ഹസീനയ്ക്ക് അഭയം നല്‍കുന്നതില്‍ യുകെ നിശബ്ദത തുടരുന്നതിലും യുഎസ് വിസ തള്ളിയതിലും പ്രതികരിക്കുകയായിരുന്നു സജീബ്
സൈമ വസീദ്,സജീബ് വസീദ്, ഷെയ്ഖ് ഹസീന
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എവിടെയും അഭയം തേടിയിട്ടില്ലയെന്നും രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നും മകന്‍ സജീബ് വസീദ്. ഹസീനയ്ക്ക് അഭയം നല്‍കുന്നതില്‍ യുകെ നിശബ്ദത തുടരുന്നതിലും യുഎസ് വിസ തള്ളിയതിലും പ്രതികരിക്കുകയായിരുന്നു സജീബ് . 76 വയസ്സുള്ള ഹസീന ഇനിയുള്ള സമയം കുടുംബമൊന്നിച്ച് കഴിയുമെന്ന് മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 24 മണിക്കൂറിനു മുകളിലായി ഹസീന ഇന്ത്യയില്‍ തങ്ങുകയാണ്.
Also Read: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശ് ജനത തിരസ്ക്കരിക്കുമ്പോള്‍...
"അഭയം തേടുന്നുവെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. അവര്‍ ആരോടും അഭയം ആവശ്യപ്പെട്ടിട്ടില്ല", സജീബ് വസീദ് പറഞ്ഞു.
ഹസീന രാഷ്ട്രീയം ഉപേക്ഷിച്ചുവെന്ന് സജീബ് ഉറപ്പിച്ചു പറഞ്ഞു. യുകെ, യുഎസ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ബന്ധുക്കള്‍ക്കൊപ്പം മാറിമാറി താമസിക്കാനാണ് ഹസീനയുടെ തീരുമാനം എന്നും മകന്‍ അറിയിച്ചു. സജീബ് ഇപ്പോള്‍ വാഷിങ്ടണിലാണ് താമസം. ഹസീനയുടെ മകള്‍ സൈമ വസീദ് ലോക ആരോഗ്യ സംഘടനയുടെ തെക്ക് കിഴക്കന്‍ ഏഷ്യയുടെ റീജ്യണല്‍ ഡയറക്റ്ററായി ഡല്‍ഹിയില്‍ താമസിക്കുകയാണ്. വിരമിക്കലിനെ കുറിച്ച് മകൻ നീണ്ട പദ്ധതികള്‍ വിശദീകരിച്ചിട്ടും ഹസീനയുടെ ഭാഗത്തു നിന്നും ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ല.
Also Read: ബംഗ്ലാദേശ്: ഇടക്കാല സര്‍ക്കാരിനായുള്ള പ്രാഥമിക പട്ടിക സമര്‍പ്പിച്ച് വിദ്യാര്‍ഥി പ്രതിനിധികള്‍
കഴിഞ്ഞ ദിവസമാണ് ഹസീന ബംഗ്ലാദേശ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയത്. ധാക്കയില്‍ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുവാന്‍പോലും നില്‍ക്കാതെ രാജ്യം വിടുകയായിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നും ഹസീനക്ക് അഭയം നല്‍കുന്നതില്‍ തീരുമാനങ്ങളൊന്നും വന്നിട്ടില്ല. ബംഗ്ലാദേശില്‍ കാര്യങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ പ്രതികരണം. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് സുരക്ഷ ശക്തമാക്കി.