തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാഹചര്യമുണ്ട്. ആശുപത്രി അധികൃതര്‍, മാനേജ്‌മെന്റ് എന്നിവരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചെന്നും കോടതി.
സംസ്ഥാനത്തെ പ്രതിഷേധം
കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ തന്നെ നടുക്കിയ കൊലപാതകം അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാന പൊലീസിന് നല്‍കിയത് ആറ് ദിവസം. പറഞ്ഞ ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം, അല്ലാത്തപക്ഷം കേസ് സിബിഐയെ ഏല്‍പ്പിക്കും, എന്നായിരുന്നു മമതയുടെ അന്ത്യശാസനം. എന്നാല്‍, അതിനും ദിവസങ്ങള്‍ക്കു മുന്‍പേ കല്‍ക്കട്ട ഹൈക്കോടതി കേസ് അന്വേഷണം സിബിഐക്ക് വിട്ടു. കേസില്‍ ആദ്യ വാദം കേള്‍ക്കലില്‍ തന്നെയായിരുന്നു കോടതി അത്തരമൊരു നടപടിയെടുത്തത്. ഒരുപക്ഷേ, വളരെ അപൂര്‍വവും അസാധാരണവുമായൊരു നടപടിയെന്ന് വിശേഷിപ്പിക്കാവുന്ന നീക്കം. ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ചാണ് അത്രയും വേഗത്തില്‍ ഒരു നടപടിയെടുത്തത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ തീരുമാനം. തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാഹചര്യമുണ്ട്. ആശുപത്രി അധികൃതര്‍, മാനേജ്‌മെന്റ് എന്നിവരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചിരുന്നു. സംസ്ഥാനത്തെങ്ങും പ്രതിഷേധം കനത്ത സാഹചര്യത്തില്‍ കൂടിയായിരുന്നു കോടതിയുടെ അതിവേഗ നടപടി.
അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ഹര്‍ജികള്‍
വെള്ളിയാഴ്ച രാവിലെയാണ്, 31കാരിയായ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഡോക്ടര്‍ ആത്മഹത്യ ചെയ്തു, എന്നായിരുന്നു പൊലീസ് ബന്ധുക്കളെ ആദ്യം അറിയിച്ചത്. ജൂനിയർ ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ, ശനിയാഴ്ച പ്രതിയായ സിവില്‍ പൊലീസ് വളണ്ടിയര്‍ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് സഹായമായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് സംഭവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവരെ വിളിച്ചുചേർത്ത് എല്ലാവരുടെയും ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് പരിശോധിച്ചു. ഈ സമയം റോയിയുടെ ഫോണുമായി ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണക്ടായി. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64 (ബലാത്സംഗം), 103 (കൊലപാതകം) എന്നിവ പ്രകാരം കുറ്റാരോപിതനായ ഇയാളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.
കേസില്‍ മറ്റു പ്രതികളില്ലെന്നും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ വിനീത് ഗോയൽ അറിയിച്ചു. ആശുപത്രിയില്‍ പ്രതിഷേധം കനത്തതോടെ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഷോഘ് ധാര്‍മിക ഉത്തരവാദിത്വം എറ്റെടുത്ത് രാജിവച്ചു. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും സംസ്ഥാന പൊലീസ് നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരുപറ്റം ഹര്‍ജികള്‍ കോടതിയിലെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഡോക്ടര്‍മാരുടെ സംഘം, ബിജെപി നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. കേസ് അന്വേഷണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നെന്നും ഹര്‍ജിക്കാര്‍ ചുണ്ടിക്കാട്ടി. കേസ് അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പുകളില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും അറിയിച്ചിരുന്നു. തെളിവുകളൊന്നും നശിപ്പിക്കപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണം. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം നല്‍കുന്നവര്‍, സാക്ഷികള്‍ എന്നിവര്‍ക്കൊപ്പം തങ്ങള്‍ക്കും സംരക്ഷണം നല്‍കണം എന്നിങ്ങനെ ആവശ്യങ്ങളും മാതാപിതാക്കള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മാതാപിതാക്കള്‍ പറഞ്ഞത്
രിച്ച നിലയില്‍ കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, രാത്രി 11.30ന് മകളോട് സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ അസ്വസ്ഥതകളോ വാക്കുകളില്‍ പോലും ഇല്ലായിരുന്നു. പിറ്റേന്ന് രാവിലെ 10.53ന് ആശുപത്രിയിലെ അസിസ്റ്റന്റ് സൂപ്രണ്ട് വിളിച്ചിട്ടു പറഞ്ഞു, മകള്‍ക്ക് വയ്യെന്ന്. 22 മിനുറ്റിനുശേഷം, ഇതേ സൂപ്രണ്ട് വിളിച്ചിട്ടു പറഞ്ഞു, ആശുപത്രി വളപ്പില്‍ മകള്‍ ആത്മഹത്യ ചെയ്തെന്ന്. ഉടന്‍ തന്നെ മാതാപിതാക്കള്‍ ആശുപത്രിയിലേക്കെത്തി. എന്നാല്‍ കുട്ടിയെ കാണാന്‍ അവരെ അനുവദിച്ചില്ല. മൂന്ന് മണിക്കൂറോളം അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു. ഇതെല്ലാം മനപൂര്‍വമാണെന്നാണ് മാതാപിതാക്കളുടെ സംശയവും ആരോപണവും. മുഖ്യമന്ത്രി ഇടപെട്ടതിനുശേഷമാണ് മാതാപിതാക്കള്‍ക്ക് മകളുടെ മൃതദേഹം കാണാന്‍ സാധിച്ചത്. ഇതേസമയം, ആശുപത്രിയില്‍ തന്നെ വലിയതോതിലുള്ള പ്രതിഷേധത്തിന് തുടക്കമിട്ടിരുന്നു.
