നായകന്റെ ഇന്‍ട്രോ സീനുകളെപ്പോലും തോല്‍പ്പിക്കും വിധമായിരുന്നു കാക്കനാട് സബ് ജയിലിന് മുന്നില്‍ ദിലീപിന് അന്ന് കിട്ടിയത്. ജയില്‍വാസത്തിനിടെ ദിലീപിനെ ജയിലിലെത്തി കണ്ടവരും, പിന്തുണ പ്രഖ്യാപിച്ചവരും ഏറെയുണ്ടായിരുന്നു. അവരും ആരാധകരുമൊക്കെ ജയില്‍മോചിതനായ നടനെ വരവേല്‍ക്കാന്‍ തിരക്കുക്കൂട്ടി. ഇക്കാലയളവില്‍ അതിജീവിതയായ നടി നേരിട്ടതാകട്ടെ, ഭീകരമായ സൈബര്‍ ആക്രമണവും. സിനിമയില്‍ വീണ്ടും സജീവമായതോടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം AMMAയില്‍ വീണ്ടും സജീവമായി. കുറ്റാരോപിതന്‍ എന്ന ആനുകൂല്യം മുന്‍നിര്‍ത്തിയുള്ള ഈ നീക്കത്തിന് സംഘടനയില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായി. അവസാനം, ഇനി സംഘടനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ദിലീപ് സ്വയം തലയൂരി. വിചാരണയും തെളിവുകളുടെ ശാസ്ത്രീയ പരിശോധനകളുമൊക്കെയായി കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
'അവള്‍ക്കൊപ്പം' എന്ന നിലപാടില്‍ നിന്ന് AMMA വ്യതിചലിച്ചെങ്കിലും ഡബ്ല്യൂസിസി തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റി എന്ന പേരില്‍ ഒരു സംവിധാനം കേരള സര്‍ക്കാര്‍ രൂപീകരിച്ചു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ സ്വഭാവം അറിയാൻ അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി അഭിമുഖം നടത്തി. തങ്ങളുടെ പേരുകൾ പുറത്തുവിടരുതെന്ന വ്യവസ്ഥയിൽ നിരവധി സ്ത്രീകൾ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കമ്മിറ്റിയോട് തുറന്നുപറഞ്ഞു. വേതനത്തിലെ സ്ത്രീ-പുരുഷ വേർതിരിവ്, ലഭിക്കുന്ന അടിസ്ഥാനസൗകര്യങ്ങളിൽ പോലും ഉണ്ടാകുന്ന വിവേചനം, പരാതി പരിഹാരത്തിനുള്ള വേദിയില്ലാത്തതിന്റെ പ്രശ്നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളിൽ തുറന്നുപറച്ചിലുകളുണ്ടായി.
ALSO READ : ലൈംഗികാരോപണം; സിദ്ധിഖ് AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു
2019 ഡിസംബര്‍ 31ന് ഹേമ കമ്മിറ്റി 300 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. പക്ഷേ, കമ്മിറ്റി രൂപൂകരിക്കാനുണ്ടായ ആവേശം അതിലെ വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉണ്ടായില്ല. റിപ്പോർട്ട് പുറത്തുവന്നാൽ സിനിമാ മേഖലയിലെ പല വമ്പൻമാരുടെയും പ്രതിഛായ പൊതുസമൂഹത്തിനു മുന്നിൽ തകരുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അതിലുള്ളതെന്നും സൂചനകളുയർന്നു. അതുതന്നെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ മടിക്കുന്നതിന് കാരണമെന്നും ആക്ഷേപമുണ്ടായി. നാലര വര്‍ഷം കോള്‍ഡ് സ്റ്റോറേജില്‍ ഇരുന്ന ശേഷം വിവരാവകാശ കമ്മീഷന്‍റെയും ഹൈക്കോടതിയുടെയും ഇടപെടല്‍ മൂലം ഓഗസ്റ്റ് 19ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇരകളുടെ സ്വകാര്യതയെ ബാധിക്കുന്ന പേരുകളും അനുബന്ധ വിവരങ്ങളും ഒഴിവാക്കി കൊണ്ടുള്ള റിപ്പോര്‍ട്ടിനെ അതീവ ലാഘവത്തോടെയാണ് AMMAയും മറ്റ് സിനിമ സംഘടനകളും നേരിട്ടത്. 'പഠിക്കട്ടെ, വായിക്കട്ടെ' എന്നൊക്കെയുള്ള ഒഴുക്കന്‍ മട്ടിലുള്ള അമ്മ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. തനിക്ക് ഇതുവരെ അത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടില്ല, റിപ്പോര്‍ട്ടില്‍ പറയും പോലെ ഒന്നും മലയാള സിനിമയിലില്ലെന്ന എക്സിക്യൂട്ടിവ് കമ്മറ്റി അംഗം ജോമോളുടെ പ്രതികരണവും വിമര്‍ശിക്കപ്പെട്ടു. AMMAയുടെ പ്രതികരണം വൈകിപ്പോയി എന്ന അഭിപ്രായം ശക്തിപ്പെട്ടതിനുശേഷമായിരുന്നു സിദ്ദീഖ് മാധ്യമങ്ങളെ കാണാന്‍ തയാറായത്.
