എന്തുകൊണ്ട് കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്നത് പരിശോധന നടത്തിയിട്ടുണ്ട്
വീണ ജോർജ്
അമീബിക് മസ്തിഷ്കജ്വരം പകർച്ചവ്യാധി അല്ലെന്നും ആരെയും നിരീക്ഷണത്തിൽ വെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കേരളത്തിൽ ആകെ ചികിത്സയിലുള്ള 9 പേർക്കുമുള്ള മരുന്നും നിലവിലുണ്ട്. കൂടുതൽ മരുന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും വീണ ജോർജ് പറഞ്ഞു. നിലവിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നടത്തുന്നത്.എന്തുകൊണ്ട് കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്നത് പരിശോധന നടത്തിയിട്ടുണ്ട്.
ഇതിൽ ഗവേഷണം നടത്താൻ ഐ.സി.എം.ആറിന് കത്തയച്ചിട്ടുണ്ട്. ചികിത്സയിൽ ഉള്ളവർക്ക് നൽകാനുള്ള മെൽറ്റിഫോസിൻ മരുന്ന് നിലവിലുണ്ട്. മലിനമായതും മൃഗങ്ങളെ കുളിപ്പിക്കുന്നതും പായൽ പിടിച്ചതുമായ വെള്ളത്തിൽ കുളിക്കരുതെന്നും വൃത്തിയാക്കപ്പെട്ട കുളത്തിലെ നീന്തുകയോ കുളിക്കുകയോ ചെയ്യാവൂവെന്നും നിർദേശം നൽകിയിട്ടുണ്ട്.
ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾക്ക് കൂടി രോഗമുക്തി
അതിയന്നൂർ പഞ്ചായത്തിലെ കുളത്തിൽ ആരും ഇറങ്ങാതിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വെള്ളം കുളത്തിൽ നിന്ന് പുറത്തേക്ക് പോകാതിരിക്കാൻ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കുളത്തിലെ അമീബയുടെ സാന്ദ്രത പരിശോധിക്കുമെന്നും പല വിഭാഗങ്ങൾ ചേർന്ന് സംയുക്ത പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു. ആദ്യം തന്നെ രോഗം കണ്ടുപിടിക്കുന്നത് വളരെ പ്രധാനമാണെന്നും രോഗത്തിനെതിരെ സാധ്യമായതെല്ലാം ചെയ്തുവെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.