ലക്ഷക്കണക്കിന് ആളുകളെ ബാധിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റും, ഉത്തരാഖണ്ഡിലെ പ്രളയവുമാണ് നിലവിൽ അതീവ ഗുരുതര പ്രത്യാഘാതമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ള പ്രകൃതി ദുരന്തങ്ങൾ
ചൂരൽമലയിൽ നിന്നുള്ള ദൃശ്യം
പരസ്പരം ചേർത്തുപിടിച്ച് ദുരന്തങ്ങളിൽ നിന്ന് കരകയറാൻ കേരളത്തിന് പലപ്പോഴും സാധിച്ചിട്ടുണ്ട്, തോറ്റുപോയിട്ടുമുണ്ട്. ജൂലൈ 30ന് വയനാട്ടിൽ ഉരുൾപൊട്ടിയപ്പോൾ അക്ഷരാർഥത്തിൽ കേരളത്തിൻ്റെ ഉള്ളുപൊട്ടി. 403 പേരുടെ ജീവനാണ്, സ്വപ്നങ്ങളാണ് അന്ന് തകർന്നടിഞ്ഞത്. ഈ ദുരന്തത്തിൽ നിന്ന് കേരളത്തിന് ഒറ്റക്ക് കരകയറാൻ കഴിയുമോ എന്ന ചോദ്യമായിരുന്നു ബാക്കിയായത്. പിന്നാലെ സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നിരവധി നേതാക്കൾ രംഗത്തെത്തി. ചട്ടങ്ങളനുസരിച്ച് അതിന് കഴിയില്ലെന്ന് കാട്ടി ചിലർ നിയമസാധുതകൾ നിരത്തി. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിന് പിന്നാലെ ചൂരൽമല ദുരന്തത്തെ ദേശീയ ദുരന്തത്തിന് കീഴിലുള്ള അതീവ ഗുരുതര പ്രത്യാഘാതമുള്ള ദുരന്തമായി പ്രഖ്യാപിക്കുമോ എന്നും സർക്കാർ ആവശ്യപ്പെട്ട 2000 കോടി ലഭിക്കുമോ എന്നതുമാണ് മുഖ്യ ചർച്ചാവിഷയം.
ലക്ഷകണക്കിന് ആളുകളെ ബാധിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റും, ഉത്തരാഖണ്ഡിലെ പ്രളയവുമാണ് നിലവിൽ അതീവ ഗുരുതര പ്രത്യാഘാതമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ള പ്രകൃതി ദുരന്തങ്ങൾ. വയനാടിനൊപ്പം രാജ്യത്തിന് ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ട കഥകളും പറയാനുണ്ട്. നിസഹരായി വിധിയെ ഏറ്റുവാങ്ങേണ്ടി വന്നവരുടെ കഥ. അറിയാം രാജ്യത്തെ പിടിച്ചുലച്ച ഏഴ് പ്രകൃതി ദുരന്തങ്ങളെ കുറിച്ച്...
1. കശ്മീർ പ്രളയം- 2014
പ്രളയത്തിൻ്റെ ആകാശദൃശ്യം
രാജ്യാതിർത്തികൾ പ്രകൃതിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയ ദുരന്തമായിരുന്നു 2014ൽ ജമ്മുകാശ്മീരിലുണ്ടായത്. ആ വർഷം സെപ്തംബറിൽ പെയ്ത മഴ അത്ര സാധാരണമായിരുന്നില്ല. മഴ നിലയ്ക്കാതെ വന്നതോടെ ഝലം നദി കരകവിഞ്ഞു. വെള്ളം കുതിച്ചുയർന്നു. നിമിഷങ്ങൾ കൊണ്ടായിരുന്നു ജമ്മുവിൻ്റെ ജനവാസമേഖലയിലേക്ക് വെള്ളം ഇരച്ച്കയറിയത്. ജമ്മുവിൽ മാത്രമല്ല അയൽരാജ്യമായ പാകിസ്ഥാനിലേക്കും പ്രളയമെത്തി. ജനങ്ങൾ പരിഭ്രാന്തരായി. ശ്രീനഗറും ദക്ഷിണകാശ്മീരും വെള്ളത്തിൽ മുങ്ങി. ജമ്മുകാശ്മീരിനെയും പാക് അധീനതയിലുള്ള ആസാദ് കശ്മീർ , ഗിൽജിത്-ബാൾട്ടിസ്ഥാൻ , പഞ്ചാബ് മേഖലകളെയുമാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. സെപ്തംബർ 2 മുതൽ 24 വരെ നീണ്ട പ്രളയത്തിൽ 550ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഏകദേശം 6000 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. പിന്നാലെ സർക്കാർ കശ്മീരിന് മൊത്തം 1745 കോടി രൂപയുടെ ധനസഹായം നൽകി.
