സ്ത്രീകളുടെ വിവാഹ പ്രായം 9, പുരുഷന്മാരുടേത് 15; വിവാദമാകുന്ന പുതിയ നിയമ ഭേദഗതി, ഇറാഖ് ലക്ഷ്യം വെക്കുന്നതെന്ത്?

രാജ്യത്ത് നിലവിൽ 18 വയസാണ് വിവാഹ പ്രായം. രാജ്യത്തെ വ്യക്തി നിയമം ഭേദഗതി ചെയ്തd സ്ത്രീകളുടെ വിവാഹപ്രായം ഒൻപതായി കുറയ്ക്കണമെന്ന ബിൽ നിയമ മന്ത്രാലയമാണ് കൊണ്ടുവന്നിരിക്കുന്നത്
സ്ത്രീകളുടെ വിവാഹ പ്രായം 9, പുരുഷന്മാരുടേത് 15; വിവാദമാകുന്ന പുതിയ നിയമ ഭേദഗതി, ഇറാഖ് ലക്ഷ്യം വെക്കുന്നതെന്ത്?
Published on

ഇറാഖിൽ സ്ത്രീകളുടെ വിവാഹ പ്രായം ഒൻപത് വയസായി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. രാജ്യത്ത് നിലവിൽ 18 വയസാണ് വിവാഹ പ്രായം. രാജ്യത്തെ വ്യക്തി നിയമം (Personal Status Law) ഭേദഗതി ചെയ്ത്, സ്ത്രീകളുടെ വിവാഹപ്രായം ഒൻപതായി കുറയ്ക്കണമെന്ന ബിൽ ഇറാഖ് നിയമ മന്ത്രാലയമാണ് കൊണ്ടുവന്നിരിക്കുന്നത്.



ഈ ബിൽ പ്രകാരം, കുടുംബ കാര്യത്തിൽ മതമേധാവികളുടെ നിയമങ്ങളാണോ, അതോ സിവിൽ നിയമങ്ങളാണോ പാലിക്കേണ്ടതെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. അതേസമയം, സ്ത്രീകളുടെ സ്വത്തവകാശം, വിവാഹമോചനം, കുട്ടികളുടെ കസ്റ്റഡി അവകാശം എന്നീ മേഖലകളിൽ, അവകാശലംഘനത്തിന് നിയമഭേദഗതി കാരണമാകുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ബിൽ പാസാക്കുകയാണെങ്കിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒൻപതായും, ആൺകുട്ടികളുടെ വിവാഹപ്രായം 15 ആയും കുറയും. ഇത് വ്യാപകമായ ബാല വിവാഹങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമായേക്കുമെന്നും ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യം രാജ്യത്ത് ദശാബ്ദങ്ങളായി ഉയർന്നുവരുന്ന ലിംഗ നീതി, സ്ത്രീകളുടെ അവകാശ സംരക്ഷണം എന്നീ പുരോഗമന നിലപാടുകളിൽ നിന്നുള്ള പിന്നോട്ടു പോക്കായാണ് വിലയിരുത്തപ്പെടുന്നത്.



