വലിയതോതിലുള്ള കേന്ദ്ര സഹായം ലഭിക്കണമെന്നത് തന്നെയാണ് അന്ന് മുതൽ ഇന്ന് വരെ കേരളം കേന്ദ്രത്തിന്റെ മുന്നിൽ വയ്ക്കുന്ന പ്രധാന ആവശ്യം
വയനാടിൽ ഉരുൾപൊട്ടൽ ഉണ്ടായ ഈ സമയത്ത് മാത്രമല്ല, 2018 ൽ കേരളത്തെ വിഴുങ്ങിയ പ്രളയമുണ്ടായ സമയത്തും കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു 'ദേശീയ ദുരന്തം' എന്ന പ്രഖ്യാപനം. അന്നും ഇന്നും കേരളത്തിനുണ്ടായത് പലരീതിയിലുള്ള നഷ്ടങ്ങളാണ്. ജീവനാശവും, വലിയതോതിലുള്ള സാമ്പത്തിക നഷ്ടവും എല്ലാം തന്നെ കേരളത്തെ പിടിച്ചു കുലുക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാൻ വലിയതോതിലുള്ള കേന്ദ്ര സഹായം ലഭിക്കണമെന്നത് തന്നെയാണ് അന്ന് മുതൽ ഇന്നു വരെ കേരളം കേന്ദ്രത്തിന്റെ മുന്നിൽ വെക്കുന്ന പ്രധാന ആവശ്യവും. ഈ ഘട്ടത്തിൽ എന്താണ് ദേശീയ ദുരന്തമെന്നും, ഇങ്ങനെ പ്രഖ്യാപിച്ചാലുള്ള സംസ്ഥാനത്തിന്റെ നേട്ടങ്ങളെ പറ്റിയും നമുക്ക് പരിശോധിക്കാം.
എന്താണ് ദുരന്തം ?
2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വ്യവസ്ഥകളെ മുൻനിർത്തിയാണ് ദുരന്തം എന്ന വാക്കിനെ നിർവചിക്കുന്നത്. ഇതനുസരിച്ച്, 'ദുരന്തം' എന്നാൽ ഏതെങ്കിലും ഒരു പ്രദേശത്ത് പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാല്‍, ആകസ്മികമായോ അശ്രദ്ധ കൊണ്ടോ സംഭവിക്കുന്ന അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയെയൊക്കെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി കാര്യമായ ജീവനാശം, സ്വത്തുക്കൾ അല്ലെങ്കിൽ വസ്തുവകകളുടെ നാശം, പ്രകൃതി വിഭവങ്ങളുടെയും പരിസ്ഥിതിയുടെയും നാശം എന്നിവ സംഭവിക്കണം.
കൂടാതെ, ബാധിക്കുന്ന പ്രദേശത്തെ ആളുകൾക്ക് അത് നേരിടാനാവുന്നതിനും അപ്പുറമുള്ള സ്വഭാവമോ വലിപ്പമോ ആ ദുരന്തത്തിന് ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, ഭൂകമ്പം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, സുനാമി, ഉഷ്ണ തരംഗം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളോ, ആണവ, ജൈവ, രാസ സ്വഭാവമുള്ള മനുഷ്യനിർമിത ദുരന്തവും ഇതിൽ ഉൾപ്പെട്ടേക്കാം.
എന്താണ് ദേശീയ ദുരന്തം?
ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി നിർവചിക്കാനുള്ള നിർദേശങ്ങൾ നേരത്തെ തന്നെ കേന്ദ്ര സർക്കാർ പരിശോധിച്ചിട്ടുണ്ട്. എന്നാൽ പ്രകൃതി ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. അതുകൊണ്ട്, ഏതെങ്കിലും ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി നിർവചിക്കാൻ നിശ്ചിതമായ ഒരു മാനദണ്ഡവും നിലവിലില്ല.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് പത്താം ധനകാര്യ കമ്മീഷൻ മുന്നോട്ട് വച്ച നിർദേശത്തിൽ ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ദുരന്തത്തെ അതീവ ഗുരുതര പ്രത്യാഘാതമുള്ള ദേശീയ ദുരന്തം എന്ന് വിളിക്കാം.