സര്‍ക്കാര്‍ ഭാഷ്യം
വെള്ളിയാഴ്ച രാവിലെ 10.10നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിവരം അറിയിച്ചതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. 11ഓടെ പൊലീസ് സംഘം ആശുപത്രിയിലെത്തി. അപ്പോഴേക്കും 150ലധികം ആളുകള്‍ കൂടിയിരുന്നു. 11.30ന് അഡീഷണല്‍ കമ്മീഷണറും മറ്റു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു -ഇതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. മകളുടെ മൃതദേഹം കാണാന്‍ മൂന്ന് മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു എന്ന മാതാപിതാക്കളുടെ ആരോപണം തെറ്റാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഡോക്ടര്‍ പരിശോധിക്കുന്നതിനാലും വലിയ പ്രതിഷേധം നടക്കുന്നതിനാലും സെമിനാര്‍ ഹാളില്‍നിന്ന് മൃതദേഹം മാറ്റാനാകുമായിരുന്നില്ല. ഇതോടെ, ദ്രുത കര്‍മ സേനയെ വിളിച്ചുവരുത്തി. വൈകിട്ട് 6.10നും 7.10നും ഇടിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
കോടതിയുടെ അതിവേഗ ഇടപെടല്‍
ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. സുപ്രീംകോടതിയുടെ വിവിധ വിധിന്യായങ്ങള്‍ പരിശോധിച്ച ശേഷമാണ് കല്‍ക്കട്ട ഹൈക്കോടതി തീരുമാനമെടുത്തത്. ആവലാതിക്കാരന് നീതി ലഭ്യമാക്കുന്നതിനൊപ്പം പൊതുസമൂഹത്തിന്റെ മനസില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി, വളരെ അപൂര്‍വവും അസാധാരണവുമായ സന്ദര്‍ഭങ്ങളില്‍ കേസ് അന്വേഷണം സിബിഐയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വതന്ത്ര അന്വേഷണ ഏജന്‍സിയേയോ ഏല്‍പ്പിക്കാനുള്ള ഭരണഘടനാപരമായ അധികാരം കോടതിക്ക് പ്രയോഗിക്കാമെന്ന കെ.വി രാജേന്ദ്രന്‍ വേഴ്സസ് സൂപ്രണ്ട് ഓഫ് പൊലീസ് (2013) കേസിലെ തീരുമാനമാണ് കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചത്.
"ഈ രീതിയിൽ അന്വേഷണം തുടരാൻ അനുവദിച്ചാൽ വഴി തെറ്റുമെന്ന ആശങ്ക മാതാപിതാക്കൾക്കുണ്ട്. അതുകൊണ്ട് അസാധാരണമായൊരു ആശ്വാസ നടപടി അവര്‍ ആവശ്യപ്പെടുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്തു എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. പരാതികള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് സൂചന. മരിച്ചയാള്‍ ഇതേ ആശുപത്രിയിലെ തന്നെ ഡോക്ടര്‍ ആയിരിക്കെ, എന്തുകൊണ്ട് പ്രിന്‍സിപ്പല്‍ പരാതി നല്‍കാഞ്ഞത് എന്നത് ആശ്ചര്യകരമാണ്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആശുപത്രി അധികൃതര്‍ മരിച്ച പെണ്‍കുട്ടിക്കോ അവളുടെ കുടുംബത്തിനൊപ്പമോ ആയിരുന്നില്ല. പ്രിന്‍സിപ്പല്‍ ഒരു മൊഴി പോലും നല്‍കിയിട്ടില്ല. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാതിരിക്കെ, തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അഭ്യര്‍ഥന സ്വീകരിക്കുന്നതിനെ ന്യായീകരിക്കാം. അതിനാല്‍ കക്ഷികള്‍ക്കിടയില്‍ നീതി പുലർത്തുന്നതിനും പൊതുജനവിശ്വാസം ഉണർത്തുന്നതിനും വേണ്ടി അന്വേഷണം സിബിഐക്ക് കൈമാറുന്നു" -എന്നായിരുന്നു ബെഞ്ചിന്റെ ഉത്തരവ്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഷോഘ് ധാര്‍മിക ഉത്തരവാദിത്വം എറ്റെടുത്ത് രാജിവച്ചെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ, രാജിക്കത്ത് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ആർ.ജി കർ മെഡിക്കൽ കോളേജിൽ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ട സന്ദീപ് ഷോഘിനോട് ലീവെടുത്ത് പോകണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. അല്ലാത്ത പക്ഷം കോടതി തന്നെ നോട്ടീസ് അയക്കേണ്ടിവരുമെന്നും, അയാളില്‍നിന്ന് മൊഴി എടുത്തിരുന്നോയെന്നും കോടതി ചോദിച്ചു.
ഇത്രയും നീചവും ഭയാനകവുമായ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന വിശ്വാസം പൊതുജനങ്ങളില്‍ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് കോടതി അതിവേഗ നടപടിയിലൂടെ ഊന്നിപ്പറഞ്ഞത്. ആശുപത്രിയിലും സംസ്ഥാനത്തും രാജ്യത്താകെയും പടര്‍ന്ന പ്രതിഷേധങ്ങളെ കൂടി കോടതി കണക്കിലെടുത്തു. കോടതിയുടെ അധികാരം ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയുണ്ട്. സിബിഐ അന്വേഷണ പുരോഗതി കൃത്യമായി അറിയിക്കണം. മൂന്നാഴ്ചക്കുശേഷമുള്ള വാദം കേള്‍ക്കലില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.