
നീണ്ട 37 മണിക്കൂറുകൾക്ക് ശേഷമാണ് കഴക്കൂട്ടത്തു നിന്ന് കാണാതായ അസം ബാലികയെ കണ്ടെത്തുന്നത്. താമ്പാരത്തുനിന്നും ബംഗാളിലേക്കു പോകുന്ന ട്രെയിനിൻ്റെ ജനറൽ കംപാർട്ടുമെൻ്റിൽ മുകളിലത്തെ ബർത്തിൽ കിടന്നു ഉറങ്ങുകയായിരുന്ന 13 കാരിയെ കണ്ടെത്താനായത് മലയാളി സമാജം പ്രവർത്തകരുടെ കൂട്ടായ തെരച്ചിലിലൂടെയാണ്. കുട്ടിയെ കണ്ടെത്തുമ്പോൾ അവകാശവാദമുന്നയിച്ച് ഒരു സ്ത്രീ എത്തിയതായും, ചോദ്യം ചെയ്തപ്പോൾ പിന്മാറുകയായിരുന്നെന്നും പ്രവർത്തകർ പറയുന്നു. കുട്ടിയെ നാട്ടിലേക്ക് എത്തിക്കാനായി രണ്ട് വനിതാ എസ്ഐമാർ ഉൾപ്പെടെ അഞ്ചംഗ സംഘം വിശാഖപട്ടണത്തിലേക്ക് തിരിച്ചിട്ടുണ്ട്.
സഹോദരിയുമായി വഴക്കിട്ടതിൻ്റെ പേരിൽ അമ്മ ശകാരിച്ചതിനെ തുടർന്നാണ് തസ്മിത് തംസം വീടുവിട്ടിറങ്ങിയത്. രണ്ടുദിവസമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ കുട്ടിയെ അവശയായ നിലയിലാണ് മലയാളി സമാജം പ്രവർത്തകർ കണ്ടെത്തിയത്. ഇന്നലെ ട്രെയിനിൽ കയറിയതു മുതൽ വെള്ളം മാത്രമാണ് കുടിച്ചതെന്നും, ജന്മദേശമായ അസമിലേക്ക് പോവുകയാണെന്നുമാണ് പ്രവർത്തകരോട് കുട്ടി പറഞ്ഞത്. ആർപിഎഫിന് കൈമാറിയ കുഞ്ഞിന് വെള്ളവും ഭക്ഷണവും ഉദ്യോഗസ്ഥർ വാങ്ങിനൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയെ കണ്ടെത്തിയ കേരളത്തിന് നന്ദിയെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. മകളുമായി വീഡിയോ കോളിൽ സംസാരിച്ചു. ശകാരിച്ചതുകൊണ്ടാണ് വീടുവിട്ടിറങ്ങിയത്. ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും കുട്ടി എത്തിയ ശേഷം അസമിലേക്ക് മടങ്ങുമെന്നും മതാപിതാക്കൾ പറഞ്ഞു. കുട്ടിയെ കണ്ടെത്തിതിൽ അതിയായ സന്തോഷമെന്ന് ബബിതയും പ്രതികരിച്ചു.
അസം ബാലികക്കായുള്ള തെരച്ചിൽ വഴിമുട്ടി നിന്ന സാഹചര്യത്തിൽ നിർണായകമായ വിവരം പൊലീസിന് കൈമാറിയത് ട്രെയിനിൽ യാത്ര ചെയ്ത സഹയാത്രിക ബബിതയാണ്. കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ ഫോട്ടോ എടുത്തിരുന്നെങ്കിലും കുട്ടിയുമായി സംസാരിക്കാൻ സാധിച്ചിരുന്നില്ലെന്ന് അവർ പറയുന്നു. സൈബർ പൊലീസിൻ്റെ പോസ്റ്റർ കണ്ടതോടെയാണ് കുട്ടിയെക്കുറിച്ചുള്ള വിവരം കഴക്കൂട്ടം എസ്ഐക്ക് കൈമാറിയത്. പിന്നീട് പെൺകുട്ടിക്കായുള്ള അന്വേഷണം കന്യാകുമാരിയിലേക്ക് വ്യാപിപ്പിച്ചു. ഐലൻഡ് എക്സ്പ്രസിൽ വന്ന പെണ്‍കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയതിൻ്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ചെന്നെെ എഗ്മോറിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കുട്ടിയുടെ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.
അതിഥി സംസ്ഥാന തൊഴിലാളിയായ അൻവർ ഹുസൈനാണ് തസ്മിതിന്‍റെ പിതാവ്. കണിയാപുരം മുസ്ലീം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് തസ്മിത്. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.