
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റിമാരെ മർദിച്ച് യുവാവ്. വനിതാ ജീവനക്കാരായ മിനി,ലാലി എന്നിവരുടെ മുഖത്തും കൈകളിലും മർദനത്തിൽ പരുക്കേറ്റു.
എടക്കര സ്വദേശിയായ യുവാവാണ് ഇവരെ മർദിച്ചത്. രാത്രി എട്ടു മണിയോടെയാണ് സംഭവം. രാത്രി പ്രവേശനമില്ലാത്ത വനിതാ വാർഡിലേക്ക് പോകണം എന്നാവശ്യപ്പെട്ടായിരുന്നു മർദനം. ഇയാളുടെ ബന്ധുവായ സ്ത്രീ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. എട്ട് മണിക്ക് ശേഷം ഇവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല. ഇവിടേക്ക് പോകണം എന്നാവശ്യപ്പെട്ട് ഇയാൾ നിർബന്ധം പിടിക്കുകയും തടഞ്ഞ ജീവനക്കാരെ മർദിക്കുകയുമായിരുന്നു.
സംഭവത്തിന് ശേഷം ഇയാൾ മതിൽ ചാടി ഓടി രക്ഷപെട്ടു. മർദനമേറ്റ വനിതാ ജീവനക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.