
ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒന്‍പത് വയസാക്കി കുറച്ചതില്‍ പ്രതിഷേധം കനക്കുന്നു. വിവാഹ പ്രായം കുറയ്ക്കുന്നത് പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം നിയമപരമാക്കുന്നതിന് തുല്യമാണെന്ന് ഇറാഖിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷക വിമര്‍ശിക്കുന്നു. നിരവധി സംഘടനകള്‍ ഇറാഖിലെ പുതിയ നിയമത്തിനെതിരെ പ്രതിഷേധം കനപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
നിലവില്‍ 18 വയസാണ് ഇറാഖിലെ വിവാഹ പ്രായം. എന്നാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ബില്‍ പ്രകാരം പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒന്‍പതും ആണ്‍കുട്ടികളുടേത് പതിനഞ്ചുമായി കുറയും. ഇത് ശൈശവ വിവാഹങ്ങളും സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങളും വര്‍ധിക്കുന്നതിന് കാരണമാകുമെന്നുമാണ് മനുഷ്യവകാശ പ്രവര്‍ത്തകരും സ്ത്രീ സംരക്ഷണ സംഘടനകളും പ്രധാനമായും ഉയര്‍ത്തുന്ന ആശങ്ക.
ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍, അത് സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ദുരന്തമാകുമെന്നാണ് ബില്ലിനെ എതിര്‍ക്കുന്ന സംഘടനകളുടെ കോര്‍ഡിനേറ്ററും അഭിഭാഷകയുമായ റയ ഫായിഖ് പറയുന്നത്. 'ഈ നിയമം സ്ത്രീകള്‍ക്കെതിരായ ദുരന്തം തന്നെയാണ്. എന്റെ ഭര്‍ത്താവും കുടുംബവും ശൈശവ വിവാഹത്തെ എതിര്‍ക്കുന്നു. പക്ഷെ ആലോചിച്ചു നോക്കൂ എന്റെ മകള്‍ വിവാഹിതയായി, അവള്‍ക്ക് ഒരു മകള്‍ ഉണ്ടാകുന്നു എന്ന് കരുതുക. എന്നിട്ട് എന്റെ മകളുടെ ഭര്‍ത്താവിന് തന്നെ എന്റെ കൊച്ചുമകളെയും വിവാഹം കഴിക്കണം എന്ന് തോന്നിയാലോ? പുതിയ നിയമം അയാളെ അതിന് അനുവദിക്കും. എതിര്‍ക്കാന്‍ എനിക്കും കഴിയില്ല. അതുകൊണ്ട് തന്നെ ഈ നിയമം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം നിയമപരമാക്കുകയാണ് ചെയ്യുന്നത്,' റയാ ഫായിഖ് പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ബില്‍ നിയമവിധേയമായി കഴിഞ്ഞാല്‍ മതം അനുസരിച്ചുള്ള നിയമം വേണോ സിവില്‍ നിയമങ്ങള്‍ വേണോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാനാകും. ഇതിന് പുറമെ സ്വത്തവകാശം, വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി അവകാശം എന്നീ കാര്യങ്ങളിലും അവകാശ ലംഘനത്തിന് ഈ നിയമം കാരണമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.