ആക്രമിച്ചത് ഒന്നില്‍ കൂടുതല്‍ പേര്‍; ദേഹം മുഴുവന്‍ മുറിവേറ്റ പാടുകള്‍; നടന്നത് കൂട്ടബലാത്സംഗമെന്ന് ഡോക്ടറുടെ മാതാപിതാക്കള്‍

കഴുത്തില്‍ കടിയേറ്റതിന്റെ പാടുകളും ശരീരത്തില്‍ നിന്ന് 150 ഗ്രാം ബീജത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്
ആക്രമിച്ചത് ഒന്നില്‍ കൂടുതല്‍ പേര്‍; ദേഹം മുഴുവന്‍ മുറിവേറ്റ പാടുകള്‍; നടന്നത് കൂട്ടബലാത്സംഗമെന്ന് ഡോക്ടറുടെ മാതാപിതാക്കള്‍
Published on

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി മാതാപിതാക്കള്‍. ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും നടന്നത് കൂട്ട ബലാത്സംഗമാണെന്നും കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാതാപിതാക്കള്‍ പറയുന്നു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് 31കാരിയായ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസ് ആദ്യം ബന്ധുക്കളെ അറിയിച്ചതെന്നും ആരോപണമുണ്ട്.

മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ലൈംഗികാതിക്രമം നടന്നുവെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. ക്രൂരമായ ആക്രമണത്തിന് മകള്‍ ഇരയായെന്നാണ് മാതാപിതാക്കള്‍ കോടതിയെ അറിയിച്ചത്.


ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളുണ്ട്. തലയിലും ചുണ്ടിലും ഗുരുതരമായി പരിക്കേറ്റതിന്റെ അടയാളങ്ങളുണ്ട്. ആക്രമണത്തിനിടയില്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ മൂടിയിട്ടുണ്ടാകാം. കഴുത്തില്‍ കടിയേറ്റതിന്റെ പാടുകളും ശരീരത്തില്‍ നിന്ന് 150 ഗ്രാം ബീജത്തിന്റെ അംശവും കണ്ടെത്തി. ഇതെല്ലാം മകള്‍ ക്രൂരമായ അക്രമത്തിന് ഇരയായതിന്റെ തെളിവുകളാണെന്ന് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

മകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് തെളിവുകളുണ്ടായിട്ടും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാത്തതിനെ മാതാപിതാക്കള്‍ ചോദ്യം ചെയ്യുന്നു. ജീവനക്കാര്‍ക്ക് മതിയായ ഒരുക്കുന്നതില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും പ്രിന്‍സിപ്പലിനും ഗുരുതരമായ വീഴ്ച്ചയുണ്ടായതായും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.

ശരീരത്തില്‍ നിന്ന് കണ്ടെത്തിയ ബീജത്തിന്റെ അളവില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ പേര്‍ ആക്രമിച്ചതായാണ് സൂചന. രാജ്യം മുഴുവന്‍ നടുങ്ങിയ ബലാത്സംഗ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ ആശുപത്രിയിലെ സിവിക് വളണ്ടീര്‍ ആയ സഞ്ജയ് റോയ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 


കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ് വന്നത്. അറസ്റ്റിലായ സഞ്ജയ് റോയ് ഇപ്പോള്‍ സിബിഐയുടെ കസ്റ്റഡിയിലാണ്. ഇയാളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. മെഡിക്കല്‍, ഫോറന്‍സിക് വിദഗ്ധരടക്കമുള്ള ടീമാണ് അന്വേഷണം നടത്തുന്നത്. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് അന്വേഷണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com