ജീവനോടെ കിണറ്റിലിട്ടെന്നായിരുന്നു ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കിയത്.
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ല, ശ്വാസകോശത്തില്‍ വെള്ളം കയറിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹം ബന്ധു വീട്ടിലെത്തിച്ചു.
കുഞ്ഞിന്റേത് കൊലപാതകമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ അമ്മാവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജീവനോടെ കിണറ്റിലിട്ടെന്നായിരുന്നു ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കിയത്. കൊലപ്പെടുത്താന്‍ സഹായിച്ചത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഹരികുമാറിന്റെ ചില താല്‍പര്യങ്ങളും ആവശ്യങ്ങളും നടക്കാത്തതിലുള്ള അതൃപ്തിയാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. വാട്‌സ്ആപ് ചാറ്റുകളും ഇതിന് തെളിവായി. കൂടുതല്‍ തെളുവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തും. അമ്മയുടെ പങ്ക് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യും. ശ്രീതു നിലവില്‍ കസ്റ്റഡിയിലാണുള്ളത്. അമ്മൂമ്മയേയും അച്ഛനേയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആവശ്യമെങ്കില്‍ ഇവരെ വിളിച്ചു വരുത്തുമെന്നും ഡിവൈഎസ്പി എസ്. ഷാജി പറഞ്ഞു.
കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്ന് തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാകുന്നത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. ഹരികുമാറിന് വിചിത്ര സ്വഭാവമുള്ളതായും സൂചനയുണ്ട്. കുഞ്ഞിനോട് നേരത്തേ മുതല്‍ ദേഷ്യമുള്ളതായും ഉപദ്രവിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കാണാതായത്. പിന്നാലെ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. ആദ്യ ഘട്ടത്തില്‍ വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലില്‍ അമ്മ ശ്രീതുവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടായിരുന്നു. തനിക്കൊപ്പമാണ് മകള്‍ ദേവേന്ദു കിടന്നുറങ്ങിയതെന്ന അമ്മയുടെ മൊഴി കേസിലെ നിര്‍ണായക വഴിത്തിരിവായി. അമ്മാവനൊപ്പമാണ് കിടന്നുറങ്ങിയതെന്ന മൊഴിയാണ് അച്ഛന്‍ ശ്രീജിത്ത് പൊലീസിന് നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ കുട്ടി യഥാര്‍ത്ഥത്തില്‍ അമ്മാവനൊപ്പമാണ് കിടന്നിരുന്നത് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.