പക്ഷേ, സംഘടനയുടെ അഭിപ്രായത്തിന് ഒരു ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാത്രമായി അത് മാറുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. വൈസ് പ്രസിഡന്‍റ് ജഗദീഷും സംഘടനയിലെ ആജീവനാന്ത അംഗവുമായ ഉര്‍വശി ഉള്‍പ്പെടെ സംഘടനാ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ രംഗത്തുവന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയ്ക്കുള്ളിലെ ഭിന്നത പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും സിദ്ദീഖിനെതിരെ ലൈംഗിക പീഡനാരോപണം പുറത്തുവന്നു. ദിലീപിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ സംരക്ഷിക്കാനെത്തിയ ആരും തന്നെ സിദ്ദീഖിനെ പിന്തുണയ്ക്കാനും എത്തിയില്ല. ഒടുവില്‍ ധാര്‍മികതയുടെ പേരില്‍ എന്ന വിശദീകരണത്തോടെ സിദ്ദീഖ് സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. പിന്നാലെ ഒന്നിനു പിറകെ ഒന്നായി, മറ്റു നടന്മാര്‍ക്കെതിരെയും ആരോപണങ്ങള്‍ പുറത്തുവന്നു തുടങ്ങി. പഴയ ചില ആരോപണങ്ങളും പരാതികളുമൊക്കെ വീണ്ടും ചര്‍ച്ചയായി. അതിജീവിതമാര്‍ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.
ALSO READ : ജഗദീഷ്-സിദ്ദീഖ്: നിലപാടുകളിലെ അന്തരം; വാക്കേറ്റത്തിന് നീണ്ട ചരിത്രം
ഇത്തരം ആരോപണങ്ങളും പരാതികളും വെളിപ്പെടുത്തലുകളുമൊക്കെ വ്യക്തമാക്കുന്നൊരു കാര്യമുണ്ട്, ഒരിക്കലും ഇരയ്ക്കൊപ്പമായിരുന്നില്ല ഒരു സംഘടനയും. 2018ല്‍ നടന്‍ അലൻസിയർക്ക് എതിരെ നടി ദിവ്യ ഗോപിനാഥ് നടത്തിയ മീടൂ ആരോപണത്തില്‍ AMMAയുടെ അന്വേഷണം ഇതുവരെ അവസാനിച്ചിട്ടില്ല. പരാതി ലഭിച്ചതായോ പരിഗണിച്ചതായോ ഒരു മറുപടിയോ, നടപടിയില്‍ ഉറപ്പോ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരി കഴിഞ്ഞദിവസം പ്രതികരിച്ചത്.
2022ല്‍ നടന്‍ വിജയ് ബാബുവിനെതിരായ യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിലും ആരോപണ വിധേയനൊപ്പമായിരുന്നു AMMA. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സംഘടനയില്‍ നിന്നുതന്നെ ആവശ്യമുയർന്നിട്ടും, സ്വയം മാറിനില്‍ക്കട്ടെ എന്നായിരുന്നു സംഘടനാ നിലപാട്. AMMA ഒരു ക്ലബ് മാത്രമാണെന്നായിരുന്നു അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. ഒടുവില്‍ ഭരണസമിതിയില്‍ നിന്ന് വിജയ് ബാബു സ്വയം ഒഴിഞ്ഞു.
മുകേഷിനെതിരെയും മീടൂ ആരോപണമുണ്ടായിരുന്നു. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ യുവതി 19 വർഷം മുന്‍പ് ഇരുപതാം വയസില്‍ മുകേഷില്‍ നിന്ന് നേരിട്ട അതിക്രമം വെളിപ്പെടുത്തിയപ്പോള്‍, അങ്ങനെയൊരു സംഭവം ഓർമയില്ലെന്നായിരുന്നു മുകേഷിന്‍റെ പ്രതികരണം. പരാതിക്ക് വ്യക്തതയില്ല എന്നായിരുന്നു സംഭവത്തില്‍ AMMA സ്വീകരിച്ച നിലപാട്. ഇതേ മുകേഷാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും സിദ്ദീഖിനെതിരായ പരാതിയെയും കുറിച്ചുള്ള ചോദ്യങ്ങളോട് തന്നോട് ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്ന് യാതൊരു സങ്കോചവുമില്ലാതെ പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സെന്‍സര്‍ ചെയ്ത പതിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യത മാനിച്ച് മൊഴി നല്‍കിയവരുടെ പേരുവിവരങ്ങളോ, തെളിവുകളോ പുറത്തുവിട്ടിട്ടില്ല. ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ തന്നെ ആണഹങ്കാരങ്ങളില്‍ കെട്ടിപ്പൊക്കിയ സിംഹാസനങ്ങള്‍ക്കും, പ്രതിച്ഛായയ്ക്കുമെല്ലാം പതുക്കെ ഇളക്കം തട്ടിക്കൊണ്ടിരിക്കുന്നു. ജഗദീഷ് പറഞ്ഞതുപോലെ, ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഇരകളുടെ പേരുകള്‍ മറച്ചുവെച്ചുകൊണ്ട്, വേട്ടക്കാരുടെ പേരുകള്‍ കൂടി പുറത്തുവരണം. പ്രമുഖരെന്നതിനുപകരം വേട്ടക്കാരുടെ പേരുകളും, അവരുടെ ചെയ്തികളുടെ തെളിവുകളും പുറത്തുവരണം. അവര്‍ക്കെതിരെ നടപടികളുമുണ്ടാകണം. അതിനുള്ള ആര്‍ജവം സര്‍ക്കാരും നിയമ സംവിധാനങ്ങളും കാണിച്ചാല്‍, ഇത്ര കാലത്തിനിടെ കെട്ടിപ്പൊക്കിയ കെട്ടുക്കാഴ്ചകളെല്ലാം ഓരോന്നോരായി തകര്‍ന്നുവീഴുമെന്ന് തീര്‍ച്ച. AMMA ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെയും, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെയുമൊക്കെ രാജി അതിനൊരു തുടക്കം മാത്രമാകും.