ഓരോ ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം ദുരന്തത്തെ തീർപ്പാക്കേണ്ടതുണ്ടെന്ന് അത് പ്രസ്താവിച്ചു. ഉണ്ടായ ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും, ആവശ്യമായ സഹായങ്ങളുടെ തോത്, ദുരന്തം കൈകാര്യം ചെയ്യാനുള്ള സംസ്ഥാനത്തിൻ്റെ ശേഷി എന്നിവ കണക്കിലെടുക്കേണ്ടതുണ്ട്. ഇതനുസരിച്ച് 2013-ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014-ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും കടുത്ത സ്വഭാവമുള്ള ദുരന്തങ്ങളായി തരംതിരിച്ചിട്ടുണ്ട്.
ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാലുള്ള നേട്ടങ്ങള്‍?
ഒരു സംസ്ഥാനത്തുണ്ടാകുന്ന ദുരന്തത്തെ അപൂർവ തീവ്രത/ഗുരുതര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കുമ്പോൾ ദേശീയ തലത്തിൽ ആ സംസ്ഥാന സർക്കാരിന് പിന്തുണ ലഭിക്കും. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായത്തിനും സംസ്ഥാനത്തിന് പരിഗണനയുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ 3:1 അനുപാതത്തിൽ രൂപീകരിച്ച ഫണ്ടാണിത്.
ഇനി ഈ ഫണ്ടിൽ നിന്നും ലഭിക്കുന്ന തുക അപര്യാപ്തമാണെങ്കിൽ ദേശീയ ദുരന്ത കണ്ടിജൻസി ഫണ്ടിൽ നിന്നുള്ള അധിക സഹായത്തിനും സംസ്ഥാനത്തിന് പരിഗണനയുണ്ട്. പൂർണമായും കേന്ദ്ര സർക്കാർ ധനസഹായം നൽകുന്ന ഫണ്ടാണ് ദേശീയ ദുരന്ത കണ്ടിജൻസി ഫണ്ട്. ഇതിലൂടെ ദുരിത ബാധിതർക്ക് വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ ഇളവ് ലഭിക്കും. കൂടാതെ, ബാധിതർക്ക് ഇളവ് വ്യവസ്ഥകളിൽ പുതിയ വായ്പകൾ അനുവദിക്കാനും ഈ ഫണ്ടിലൂടെ കഴിയും.
ആരാണ് ഇത് കൈകാര്യം ചെയ്യുക?
2009ലെ ദേശീയ ദുരന്ത നിവാരണ നയം അനുസരിച് ദേശീയ ക്രൈസിസ് മാനേജ്‌മെൻ്റ് കമ്മിറ്റിയാണ് ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്. കാബിനറ്റ് സെക്രട്ടറിയാണ് ഇതിന് നേതൃത്വം നൽകുക. ദുരന്തം സംഭവിച്ച സംസ്ഥാനങ്ങൾ കേന്ദ്രസംഘങ്ങൾ സന്ദർശിച്ച ശേഷം ആവശ്യമായ നാശനഷ്ടങ്ങളും ദുരിതാശ്വാസ സഹായങ്ങളും അവരാണ് വിലയിരുത്തുക. ശേഷം ദേശീയ ദുരന്ത നിവാരണ നിധി, ദേശീയ ദുരന്ത കണ്ടിജൻസി ഫണ്ട് എന്നിവയിൽ നിന്നാവശ്യമായ സഹായത്തിന്റെ അളവ് ശുപാർശ ചെയ്യുകയും ചെയ്യും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സമിതി കേന്ദ്രസഹായത്തിന് അംഗീകാരം നൽകുന്നത്. ധനമന്ത്രി ചെയർമാനായും, ആഭ്യന്തരമന്ത്രി, കൃഷിമന്ത്രി, മറ്റ് അംഗങ്ങൾ എന്നിവരാണ് ഈ സമിതിയിൽ ഉൾപ്പെടുന്നത്.
ALSO READ : മനുഷ്യൻ നിസഹായനാവുമ്പോൾ ! രാജ്യത്തെ നടുക്കിയ ഏഴ് ദുരന്തങ്ങൾ