ഞാൻ യൂസഫിൻ്റെ ഉമ്മ അല്ല, പലസ്തീനിലെ കുട്ടികളുടെ ഉമ്മയാണ്
ഗാസയില്‍ പോഷകാഹാരക്കുറവില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇതിനിടെ, പോഷകാഹാരക്കുറവ് തളർത്തിയ മകനെ മാറോടണച്ച് ആശുപത്രിയിലേക്ക് നീങ്ങുന്ന പലസ്തീൻ അമ്മയുടെ ദൃശ്യം ലോകത്തിൻ്റെ ഉള്ളുപൊള്ളിക്കുകയാണ്.
"പൊന്നോമനയുടെ വെള്ളാരം കണ്ണുകള്‍ പാതിമയക്കത്തിലാണ്. കൈകാലുകള്‍ തളർന്നുപോയിരിക്കുന്നു. കഠിനമായ വേദനകള്‍ക്കിടയില്‍ ഉമ്മായെന്ന് വിളിച്ച് കരയാൻ പോലും അവൻ്റെ നാവുകള്‍ക്ക് ആരോഗ്യമില്ല. കണ്‍മുന്നില്‍ മകൻ അന്ത്യശ്വാസം വലിക്കുന്നത് കാണാനുള്ള ശേഷി എനിക്കില്ല. നിസഹായതയുടെ പാതയിലൂടെ നീങ്ങുകയാണ് ഞാൻ.
READ MORE: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശ് ജനത തിരസ്ക്കരിക്കുമ്പോള്‍...
എൻ്റെ യൂസഫിനെ പോലെ നസർ ആശുപത്രിയുടെ വരാന്തയില്‍ ശോഷിച്ച കൈകാലുകളും ഒട്ടിയ വയറുമായി ധാരാളം കുട്ടികളുണ്ട്. യുദ്ധം ഞങ്ങളുടെ ജീവനും ജീവിതവും കവർന്നിരിക്കുന്നു. ഭക്ഷണവും വെള്ളവുമില്ല. മാംസവും മുട്ടയും ഉള്‍പ്പെടെ എല്ലാത്തരം ഭക്ഷണങ്ങളും കഴിച്ച് വളർന്ന മക്കള്‍ക്ക് ഇപ്പോൾ പോഷാകാഹാരങ്ങളില്ല. പട്ടിണിയകറ്റാൻ ലഭിക്കുന്ന എണ്ണ നിറഞ്ഞ പായ്ക്ക് ചെയ്ത ഭക്ഷണം ആരോഗ്യം മോശമാക്കുന്നു.
ആശുപത്രി നിറഞ്ഞുകവിഞ്ഞിരിക്കുന്നു. കിടക്കകളില്ല, ചികിത്സ കിട്ടാതെ മരിക്കുകയാണ് കുഞ്ഞുങ്ങള്‍. ജീവനാഡിയായ റഫാ ക്രോസിംഗ്, സംഘർഷം കടുത്തപ്പോള്‍ അടച്ചുപൂട്ടിയതും പ്രതിസന്ധിയായി. ഇന്ന് തുറക്കും, നാളെ തുറക്കുമെന്നെല്ലാം പറയുന്നതല്ലാതെ തുറക്കുന്നില്ല. പ്രതീക്ഷയുമില്ല.
പക്ഷേ എൻ്റെ യൂസഫിനെ മരണത്തിന് വിട്ടുകൊടുത്തു നിസഹായതയോടെ നില്‍ക്കാനാവുന്നില്ല. അവന്‍ പഴതുപോലെ ഓടിനടക്കുന്നതും വേദനയില്ലാതെ മന്ദഹസിക്കുന്നതും എനിക്ക് കാണണം. മറ്റേതൊരു കുട്ടിയെയും പോലെ അതെല്ലാം അവൻ്റെ അവകാശമാണ്. എൻ്റെ ആഗ്രഹവുമാണ്. ഞാൻ യൂസഫിൻ്റെ ഉമ്മ അല്ല, പലസ്തീനിലെ കുട്ടികളുടെ ഉമ്മയാണ്... "