
തെലുങ്ക് സിനിമാ താരം നാഗചൈതന്യയും നടി ശോഭിത ധുലീപാലയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഡേറ്റിങ്ങിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് നാഗചൈതന്യയും ശോഭിതയും വിവാഹിതരാകുന്നു എന്ന വിവരം നടന്‍റെ പിതാവും അഭിനേതാവുമായ നാഗാര്‍ജുന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ഹൈദരാബാദിലെ വസതിയില്‍ നടന്ന വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങളും ഇതോടൊപ്പം നാഗാര്‍ജുന പങ്കുവെച്ചു.
2017ലായിരുന്നു നടി സമാന്തയും നടൻ നാഗചൈതന്യയും തമ്മിലുള്ള വിവാഹം. 2021ലാണ് ഇരുവരും നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞത്.
ശോഭിതക്കും നാഗചൈതന്യക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം ഇരുവര്‍ക്കുമെതിരെയുള്ള രോഷവും വിമര്‍ശകര്‍ മറച്ചുവെച്ചില്ല. സമാന്ത നാഗചൈത്യയെ പ്രപ്പോസ് ചെയ്ത ഓഗസ്റ്റ് 8-ന് തന്നെ ശോഭിതയുമായുള്ള വിവാഹ നിശ്ചയം നടത്തിയതാണ് ഇവരെ ചൊടിപ്പിച്ചത്.
നാഗാര്‍ജുന പങ്കുവെച്ച പോസ്റ്റിന് താഴെ ഇരുവരുടെയും 'തരം താഴ്ന്ന പ്രവൃത്തി'യാണെന്ന് ചിലര്‍ വിമര്‍ശിച്ചു. ശോഭിതയുടെയും നാഗചൈത്യയുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും നിരവധി പേര്‍ കമന്‍റുകളുമായി എത്തി. ഇരുവരുടെയും വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് റിപ്പോര്ട്ട്.