ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മലയാളത്തെ മാത്രമല്ല, മുഴുവന്‍ ഫിലിം ഇന്‍ഡസ്ട്രിയിലെയും സ്ത്രീകളെ ബാധിക്കുന്ന വിഷയം: ബീനാ പോള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍പേഴ്സന്‍റെ പ്രതികരണം.
ബീനാ പോള്‍
ബീനാ പോള്‍
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍പേഴ്സണും എഡിറ്ററുമായ ബീനാ പോള്‍. മലയാള സിനിമയെ മാത്രമല്ല, രാജ്യത്തെ എല്ലാ ഫിലിം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളെയും ബാധിക്കുന്ന വിഷയമാണിത്. മലയാള സിനിമയില്‍ ആദ്യമായി ഇങ്ങനെ ഒരു പഠനം നടന്നതുകൊണ്ട് വിവരങ്ങള്‍ പുറത്തുവന്നു. സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായി ബീനാ പോള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

"റിപ്പോര്‍ട്ട് പുറത്തുവന്നതിനെ ഡബ്ല്യൂസിസി സ്വാഗതം ചെയ്യുന്നു. സംഘടന ഉണ്ടായത് മുതല്‍ ഉയര്‍ത്തി കാണിക്കുന്ന വിഷയങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചെറിയ ചിലമാറ്റങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. മലയാള സിനിമയെ മാത്രമല്ല, രാജ്യത്തെ എല്ലാ ഫിലിം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളെയും ബാധിക്കുന്ന വിഷയമാണിത്. മലയാള സിനിമയില്‍ ആദ്യമായി ഇങ്ങനെ ഒരു പഠനം നടന്നതുകൊണ്ട് വിവരങ്ങള്‍ പുറത്തുവന്നു. സ്ത്രീകളെയും പുരുഷന്മാരെയും രണ്ട് തട്ടില്‍ കാണുന്ന സമീപനം ഇനിയും തുടരാന്‍ അനുവദിക്കരുത്"- ബീന പോള്‍ പറഞ്ഞു.

ഡബ്ല്യൂസിസിയിലെ സ്ഥാപക അംഗമായിരുന്ന വ്യക്തി സംഘടനയുടെ വാദങ്ങളെ എതിര്‍ക്കുന്ന തരത്തില്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയതിനോടും ബീനാ പോള്‍ പ്രതികരിച്ചു.

"മൊഴി നല്‍കിയ വ്യക്തിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവില്ല. എന്നാല്‍ മറ്റുള്ളവരുടെ അനുഭവം അങ്ങനെയാവണമെന്നില്ല. അതുകൊണ്ട് ഒരാളുടെ മാത്രം അഭിപ്രായം പരിഗണിച്ചുകൊണ്ട് നിഗമനത്തിലെത്താനാവില്ല. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് പലതും ചെയ്യാനാകും. അത് നടപ്പാക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്." ബീനാ പോള്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലര വര്‍ഷത്തിന് ശേഷം കടുത്ത നിയമപോരാട്ടത്തിലൂടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം, വിവേചനം, പീഡനങ്ങള്‍, ഭീഷണി തുടങ്ങി അടിമുടി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പ് സജീവമാണെന്നും ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നത് ഇവരാണെന്നും അടക്കമുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com