കൈക്കൂലി അടക്കം നവീൻ ബാബുവിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്ന റിപ്പോർട്ടാണ് ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ ആയിട്ടുള്ള എ. ഗീത ഐഎഎസ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയിട്ടുള്ളത്
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രി കെ. രാജൻ്റെ മുന്നിലെത്തും. കൈക്കൂലി അടക്കം നവീൻ ബാബുവിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്ന റിപ്പോർട്ടാണ് ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണറായ എ. ഗീത ഐഎഎസ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചപ്പോൾ, ദിവ്യയുടെ വാദങ്ങളെ പ്രോസിക്യുഷൻ ശക്തമായി എതിർത്തിരുന്നു. അന്വേഷണ റിപ്പോർട്ട് കൂടി പരിശോധിക്കുന്നതോടെ വിഷയത്തിൽ ചിത്രം കൂടുതൽ വ്യക്തമായേക്കും.
റിപ്പോർട്ട് റവന്യൂ മന്ത്രി പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയുടെ കൂടി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. കളക്ടർ സ്ഥാനത്തുനിന്ന് അരുൺ കെ. വിജയനെ മാറ്റുന്നതടക്കമുള്ള നടപടികൾ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തീരുമാനിക്കുക. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ റിപ്പോർട്ടിനെ തള്ളിക്കൊണ്ട് പി.പി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിൽ നിന്ന് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം.
അതേസമയം, ടി.വി. പ്രശാന്തന് ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട് കുരുക്കായേക്കുമെന്ന് സൂചനയുണ്ട്. പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്നും, സർക്കാർ ശമ്പളം കൈപ്പറ്റുമ്പോൾ പെട്രോൾ പമ്പിന് അനുമതി തേടിയത് ചട്ടലംഘനമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഈ കണ്ടെത്തൽ. റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രശാന്തനെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും സാധ്യതയുണ്ട്.
യാത്രയയപ്പ് ചടങ്ങിൽ ആത്മഹത്യക്ക് കാരണമാകുന്ന പരാമർശങ്ങൾ ഇല്ലെന്ന് ദിവ്യ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചു. പൊതുപ്രവർത്തക എന്ന നിലയിൽ അഴിമതിക്കെതിരായ നിലപാടിൻ്റെ ഭാഗമായാണ് നവീൻ ബാബുവിനെതിരായ ആരോപണം പരസ്യമായി ഉന്നയിച്ചതെന്നും പി.പി. ദിവ്യ പറഞ്ഞു. പ്രശാന്തൻ്റെയും ഗംഗാധരൻ്റെയും പരാതികൾ മുന്നിലുണ്ട്. അതിൽ യാഥാർഥ്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടത് പൊലീസും മറ്റു സംവിധാനങ്ങളുമാണ്.
നവീൻ ബാബുവിനെതിരെ സംസാരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് താൻ തന്നെയാണ്. അഴിമതി കാണിക്കരുതെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു ലക്ഷ്യം. താൻ പറഞ്ഞ കാര്യങ്ങൾ ജനങ്ങളും അറിയണം. രണ്ട് ദിവസത്തിനുള്ളിൽ സത്യാവസ്ഥ പുറത്തുവരുമെന്ന് പറഞ്ഞത് എങ്ങനെ ആത്മഹത്യക്ക് കാരണമാകുമെന്നും ദിവ്യ ചോദിച്ചു. കളക്ടർ വിളിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിൽ പോയതെന്ന വാദവും ദിവ്യ കോടതിയിൽ ആവർത്തിച്ചു.
ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഇതാണ് ആത്മഹത്യക്ക് കാരണമായതെന്നും പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാർ വാദിച്ചു. യാത്രയയപ്പ് യോഗത്തിൽ ഉന്നയിച്ച അഴിമതി ആരോപണം രാവിലെ നടന്ന യോഗത്തിൽ ദിവ്യ പറഞ്ഞിരുന്നെന്നും, ഇത് ഉന്നയിക്കേണ്ട സ്ഥലമല്ല യാത്രയയപ്പ് പരിപാടിയെന്ന് കളക്ടർ ഓർമിപ്പിച്ചിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിവ്യ പറഞ്ഞ പ്രശാന്തൻ, ഗംഗാധരൻ എന്നിവരുടെ അഴിമതിയാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ALSO READ: നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; എൻഒസി നൽകുന്നതിന് സ്വീകരിച്ചത് സ്വാഭാവിക നടപടിക്രമം: റവന്യൂ വകുപ്പ് റിപ്പോര്‍ട്ട്