2. ആന്ധ്രയിലെ ഹുദ്ഹുദ് ചുഴലിക്കാറ്റ് - 2014
ചുഴലിക്കാറ്റിൽ തകർന്ന റോഡ്
2014 ഒക്ടോബർ 12നാണ് ആന്ധ്രതീരത്തെ പിടിച്ചുലച്ച് ഹുദ്ഹുദ് ചുഴലിക്കാറ്റ് തീരം തൊടുന്നത്. മണിക്കൂറിൽ 185 കിലോമീറ്ററായിരുന്നു അന്ന് ആഞ്ഞിടച്ച കാറ്റിൻ്റെ വേഗത. 124 പേർക്ക് ജീവൻ നഷ്ടമായി. ദുരന്തം മുന്നിൽ കണ്ട് അരലക്ഷത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചത് ദുരന്തത്തിൻ്റെ ആഘാതം കുറച്ചു. 2000 കോടിയിലധികം നാശനഷ്ടങ്ങളുണ്ടാക്കിയാണ് അന്ന് 'ഹുദ്ഹുദ്' മടങ്ങിയത്. പിന്നാലെ അതീവ ഗുരുതര പ്രത്യാഘാതമുള്ള ദുരന്തമായി ഇതിനെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 1000 കോടി രൂപയാണ് അന്ന് സർക്കാർ ദുരിതബാധിത മേഖലക്കായി മാറ്റി വെച്ചത്.
3. ഉത്തരാഖണ്ഡ് പ്രളയം- 2013
പ്രളയത്തിൽ റിഷികേശിലെ പകുതി മുങ്ങിയ ശിവപ്രതിമ
വടക്കേ ഇന്ത്യയിൽ 2013 ലുണ്ടായ മിന്നൽ പ്രളയത്തെ രാജ്യത്തിന് അത്ര പെട്ടന്ന് മറക്കാനാകില്ല. 'ഹിമാലയൻ സുനാമി'യെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ ഈ പ്രളയത്തെ വിശേഷിപ്പിച്ചത്. 1962ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രളയമാണിതെന്നാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായിയിരുന്നു 2013 ജൂൺ 17ന് ഉത്തർപ്രദേശിലെ ചോരാബാരി തടാകം കവിഞ്ഞൊഴുകിയത്. കേദാർനാഥ് ക്ഷേത്രത്തിലുൾപ്പെടെ എത്തിയ ലക്ഷകണക്കിന് തീർഥാടകർ മിന്നൽ പ്രളയത്തിൽ കുടുങ്ങി.
ഹരിയാന, ഡൽഹി മേഖലകളെയും സാരമായി ബാധിച്ചെങ്കിലും ഉത്തരാഖണ്ഡിലും ഹിമാചലിലും അന്ന് തീരാനഷ്ടങ്ങളുണ്ടായി. ഉത്തരാഖണ്ഡിലെ തന്നെ രുദ്രപ്രയാഗ്, ഉത്തരകാശി, പിത്തോരാഗഡ്, ചമോലി ജില്ലകളെയാണ് അന്ന് പ്രളയം വിഴുങ്ങിയത്. പ്രളയത്തെ തുടർന്നുണ്ടായ ശക്തമായ ഉരുൾപൊട്ടലുകൾ അപകടത്തിൻ്റെ വ്യാപ്തി കൂട്ടി. രക്ഷാപ്രവർത്തനം ദുസഹമാക്കി. മരണകണക്കുകൾ അനിയന്ത്രിതമായി. 5700ലധികം ആളുകൾക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. ദുരന്തത്തെ അന്നത്തെ മോദി സർക്കാർ അതീവ ഗുരുതര പ്രത്യാഘാതമുള്ള ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തനിവാരണപ്രവർത്തനങ്ങൾക്കായി 1000 കോടിയിലധികം ധനസഹായം നൽകി. കൂടാതെ വിവധ സംസ്ഥാനങ്ങളും എൻജിഒകളും കോടികണക്കിന് രൂപ ദുരിതബാധിതപ്രദേശത്തിനായി നൽകി.
4. ബിഹാർ വെള്ളപ്പൊക്കം- 2007
ബിഹാർ പ്രളയത്തിൻ്റെ ദൃശ്യങ്ങൾ
വർഷാവർഷമുള്ള വെള്ളപ്പൊക്കം ബിഹാറിലെ ജനങ്ങൾക്ക് ശീലമായിരുന്നു. എന്നാൽ 17 വർഷങ്ങൾക്ക് മുൻപ്, ഒരു ഓഗസ്റ്റ് മാസം പെയ്ത മഴ ബിഹാറിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മുപ്പത് വർഷത്തെ ശരാശരിയേക്കാൾ അഞ്ചിരട്ടി മഴയാണ് അന്ന് ബിഹാറിൽ പെയ്തത്. സംസ്ഥാനത്തെ 19 ജില്ലകളെ ഇത് ബാധിച്ചു. ഭഗൽപൂർ, ഈസ്റ്റ് ചമ്പാരൺ, ദർഭംഗ, പട്‌ന, മുസാഫർപൂർ, സഹർസ, സിതാമർഹി, സുപൗൾ എന്നീ ജില്ലകൾ മുഴുവനായും തകർന്നു. 'ബിഹാറിന് ജീവൻ വെച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രളയ'മെന്നാണ് ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്. രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ 1300ലധികം ആളുകളുടെ ജീവൻ പൊലിഞ്ഞു. 29,000 വീടുകൾ നശിച്ചു, 44,000 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, 4822 ഗ്രാമങ്ങളും ഒരു കോടി ഹെക്ടർ കൃഷിയിടങ്ങളും നശിച്ചു. അന്ന് കേന്ദ്രത്തോട് 1100 കോടി ആവശ്യപ്പെട്ട ബിഹാറിന് 84 കോടി രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്.
