കേരള ഫിലിം ചേംബർ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
സുരേഷ് ഗോപി
സിനിമ അഭിനയം തുടരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത തരത്തിൽ ഷൂട്ടിംഗ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാവണം എന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരള ഫിലിം ചേമ്പര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
" ഇനിയും സിനിമകള്‍ ചെയ്യും, അതിനുള്ള അനുവാദം ചോദിച്ചിട്ടുണ്ട്. സെപ്റ്റംബർ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങും, അത് താൻ ചെയ്യും. ഒരുപാട് സിനിമകൾ ഉണ്ടെന്ന് അമിത് ഷായോട് പറഞ്ഞപ്പോൾ പേപ്പർ മാറ്റി വെച്ചതാണ്. ചരിത്രം എഴുതിയ തൃശൂർകാർക്ക് നന്ദി അർപ്പിക്കണമെന്ന് നേതാക്കൾ പറഞ്ഞതുകൊണ്ട് വഴങ്ങേണ്ടി വന്നു. അഭിനയം തുടരുന്നതിന്‍റെ പേരില്‍ തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുവെങ്കിൽ ഞാന്‍ രക്ഷപെട്ടു. സിനിമ ഇല്ലാതെ എനിക്ക് പറ്റില്ല, എന്നും സിനിമ തന്റെ പാഷനാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത തരത്തിൽ ഷൂട്ടിംഗ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാവണം എന്നാണ് എന്‍റെ ആഗ്രഹം "-സുരേഷ് ഗോപി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചു സുരേഷ് ഗോപി പരോക്ഷമായി പ്രതികരിച്ചു. സിനിമയിൽ മാത്രം അല്ല, എല്ലാ മേഖലയിലും ഉണ്ട് ഇത്തരം കാര്യങ്ങൾ. എല്ലാ സമ്പ്രദായത്തിനും അതിന്‍റേതായ ശുദ്ധി വേണം. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി അതിനു കോട്ടം വരുത്തരുതെന്നും സുരേഷ് ഗോപി പറഞ്ഞു.