മനുഷ്യാവകാശ സംഘടനകൾ, വനിതാ സംഘടനകൾ, സിവിൽ സൊസൈറ്റി ആക്ടിവിസ്റ്റുകൾ എന്നിവരെല്ലാം ഒറ്റക്കെട്ടായാണ് ഈ ബില്ലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ബില്ലാണിതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വിവാഹ പ്രായം കുറയ്ക്കുന്നത് വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്ക് കൂട്ടും, നേരത്തെയുള്ള ഗർഭകാലം, ഗാർഹിക പീഡനങ്ങൾ ഉയർത്തും തുടങ്ങിയ ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള യുണിസെഫിൻ്റെ നിലവിലെ കണക്കുകൾ പ്രകാരം, ഇറാഖിലെ പെൺകുട്ടികളിൽ 28 ശതമാനവും 18 വയസിന് മുൻപേ വിവാഹിതരാകുന്നുണ്ട്. ഈ നിയമം പാസാക്കുന്നതിലൂടെ രാജ്യമൊരിക്കലും മുന്നോട്ടായിരിക്കില്ല പോകുന്നതെന്നും പിന്നോട്ടായിരിക്കുമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷകനായ സാറാ സൻബാർ പറഞ്ഞു. കുടുംബങ്ങളിൽ പുരുഷാധിപത്യ പ്രവണത വർധിക്കുന്നതിനും അതിലൂടെയുള്ള കുടുംബ പ്രശ്നങ്ങൾക്കും ഈ നിയമ മാറ്റം കാരണമാകുമെന്ന് ഇറാഖ് വുമൺസ് നെറ്റ്‌വർക്ക് അംഗമായ അമൽ കബാഷി ചൂണ്ടിക്കാട്ടി.

ജൂലൈ അവസാനം പാർലമെൻ്റിൽ കൊണ്ടുവന്ന ബിൽ, നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഭേദഗതിക്കായി തിരിച്ചയച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് നാലിന് ബിൽ വീണ്ടും, ഷിയ വിഭാഗത്തിന് മുൻതൂക്കമുള്ള സഭയിൽ പുനരവതരിപ്പിക്കപ്പെട്ടു. 1959ലെ നിയമത്തിൽ നിന്നുള്ള മാറ്റമായാണ് പുതിയ ബില്ലിനെ വിലയിരുത്തപ്പെടുന്നത്. സർക്കാരിൽ നിന്നും അധികാരം പതുക്കെ മതമേലധ്യക്ഷന്മാരുടെ കൈകളിലേക്ക് പോകുന്നതിനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഇസ്ലാം മതസ്ഥരിലെ സുന്നി, ഷിയ വിഭാഗങ്ങൾക്കിടയിൽ മത നിയമങ്ങൾ കൊണ്ടുവരുന്നതിനുള്ള നീക്കമാണിത്. അതേസമയം, രാജ്യത്തെ വിശാലമായ മറ്റു മതവിഭാഗങ്ങളിൽ നിന്നുള്ളവരെയോ, ഇതര സമുദായങ്ങളെയോ ഈ ബിൽ പരിഗണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ബില്ലിനെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇസ്ലാമിക നിയമം കൂടുതൽ വ്യവസ്ഥാപിതമാക്കാനും, അധാർമിക ബന്ധങ്ങളിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാനും ബിൽ സഹായിക്കുമെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്. ഈ ന്യായവാദം തെറ്റാണെന്നും ശൈശവ വിവാഹത്തിൻ്റെ കഠിനമായ യാഥാർഥ്യങ്ങളെ അവഗണിക്കുകയാണെന്നും എതിരാളികൾ വിമർശിക്കുന്നു. നേരത്തെ നടത്തിയ പല ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ നിയമം മാറ്റാനുള്ള ഈ ശ്രമം വിജയിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.

"മത അധികാരികൾക്ക് വിവാഹത്തിന് അധികാരം നൽകുന്നതിലൂടെ ഭേദഗതി ഇറാഖി നിയമത്തിന് കീഴിലുള്ള സമത്വമെന്ന ആശയത്തെ തന്നെ ദുർബലപ്പെടുത്തും. ഇത് ഒമ്പത് വയസ് പ്രായമുള്ള പെൺകുട്ടികളുടെ വിവാഹം നിയമവിധേയമാക്കുകയും, എണ്ണമറ്റ പെൺകുട്ടികളുടെ ഭാവിയും ക്ഷേമവും മോഷ്ടിക്കുകയും ചെയ്യും. പെൺകുട്ടികൾ ഉണ്ടാകേണ്ടത് കളിസ്ഥലത്തും സ്കൂളിലുമാണ്, അല്ലാതെ വിവാഹ വസ്ത്രത്തിലല്ല,” ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷകനായ സാറാ സൻബാർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com