5. സുനാമി -2004
2004ലെ സുനാമി
ദേശീയ ദുരന്തമെന്നതിനേക്കാൾ ലോകത്തെ മുഴുവൻ നടുക്കിയ ദുരന്തമായിരുന്നു 2004 ലേത്. ഡിസംബർ 26ന് ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്താണ് മാരകമായ സുനാമി ആരംഭിച്ചത്. അന്ന് മഹാസമുദ്രത്തിലുണ്ടായത് 9.1 നും 9.3 നും ഇടയിലുള്ള ഭൂകമ്പമായിരുന്നു. ലോകത്തിതുവരെ രേഖപ്പെടുത്തിയിട്ടുള്ള മൂന്നാമത്തെ വലിയ ഭൂകമ്പം. 12 ഓളം രാജ്യങ്ങളുടെ തീരങ്ങൾ വടിച്ചെടുത്ത് കടൽ മടങ്ങി. ദക്ഷിണേന്ത്യ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് ദ്വീപ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവടങ്ങളിലായിരുന്നു ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. രണ്ടരലക്ഷം ആളുകൾക്ക് അന്ന് ജീവൻ നഷ്ടമായി. ആകെ 2400 കോടിയുടെ സഹായമാണ് ലോകരാഷ്ട്രങ്ങൾ അന്ന് ദുരന്തബാധിത പ്രദേശങ്ങൾക്കായി സംഭാവന ചെയ്തത്.
6. ഗുജറാത്ത് ഭൂകമ്പം-2001
ഭൂകമ്പത്തിൽ തകന്നടിഞ്ഞ ഗുജറാത്ത്
2001 ജനുവരി 26. രാജ്യം ഇന്ത്യയുടെ 51ാം റിപബ്ലിക്ക് ആഘോഷങ്ങളുടെ തിരക്കിലായിരുന്നു. പെട്ടന്ന് ഗുജറാത്ത് കച്ചിലെ ബചൗ താലൂക്കിൽ റിക്ടർ സ്കെയിലിൽ 7.6 മുതൽ 7.9 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇത് 2 മിനുട്ടോളം നീണ്ടു. ആ 120 സെക്കൻ്റിൽ കച്ച്, അഹമ്മദാബാദ്, ഭുജ്, ഗാന്ധിനഗർ, സൂറത്ത്, സുരേന്ദ്രനഗർ, രാജ്കോട്ട്, ജാംനഗർ തുടങ്ങിയ പ്രദേശങ്ങൾ നാമാവശേഷമായി. 20,000 ലധികം ആളുകൾക്കാണ് അന്നവിടെ ജീവൻ നഷ്ടപ്പെട്ടത്. 4 ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചു. വീടുകളും സ്കൂളുകളും ആരാധനാലയങ്ങളുമെല്ലാം മണ്ണിലടിഞ്ഞു. ഒരു പ്രദേശമേ ഇല്ലാതായ കാഴ്ചയായിരുന്നു അത്. അന്നത്തെ ദുരന്തത്തിൽ രാജ്യത്തിനൊപ്പം ലോകവും ഞെട്ടി. നൂറുകോടിയിലധികം ധനസഹായമാണ് ലോകരാഷ്ട്രങ്ങൾ അന്ന് ഇന്ത്യക്കായി നൽകിയത്.
7. ഒഡീഷയിലെ സൂപ്പർ സൈക്ലോൺ- 1999
സൂപ്പർ സൈക്ലോൺ തകർത്ത വീട്
ഇന്ത്യൻ മഹാസമുദ്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിനാശകാരിയായ ചുഴലികാറ്റായിരുന്നു 1999ലേത്. ഏകദേശം 260 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ചുഴലികാറ്റിൽ പതിനായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടമായി. ഇന്ത്യയെ മാത്രമല്ല, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലും കാറ്റ് ആഞ്ഞ് വീശി. ഒഡീഷയിലെ കേന്ദ്രപാര, ഭദ്രക്, ബാലസോർ, കേന്ദ്രപാര, ജഗത്സിംഗ്പൂർ, ഗഞ്ചം, പുരി തുടങ്ങിയ തീരദേശജില്ലകളെയായിരുന്നു ചുഴലികാറ്റ് ഏറ്റവുമധികം ബാധിച്ചത്. 11 ലക്ഷം ആളുകൾക്ക് അന്ന് വീടില്ലാതായി. 1000 കോടിയിലധികം രൂപയുടെ സഹായവുമായി ലോകരാഷ്ട്രങ്ങൾ രംഗത്തെത്തി.
ALSO READ : എന്താണ് ദേശീയ ദുരന്തം? : വയനാടിനെ ഉള്‍പ്പെടുത്തുമോ?