അടുത്തിടെ ബാംഗ്ലൂരില്‍ നടന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാണ് തങ്കലാനെന്ന് നടന്‍ ചിയാന്‍ വിക്രം. അടുത്തിടെ ബാംഗ്ലൂരില്‍ നടന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
'ഞാന്‍ എന്റെ കരിയറില്‍ നിരവധി വ്യത്യസ്തമായ റോളുകള്‍ ചെയ്തിട്ടുണ്ട്. പിതാമഗന്‍, അന്ന്യന്‍ എന്നിവ അതില്‍ പെട്ടതാണ്. എന്നാല്‍ തങ്കലാന്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമകളില്‍ ഒന്നായിരുന്നു. ഓരോ സീനിലും ഞങ്ങള്‍ക്ക് നിരവധി തടസങ്ങള്‍ നേരിടേണ്ടി വന്നു. അതില്‍ ശാരീരികമായി പ്രശ്‌നങ്ങള്‍ അടക്കം ഉള്‍പ്പെടുന്നു. ഏറ്റവും വലിയ പരീക്ഷണം ബ്രിട്ടിഷ് കൊളോണിയല്‍ സമയത്തെ കഥാപാത്രങ്ങളെയും ഗോത്രവിഭാഗത്തില്‍പെട്ട കഥാപാത്രങ്ങളെയും അവതരിപ്പിക്കാനായിരുന്നു. ഞങ്ങള്‍ക്ക് പൂര്‍ണമായും മനസിലാകാത്ത സമൂഹമാണത്. അവരെ വെറുതെ അവതരിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടത്, പൂര്‍ണമായും ഉള്‍കൊള്ളുക കൂടി വേണമായിരുന്നു. അത് ചെയ്തതിലൂടെ ഞങ്ങള്‍ ഓരോരുത്തരെയും അവര്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോയ പോലെ തോന്നി', വിക്രം പറഞ്ഞു.
ALSO READ : ഞാന്‍ അവരുടെ അമ്മയായി മാറുകയായിരുന്നു: പാര്‍വതി തിരുവോത്ത്
തങ്കലാനിലെ കഥാപാത്രത്തിന് വേണ്ടി വിക്രം ആറ് മാസത്തോളം കഠിനമായ പരിശീലനം ചെയ്യുകയും ഭാരം കുറയ്ക്കുകയും ചെയ്തിരുന്നു. ശാരീരികമായ മാറ്റങ്ങളോക്കാള്‍ തീവ്രമായിരുന്നു റോളിന് വേണ്ടിയുള്ള മാനസികമായ കാര്യങ്ങള്‍ എന്നും വിക്രം കൂട്ടിച്ചേര്‍ത്തു.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ഓഗസ്റ്റ് 15നാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ വിക്രമിനൊപ്പം മാളവിക മോഹനന്‍, പാര്‍വതി തിരുവോത്ത് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.