മരിച്ച് മണ്ണോട് ചേർന്നവരോട് സ്നേഹവും ബഹുമാനവും ആദരവുമെല്ലാം ബൊളീവിയക്കാർ പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ്
മരിച്ചവരോടുള്ള സ്നേഹവും ആദരവും മനുഷ്യർ പലരീതിയിലാണ് പ്രകടിപ്പിക്കുന്നത്. പ്രാർത്ഥനകൾ നടത്തിയും, ചില ആചാരങ്ങളിലൂടെയുമെല്ലാം മനുഷ്യർ മരണപ്പെട്ടവരെ ഓർമിക്കുന്നു. എന്നാൽ ബൊളീവിയയിൽ കാര്യം ഇത്തിരി വെറൈറ്റിയാണ്. ഇവിടുത്തെ ആചാരം കണ്ടാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോവും.
കല്ലറയ്ക്ക് ചുറ്റും വിവിധ തരം പൂക്കളാൽ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. തലയിൽ തൊപ്പി,മുഖത്ത് കണ്ണട ,ചുണ്ടിൽ കത്തിക്കൊണ്ടിരിക്കുന്ന സിഗരറ്റ്... അലങ്കാരം മരിച്ചവരുടെ തലയോട്ടിക്ക് മുകളിലാണ്. അതെ, ബൊളീവിയയിലെ വെറൈറ്റി ആചാരം ഇങ്ങനെയാണ്. ചില മൃതദേഹങ്ങളുടെ കണ്ണിന്റെ സ്ഥാനത്ത് പഞ്ഞിയാണ്. മരിച്ച് മണ്ണോട് ചേർന്നവരോട് സ്നേഹവും ബഹുമാനവും ആദരവുമെല്ലാം ബൊളീവിയക്കാർ പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ്.
വിശുദ്ധന്മാരുടെ ദിനമെന്ന് അറിയപ്പെടുന്ന ദിവസമാണ് ബൊളീവിയയിൽ ഈ ആചാരം. ഇതിന്റെ ഭാഗമായി ശവക്കല്ലറയിൽ നിന്ന് പ്രിയപ്പെട്ടവരുടെ തലയോട്ടികൾ പുറത്തെടുക്കും. വൃത്തിയാക്കിയ ശേഷം തൊപ്പിയും കണ്ണടയുമെല്ലാം വച്ച് അലങ്കരിക്കും. എന്തിനേറെ പറയണം, ചുണ്ടിൽ എരിയുന്ന സിഗരറ്റ് വരെ വെച്ചുകൊടുക്കും. ഇങ്ങനെ പുറത്തെടുക്കുന്ന തലയോട്ടികൾ മാത്രമല്ല, മ്യൂസിയങ്ങളിലുള്ളതും മെഡിക്കൽ ആവശ്യങ്ങൾക്കായി കൊടുത്തവയുമെല്ലാം ഈ ദിവസങ്ങളിൽ അലങ്കരിക്കും.
വർഷത്തിന്റെ പകുതിയും ഇങ്ങനെ അലങ്കരിച്ച് സൂക്ഷിച്ച് വയ്ക്കുന്ന തലയോട്ടികൾ ജീവിതത്തിന്റെയും മരണത്തിന്റെയും പ്രതീകമായാണ് ബൊളീവിയൻ ജനത കണ്ടുപോരുന്നത്. ഇത് മരിച്ചവർക്കുള്ള ആദരവാണെന്നും ആത്മാക്കളെ സമൂഹവുമായി ബന്ധപ്പെടുത്തുമെന്നുമാണ് ഇവരുടെ വിശ്വാസം. ആരോഗ്യം, പണം, സ്നേഹം തുടങ്ങിയവ പൂർവികരിൽ നിന്ന് തങ്ങൾക്ക് ലഭിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.