മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ടൊവിനോ സംഭാവന ചെയ്തിരുന്നു
വയനാട് ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും തയാറാകണമെന്ന് നടന്‍ ടൊവിനോ തോമസ്. ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് കഴിവിന്‍റെ പരമാവധി ദുരിതബാധിതര്‍ക്കായി സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ടൊവിനോ അഭ്യര്‍ഥിച്ചു.
ചെറിയ തുക വലിയ തുക എന്നില്ല. നമ്മുടെ കഴിവ് പോലെ എന്തെങ്കിലും എല്ലാവരും ചെയ്യാന്‍ ശ്രമിക്കണം. എന്നും മലയാളികള്‍ അങ്ങനെ ലോകത്തിന് മാതൃക ആയിട്ടുള്ളതാണെന്നും നടന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ടൊവിനോ സംഭാവന ചെയ്തിരുന്നു. 2018-ലെ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ടൊവിനോ നേരിട്ട് പങ്കാളി ആയിരുന്നു.
ALSO READ : വയനാടിനായി ടൊവിനോ തോമസും; 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
ടൊവിനോയുടെ വാക്കുകള്‍
കേരളത്തില്‍ വലിയൊരു ഉരുള്‍പൊട്ടല്‍ ഉണ്ടായി നമ്മുടെ ഒരുപാട് സഹോദരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. കുറെ ആളുകളുടെ വീടും ജീവിതമാര്‍ഗങ്ങളും നഷ്ടപ്പെട്ടു. ഒരുപാട് പേര്‍ ക്യാമ്പുകളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് നിങ്ങളുടെ കഴിവിന്‍റെ പരമാവധി ദുരിതബാധിതര്‍ക്കായി സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുത്തുകൊണ്ടാവാം, അല്ലെങ്കില്‍ മറ്റ് സന്നദ്ധ സംഘടനകള്‍ വഴിയോ, നേരിട്ടോ, ക്യാമ്പിലേക്ക് സാധനങ്ങള്‍ വാങ്ങിക്കൊടുത്തോ ആവാം. ഏത് രീതിയിലാണെങ്കിലും കഴിവിന്‍റെ പരമാവധി എല്ലാവരും ചെയ്യാന്‍ ശ്രമിക്കണമെന്ന് ഞാനും അഭ്യര്‍ഥിക്കുകയാണ്.
ഇത് കുറച്ച് ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന പ്രോസസ് ആയിരിക്കില്ല. കൂറെ നാളുകള്‍ നീണ്ടുനില്‍ക്കുന്ന പ്രോസസ് ആയിരിക്കും. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് രക്ഷപ്പെട്ട ആളുകളെ പുനരധിവസിപ്പിക്കേണ്ട സമയം ആകുമ്പോളാണ് നമ്മുടെ സഹായം കൂടുതലും വേണ്ടി വരിക. അതും രക്ഷാപ്രവര്‍ത്തനം പോലെ പ്രധാനപ്പെട്ട കാര്യമായിരിക്കും. കാരണം, ജീവിതമാര്‍ഗങ്ങളെല്ലാം നഷ്ടപ്പെട്ട കുറെ ആളുകളുണ്ട്, ചെറിയ തുക വലിയ തുക എന്നില്ല.. നമ്മുടെ കഴിവ് പോലെ എന്തെങ്കിലും എല്ലാവരും ചെയ്യാന്‍ ശ്രമിക്കണം. എന്നും മലയാളികള്‍ അങ്ങനെ ലോകത്തിന് മാതൃക ആയിട്ടുള്ളതാണ്. നമ്മള്‍ തമ്മില്‍ എന്തൊക്കെ പടല പിണക്കങ്ങള്‍ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും വിയോജിപ്പുകളുണ്ടെങ്കിലും മാനുഷികതയുടെ സമയം വരുമ്പോള്‍ ഒരുമിച്ച് നിന്ന് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. നിരവധി തവണ മലയാളികള്‍ അത് തെളിയിച്ചിട്ടുള്ളതാണ്. അത് ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി..