കസ്‌ക് മേഖലയുടെ അതിര്‍ത്തിയിലുള്ള സുമി പ്രവിശ്യയിലെ യുക്രെയ്‌ന്‍റെ താല്‍ക്കാലിക സൈനികത്താവളമായിരുന്നു റഷ്യയുടെ ലക്ഷ്യം
യുക്രെയ്ന്‍ സേനയ്ക്ക് നേരെ ആക്രമണം നടത്തുന്ന വീഡിയോ പുറത്തു വിട്ട് റഷ്യന്‍ സൈന്യം. എസ് യു- 34 ബോംബര്‍ വിമാനം ഉപയോഗിച്ച് യുക്രെയ്ന്‍ സേനയെ ആക്രമിക്കുന്നതായാണ് വീഡിയോ. റഷ്യന്‍ അതിര്‍ത്തിയിലെ കസ്‌കില്‍ നേരിട്ട ആക്രമണത്തിനു തിരിച്ചടിക്കുകയായിരുന്നു റഷ്യ. സൈന്യം പുറത്തു വിട്ട വിവരങ്ങള്‍ പ്രകാരം, എഫ്എബി -3000 എന്ന വന്‍ പ്രഹര ശേഷിയുള്ള ബോബുകളാണ് ആക്രമണത്തിനായി റഷ്യ ഉപയോഗിച്ചിരിക്കുന്നത്.
കസ്‌ക് മേഖലയുടെ അതിര്‍ത്തിയിലുള്ള സുമി പ്രവിശ്യയിലെ യുക്രെയ്‌ന്‍റെ താല്‍ക്കാലിക സൈനിക താവളമായിരുന്നു റഷ്യയുടെ ലക്ഷ്യം. യുക്രെയ്ന്‍ സായുധ സേനയുടെ ആള്‍ബലവും ആയുധബലവും കേന്ദ്രീകിരിക്കുന്നത് ഈ മേഖലയിലാണെന്നാണ് റഷ്യ പറയുന്നത്. അതു തന്നെയാണ് ആക്രമണത്തിന്‍റെ കാരണവും.
അതേസമയം, റഷ്യന്‍ അധീനതയിലുള്ള കരിങ്കടലിലെ കിന്‍ബേണ്‍ കരഭാഗത്ത് യുക്രെയ്ന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് മിന്നല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ആറ് റഷ്യന്‍ സായുധ വാഹനങ്ങളും സേനാംഗങ്ങളും കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ സൈനിക ഇന്‍റലിജന്‍സ് പറഞ്ഞു. ഫെബ്രുവരി 2022 നു തുടങ്ങിയ റഷ്യന്‍ അധിനിവേശത്തിലാണ് യുക്രെയ്‌ന് കിന്‍ബേണ്‍ നഷ്ടമായത്.
ചൊവ്വാഴ്ച പുലര്‍ച്ചെയോടയാണ് ആയിരത്തോളം യുക്രെയ്ന്‍ സൈനികര്‍ റഷ്യന്‍ പ്രതിരോധ വലയം മറികടന്ന് കസ്‌ക് ആക്രമിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആണവ റിയാക്ടറുള്ള കസ്‌ക് പിടിച്ചടക്കുകയായിരുന്നു യുക്രെയ്‌ന്‍റെ ലക്ഷ്യം. മേഖലയുടെ വലിയൊരു ഭാഗം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ യുക്രെയ്‌ന് സാധിച്ചു. തിരിച്ചു പിടിക്കാന്‍ റഷ്യ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. റഷ്യയുടെ പ്രത്യാക്രമണങ്ങള്‍ മേഖലയില്‍ തുടരുകയാണ്.