റഹ്‌മാന്‍ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ മുംബൈയിലേക്ക് മാറിയതെന്നും സൈറ ബാനു അറിയിച്ചു.
സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാനും ഭാര്യ സൈറ ബാനുവും 29 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത് ആരാധകരില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. സൈറ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. പിന്നാലെ റഹ്‌മാനും വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തി.
ഇപ്പോള്‍ വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ റഹ്‌മാനെതിരെ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളില്‍ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സൈറ ബാനു. മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ഔദ്യോഗിക ശബ്ദസന്ദേശത്തിലൂടെയാണ് സൈറ ബാനു വിവാഹമോചനം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
റഹ്‌മാന്‍ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ മുംബൈയിലേക്ക് മാറിയതെന്നും സൈറ ബാനു അറിയിച്ചു. ആരോഗ്യം മെച്ചപ്പെട്ടാല്‍ താന്‍ ചെന്നൈയിലേക്ക് തന്നെ തിരിച്ചുവരുമെന്നും ശബ്ദ സന്ദേശത്തില്‍ സൈറ ബാനു വ്യക്തമാക്കി.
'ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിത്വത്തിന് ഉടമയാണ് എ ആര്‍ റഹ്‌മാന്‍. ഞാന്‍ ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് മാറിയത് എന്റെ ശാരീരികപരമായ ബുദ്ധിമുട്ടുകള്‍ കാരണമാണ്. ആരോഗ്യപ്രശ്‌നം മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലാണ്. അതുകൊണ്ടാണ് റഹ്‌മാന്‍റെ അടുത്തു നിന്നും തത്കാലം മാറി നില്‍ക്കാമെന്ന് കരുതിയത്. അദ്ദേഹത്തെയോ മക്കളെയോ തിരക്കിനിടയില്‍ ബുദ്ധിമുട്ടിക്കാന്‍ താത്പര്യമില്ല. റഹ്‌മാനെ വെറുതെ വിടണം. യൂട്യൂബേഴ്‌സിനോടും തമിഴ് മാധ്യമങ്ങളോടും അഭ്യര്‍ഥിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ച് മോശമായി ഒന്നും പറയരുത്,' സൈറ ബാനു പറഞ്ഞു.
ഔദ്യോഗികമായി ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നും സൈറ പറഞ്ഞു. ചെന്നൈയിലേക്ക് തിരിക്കുന്നതിന് മുമ്പ് ചികിത്സ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ മോശമായി കാര്യങ്ങള്‍ പറയുന്നത് നിര്‍ത്തണം. തനിക്ക് വിശ്വാസമുള്ള ഒരാളാണ് റഹ്‌മാന്‍. അദ്ദേഹത്തെ ഇപ്പോഴും സ്നേഹിക്കുന്നു. ഇത്തരം പ്രചരണങ്ങളെല്ലാം തന്നെ മണ്ടത്തരമാണെന്നും സൈറ കൂട്ടിച്ചേര്‍ത്തു.
റഹ്‌മാനും സൈറയും വിവാഹ മോചനം സംബന്ധിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ്, മുമ്പ് റഹ്‌മാന്റെ ബാന്‍ഡിലുണ്ടായിരുന്ന മോഹിനി ഡേയും വിവാഹമോചനം സംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതോടെ ഇരുവരെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇരുവവരുടെയും സ്വകാര്യതയെ തന്നെ തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വന്നതോടെ മോഹിനി ഡേ തന്നെ തന്റെ വിവാഹ മോചനും എ.ആര്‍. റഹ്‌മാന്റെ വിവാഹമോചനവും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പിന്നാലെ സ്വകാര്യതയെ മാനിക്കണമെന്നും തങ്ങളെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മക്കളായ ഖദീജ, റഹീമ, അമീന്‍ എന്നിവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.