തെരഞ്ഞെടുപ്പ് സമയത്തെ മുഖ്യമന്ത്രിയുടെ പരാമർശം മുസ്ലിം വോട്ടുകൾ ഏകീകരിക്കുന്നതിന് കാരണമായി
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ ഭിന്നത. തെരഞ്ഞെടുപ്പ് തന്ത്രത്തിൽ പാളിച്ച പറ്റിയോ എന്ന് പരിശോധിക്കണമെന്ന് സിപിഐ പാലക്കാട് മണ്ഡലം സെക്രട്ടറി മുരളി താരേക്കാട് ആവശ്യപ്പെട്ടു. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കൂടിയാണ് മുരളി താരേക്കാട്. പെട്ടിവിവാദവും പാണക്കാട് തങ്ങൾക്കെതിരായ വിമർശനവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും മുരളി താരേക്കാട് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ആവശ്യമില്ലാത്ത കാര്യങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയായത്. തെരഞ്ഞെടുപ്പ് സമയത്തെ മുഖ്യമന്ത്രിയുടെ പരാമർശം മുസ്ലിം വോട്ടുകൾ ഏകീകരിക്കുന്നതിന് കാരണമായി. വലത് സ്ഥാനാർഥിയെ ഒരു രക്തസാക്ഷി പരിവേഷത്തിലേക്കെത്തിക്കുന്നതിനും അതിന് കഴിഞ്ഞുവെന്ന് മുരളി താരേക്കാട് പറഞ്ഞു. ഇടത് കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണാടിയിലും മാത്തൂരും വോട്ട് കുറഞ്ഞത് പാർട്ടി പരിശോധിക്കണം. ശ്രീമതി ടീച്ചറടക്കമുള്ള മുതിർന്ന നേതാക്കളാണ് കണ്ണാടിയിൽ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. കണ്ണാടിയിലെ എല്ലാ വോട്ടും ഇടതിന് ലഭിക്കുമെന്ന ധാരണയുണ്ടായിരുന്നുവെന്നും മുരളി താരേക്കാട് പറഞ്ഞു. പാർട്ടി ചിഹ്നം ഇല്ലാത്തത് ചില പാർട്ടിക്കാരിലെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്തെ വിവാദങ്ങൾ തിരിച്ചടിയായെന്നും മുരളി താരേക്കാട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പുകൾക്ക് അപ്പുറം മതേതര സംവിധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് രാഷ്ട്രീയപ്രസ്ഥാനങ്ങൾ പ്രവർത്തിക്കേണ്ടത്. പ്രത്യേകിച്ച് ഇടത് മുന്നണിയെ പോലുള്ള രാഷ്ട്രീയ പാർട്ടികൾ. എന്നാൽ ആ നിലപാടിൽ നിന്നും മാറി തെരഞ്ഞെടുപ്പ് വിജയത്തിനായി എന്തും ചെയ്യുമെന്ന രീതി അംഗീകരിക്കാൻ പ്രയാസമാണെന്ന് മുരളി താരേക്കാട് തുറന്നടിച്ചു. ഇന്നല്ലെങ്കിൽ നാളെ പാലക്കാട്ടെ ജനങ്ങൾ അതിനെ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.