സ്വകാര്യ കമ്പനിയുടെ ദൗത്യത്തിൻറെ ഭാഗമായി മനുഷ്യൻ ബഹിരാകാശത്ത് ആദ്യമായി നടക്കുമ്പോൾ അതിൻറെ ഭാഗമാവുകയാണ് മലയാളി ബന്ധമുള്ള അന്ന മേനോൻ
ഇലോൺ മസ്ക് അയയ്ക്കുന്ന ബഹിരാകാശ പേടകമായ സ്പേസ് എക്സ് അടുത്ത ബുധനാഴ്ച പറന്നുയരുമ്പോൾ ഏറെ കൗതുകത്തോടെ കാത്തിരിക്കാൻ മലയാളികൾക്കുമുണ്ട് കാരണം. സ്വകാര്യ കമ്പനിയുടെ ദൗത്യത്തിൻറെ ഭാഗമായി മനുഷ്യൻ ബഹിരാകാശത്ത് ആദ്യമായി നടക്കുമ്പോൾ അതിൻറെ ഭാഗമാവുകയാണ് മലയാളി ബന്ധമുള്ള അന്ന മേനോൻ. സ്പേസ് എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻ എഞ്ചിനീയറാണ് അന്ന മേനോൻ.
മിഷൻ കമാൻഡറും ദൗത്യത്തിന് പണം നൽകുകയും ചെയ്ത ജരേഡ് ഐസക്മാൻ, അമേരിക്കൻ എയർഫോഴ്സിലെ റിട്ടയേർഡ് ലെഫ്റ്റനൻ്റ് കേണൽ സ്കോട്ട് പൊറ്റീറ്റ്. സ്പേസ്എക്സിലെ സീനിയർ സ്പേസ് ഓപ്പറേഷൻ എൻജിനീയറായ സാറാ ഗില്ലീസ് എന്നിവരാണ് അന്നക്കൊപ്പം ബഹിരാകാശത്ത് ഇതുവരെ മനുഷ്യൻ എത്തിയിട്ടില്ലാത്ത ദൂരത്തിൽ എത്തുന്ന മറ്റുള്ളവർ.
ALSO READ: ഭൂമിയിൽ കണ്ടെത്തിയതിൽ വെച്ച് ഗുണമേന്മയിൽ രണ്ടാമതുള്ള വജ്രം കിട്ടിയത് ഈ രാജ്യത്ത് നിന്നാണ്
സ്പേസ് എക്സിനായി ഡ്രാഗണിന് ക്രൂ മൊഡ്യൂൾ രൂപകൽപന ചെയ്ത് ശ്രദ്ധനേടിയ ആളാണ് അന്ന. അമേരിക്കൻ എയർഫോഴ്സിൽ ലഫ്റ്റനൻറ് കേണലായ അന്ന നേരത്തെ നാസയിൽ ഏഴു വർഷം ജോലി ചെയ്തിട്ടുണ്ട്. മിനസോട്ടയിൽ താമസമാക്കിയ മലയാളി ശങ്കരൻ മേനോൻറെ മകനായ ഡോ. അനിൽ മേനോൻ ആണ് അന്നയുടെ ജീവിത പങ്കാളി. യുക്രെയ്ൻ സ്വദേശിയായി ലിസയാണ് അമ്മ. അനിലും ബഹിരാകാശ പരിശീനത്തിലാണ്. ഉടൻ നാസയുടെ ദൗത്യത്തിൻറെ ഭാഗമായി യാത്രചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
ഇതിനകം നാല് പേരും ഫ്ലോറിഡയിൽ എത്തി ക്വാറൻ്റൈൻ സംവിധാനത്തിലാണ്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ മൂന്നാം ദിവസം ഐസക്മാനും ഗില്ലീസും ബഹിരാകാശ നടത്തത്തിന് ഇറങ്ങുമ്പോൾ സ്കോട്ട് പൊറ്റീറ്റും അന്ന മേനോനും സംവിധാനങ്ങൾ നിയന്ത്രിക്കുമെന്നാണ് റിപ്പോർട്ട്. ഭൂമിയിൽ നിന്ന് 870 മൈൽ അല്ലെങ്കിൽ 1400 കിലോമീറ്റർ ദൂരെ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമമാണ് പൊളാരിസ് ഡൗൺ.
ALSO READ:കഞ്ചാവ് കൃഷി നിയമപരമാക്കി; 5000ത്തോളം പേർക്ക് മാപ്പ് നൽകി മൊറോക്കൊ രാജാവ്
അപ്പോളോ 17ന് ശേഷം ബഹിരാകാശത്ത് സഞ്ചരിക്കാവുന്ന ദൂരത്തിൽ പൊളാരിസ് ഡൗണിലൂടെ റെക്കോർഡ് സൃഷ്ടിക്കപ്പെടും. ഹെൽത്ത് ഇംപാക്റ്റ് റിസർച്ചുകളും വാണിജ്യ ബഹിരാകാശ നടത്തവുമെല്ലാം ദൗത്യത്തിൻ്റെ ലക്ഷ്യങ്ങളാണ്. സ്റ്റാർലിങ്ക് സാറ്റ് ലൈറ്റ് നെറ്റ്വർക്ക് ഉപയോഗപ്പെടുത്തി ലേസർ കമ്മ്യൂണിക്കേഷൻ സാധ്യമാക്കാനുള്ള ശ്രമവും സംഘത്തിന് മുന്നിലുണ്ട്.
ദൗത്യത്തിൻ്റെ പ്രധാന വെല്ലുകളിലൊന്നാണ് വാൻ അലൻ റേഡിയേഷൻ ബെൽറ്റ്. ഭൂമിക്ക് ചുറ്റും അതിതീവ്ര റേഡിയേഷൻ കിരണങ്ങൾ കാണപ്പെടുന്ന ഭാഗമാണിത്. ദൗത്യത്തിൻ്റെ വലിയ വെല്ലുവിളിയാണ് ഈ ബെൽറ്റ്. റേഡിയേഷൻ ബെൽറ്റിനെ മറികടക്കാൻ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി സ്യൂട്ടുകൾ ആണ് ഇത്തവണ ഉപയോഗിക്കുന്നത്.
ALSO READ: പാനീയങ്ങളിൽ ലഹരി കലർത്തിയോ? പരിശോധിക്കാൻ വഴിയുണ്ടെന്ന് സ്പെയിനിലെ ടെക്കികൾ
2022ൽ പൊളാരിസ് ഡൗൺ ലോഞ്ചിങ് നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇവിഎ സ്യൂട്ടും സ്പേസ് വാക്കിന് ഉപയോഗപ്പെടുത്താവുന്ന ലാഡറും വികസിപ്പിച്ചെടുക്കുന്നതിലുണ്ടായ സമയമാണ് പദ്ധതി നീണ്ടുപോകാനുള്ള കാരണം.