സിനിമാ മേഖലകളിലെ സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, ചൂഷണങ്ങള്‍ എന്നീ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഹേമ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാന്‍ ഹൈക്കോടതിയിൽ നടന്നത് തിരക്കിട്ട നീക്കങ്ങൾ. സുപ്രീം കോടതിയിൽ നിന്നും മണിക്കൂറുകൾക്കകം മുതിർന്ന അഭിഭാഷകരെ ഇറക്കി റിപ്പോർട്ടിനെ തടയാൻ ശ്രമിച്ചെങ്കിലും ഹൈക്കോടതി നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതോടെ നാലര വർഷത്തിനു ശേഷം ഹേമ കമ്മറ്റി റിപ്പോർട്ട് വെളിച്ചം കണ്ടു.
ALSO READ: സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ല; അടിവരയിട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ചത് കഴിഞ്ഞ ജൂലൈ 24നായിരുന്നു. ഇതിന് രണ്ട് ദിവസം മുൻപ് നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. സ്വകാര്യത ഉറപ്പാക്കി റിപ്പോർട്ട് പുറത്ത് വിടാൻ ജസ്റ്റിസ് വി. ജി അരുണ്‍ ആഗസ്റ്റ് 13ന് ഉത്തരവിട്ടു. ഇതിനായി ഏഴ് ദിവസത്തെ സമയവും കോടതി അനുവദിച്ചു. വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് ഹർജിക്കാരൻ തീരുമാനവുമെടുത്തു. തുടർന്ന്, കഴിഞ്ഞ ശനിയാഴ്ച 11 മണിക്ക് റിപ്പോർട്ട് പുറത്ത് വിടാമെന്ന് സർക്കാർ വീണ്ടും വ്യക്തമാക്കി. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ നടി രഞ്ജിനി അപ്രതീക്ഷിതമായി ഹൈക്കോടതിയിലെത്തി. റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.
ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് പുറത്തുവിടുന്നതിന് സ്റ്റേ അനുവദിച്ചില്ലെങ്കിലും സർക്കാർ പിന്നെയും വൈകിപ്പിച്ചു. ഇന്ന് രാവിലെ നടിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ചിലെത്തി. സജിമോൻ പാറയിലും അപ്പീലുമയി കോടതിയെ സമീപിച്ചു. രഞ്ജിനിയുടെ ഹർജി തള്ളിയ സിഗിംൾ ബെഞ്ചിനെ സമീപിക്കാൻ ഡിവിഷൻ ബഞ്ച് നിർദേശിച്ചു. സജിയുടെ ഹർജി ഡിവിഷൻ ബെഞ്ച് 21ലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ സർക്കാർ 2.30ന് റിപ്പോർട്ട് പുറത്തുവിടാൻ തീരുമാനിച്ചു. ഒരു മണിക്കൂറിനുള്ളിൽ നടിയുടെ അഭിഭാഷകൻ പുതിയ ഹർജിയുമായി സിംഗിൾ ബെഞ്ച് മുന്‍പാകെ എത്തി. സുപ്രീം കോടതിയിൽ നിന്നും മുതിർന്ന അഭിഭാഷകരെയും ഓണ്‍ ലൈനായി ഹാജരാക്കി. രണ്ട് മണിക്ക് ഹർജി പരിഗണനയ്‌ക്കെത്തിയപ്പോൾ റിപ്പോർട്ടിന് സ്റ്റേ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഹേമ കമ്മറ്റി റിപോർട്ട് സർക്കാർ പുറത്തുവിട്ടു. രഞ്ജിനിയുടെ ഹർജി ജസ്റ്റിസ് വി ജി അരുണ് 27 ന് പരിഗണിക്കാനായി മാറ്റുകയും ചെയ്തു.
ALSO READ: 'ഇനിയാണ് ഞങ്ങളുടെ ജോലി ആരംഭിക്കുന്നത്'; റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം: രേവതി
പുറത്ത് വന്ന റിപ്പോർട്ടില്‍ വ്യക്തികളുടെ പേരുകളില്ല. പക്ഷെ മലയാള സിനിമയിലെ പരസ്യമായ രഹസ്യങ്ങളുടെ ഔദ്യോഗികമായ രേഖയായി ഹേമ കമ്മിറ്റി റിപ്പോർട്ട്. സ്വകാര്യത മാനിച്ചാണ് മൊഴി നല്‍കിയവരുടെയും അതില്‍ പരാമർശിക്കപ്പെടുന്നവരുടെയും പേരുകള്‍ പുറത്തു വിടാതിരുന്നത്. എന്നാല്‍, റിപ്പോർട്ടില്‍ പരാമർശിക്കപ്പെടുന്ന അവസ്ഥ മലയാള സിനിമാ വ്യവസായ മേഖല എങ്ങനെയാണ് വനിതകളെ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുന്നു. സിനിമയില്‍ വരുന്ന സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളായാണ് പരിഗണിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രാഥമികമായ സൗകര്യങ്ങള്‍ പോലും സിനിമ സെറ്റുകളില്‍ ഒരുക്കുന്നില്ല എന്നതിൻ്റെ വിശദമായ വിവരങ്ങള്‍ റിപ്പോർട്ടില്‍ കാണാം. ഇത്തരത്തില്‍ വളരെ പ്രാധാന്യമുള്ള രേഖ പുറത്ത് വരുന്നതിലുണ്ടായ കാലതാമസം തന്നെ റിപ്പോർട്ടില്‍ പരാമർശിക്കുന്ന സിനിമയിലെ 'പവർ ഗ്രൂപ്പിന്‍റെ' സ്വാധീനങ്ങളുടെ തെളിവാണ്.
സിനിമാ മേഖലകളിലെ സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, ചൂഷണങ്ങള്‍ എന്നീ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഹേമ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഒന്നര വര്‍ഷത്തിനു ശേഷം 2019 ഡിസംബര്‍ 31നാണ് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഒരു കോടിക്ക് മുകളില്‍ തുകയാണ് ഹേമ കമ്മിറ്റിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്.