എടക്കരയിൽ രാവിലെ 10നും കരുവാരക്കുണ്ടിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് പരിപാടി നടക്കുന്നത്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രയിൽ തൃണമൂൽ കോൺഗ്രസ് കേരള കൺവീനർ പി.വി. അൻവറും പങ്കെടുക്കും. ഇന്ന് മലപ്പുറത്ത് എടക്കരയിലും കരുവാരക്കുണ്ടിലും നടക്കുന്ന സ്വീകരണയോഗത്തിലാണ് അൻവർ പങ്കെടുക്കുക.
എടക്കരയിൽ രാവിലെ 10നും കരുവാരക്കുണ്ടിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് പരിപാടി നടക്കുന്നത്. തൃണമൂൽ കോൺഗ്രസിൻ്റെ ഭാഗമായതിനു ശേഷം ഇതാദ്യമായാണ് യുഡിഎഫിന്റെ ചടങ്ങിൽ അൻവർ പങ്കെടുക്കുന്നത്. വൈകീട്ട് 5 മണിക്ക് പാലക്കാട് മണ്ണാർക്കാടാണ് ഇന്ന് യാത്ര സമാപിക്കുക. നെല്ലിപ്പുഴയ്ക്ക് സമീപമുള്ള മൈതാനത്ത് നടക്കുന്ന സ്വീകരണസമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. ജില്ലയിലെ പഞ്ചായത്തുകളിൽനിന്നായി 3,000 പേർ പങ്കെടുക്കും. ജില്ലാ അതിർത്തിയായ ആഞ്ഞിലങ്ങാടിവഴി വരുന്ന മലയോര സംരക്ഷണജാഥയെ വട്ടമണ്ണപ്പുറത്ത് സ്വീകരിക്കും.
ALSO READ: ധനികർ വോട്ട് തേടുന്ന ഡൽഹി തെരഞ്ഞെടുപ്പ്; സമ്പത്തിൽ മുൻപിൽ ബിജെപി സ്ഥാനാർഥികൾ
വയനാട്, കോഴിക്കോട് ജില്ലകളിലാണ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ മലയോര സമര പ്രചരണ യാത്ര നടക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ നിന്നും മലയോര ജനതയെ രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന മലയോര സമര യാത്ര നടത്തുന്നത്. കടുവ ആക്രമണവും, പ്രതിഷേധങ്ങളും നിലനിൽക്കുന്ന സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് നീക്കം.
മലയോര ജാഥയ്ക്ക് ശേഷം പരിഹാരമാർഗങ്ങൾ സമർപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ മേഖലയിലുള്ള ആളുകളുമായി കൂടി ആലോചിച്ചാണ് പരിഹാരമാർഗം നിർദേശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.