തങ്കലാന് സിനിമയുടെ ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചിലായിരുന്നു പാര്‍വതിയുടെ പ്രതികരണം
പാര്‍വതി, പാ രഞ്ജിത്ത്
പാ രഞ്ജിത്ത് സിനിമകളുടെ രാഷ്ട്രീയം സമൂഹത്തിലെ അസമത്വത്തിനെതിരെയുള്ള പോരാട്ടമാണെന്ന് നടി പാര്‍വതി തിരുവോണത്ത്. അതിനായി പാ രഞ്ജിത്ത് ഒരു സൈന്യത്തെ തന്നെ നയിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. തങ്കലാന്‍ സിനിമയുടെ ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചിലായിരുന്നു പാര്‍വതിയുടെ പ്രതികരണം. കല രാഷ്ട്രീയമാണ് അത് സത്യം പറയുമ്പോള്‍ പലരെയും അസ്വസ്ഥരാക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
സിനിമയെ വിനോദമായി കാണാം. അതൊരു ബ്ലോക്ക്ബസ്റ്റര്‍ ആവാനും സാധ്യതയുണ്ട്. പക്ഷേ, നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്നതെന്തും രാഷ്ട്രീയമാണ്. അരാഷ്ട്രീയമായി ഒന്നും തന്നെയില്ലെന്നും പാര്‍വതി പറഞ്ഞു.
'സ്വാതന്ത്ര്യദിനത്തില്‍ തങ്കലാന്‍ ഇറങ്ങുന്നത് യാദൃശ്ചികമായല്ല. സ്വാതന്ത്ര്യം, അടിച്ചമര്‍ത്തല്‍ എന്നീ പദങ്ങള്‍ ഇപ്പോഴും നമ്മള്‍ ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്. അസമത്വത്തെക്കുറിച്ചും അത് ഇപ്പോഴും നിലനില്‍ക്കുന്നതിനെക്കുറിച്ചും നമ്മള്‍ വായിക്കുന്നത് തുടരണം. അത് അസ്വസ്ഥതയുണ്ടാക്കിയേക്കാം, പക്ഷേ അത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന സത്യം അംഗീകരിക്കണം. കല രാഷ്ട്രീയമാണ്. അതിനായി രഞ്ജിത്ത് ഒരു പടയെ നയിക്കുന്നു, നിങ്ങളുടെ പടയില്‍ ഭാഗമായതില്‍ എനിക്ക് സന്തോഷമുണ്ട്. അസമത്വത്തെക്കുറിച്ച് അറിയാത്തവര്‍ക്ക് വേണ്ടി ജാതി രാഷ്ട്രീയത്തെക്കുറിച്ചും അടിച്ചമര്‍ത്തലുകളെക്കുറിച്ചും രഞ്ജിത്ത് സംസാരിക്കുന്നു'- പാര്‍വതി പറഞ്ഞു.
പാ രഞ്ജിത്തിന്‍റെ സിനിമയില്‍ അഭിനയിക്കുക എന്നത് തന്‍റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. തങ്കലാന് മുന്‍പ് അവസരം ലഭിച്ചിരുന്നെങ്കിലും അത് നടന്നില്ല. തങ്കലാനിലെ ഗംഗമ്മയുടെ വേഷം തനിക്ക് വേണ്ടി എഴുതിയത് പോലെ തോന്നി. പാ രഞ്ജിത്ത് തന്നെ സമീപിച്ചപ്പോള്‍ തന്നെ അവസരം സ്വീകരിച്ചുവെന്നും പാര്‍വതി പറഞ്ഞു.
ALSO READ : 'പൊതുവെ സെറ്റില്‍ ദേഷ്യപ്പെടാറില്ല, പക്ഷെ തങ്കലാനില്‍ പിടിവിട്ടുപോയി'; പാ രഞ്ജിത്ത്
കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്‍റെ കഥയെ ആസ്പദമാക്കി ഒരുക്കിയ തങ്കലാന്‍ ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാര്‍വതിക്കൊപ്പം ആരതി എന്ന കഥാപാത്രമായി മാളവിക മോഹനനും എത്തുന്നു. ഇതുവരെ കാണാത്ത തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഒരോ അഭിനേതാക്കളും തങ്കലാനില്‍ എത്തുന്നത്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കിരണ്‍, മുത്തുകുമാര്‍, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാസംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തങ്കലാന്‍ റിലീസ് ചെയ്യും.