
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ അനിശ്ചിതത്വത്തിലായ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. വലിയ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, നിലവില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് രാജ്യം. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ പട്ടാള മേധാവി പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, നോബല്‍ സമാധാന സമ്മാന ജേതാവ് മുഹമ്മദ് യൂനസിനെ പുതിയ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായി നിയമിക്കണമെന്നാണ് വിദ്യാര്‍ഥി സമൂഹത്തിന്റെ ആവശ്യം. വിദ്യാര്‍ഥികളുടെ ആവശ്യത്തോട് യൂനസും അനുകൂലമായി പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
"വിദ്യാര്‍ഥികള്‍ ആദ്യം ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ സമ്മതിച്ചിരുന്നില്ല. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് എന്നാണ് ഞാനവരോട് പറഞ്ഞത്. എന്നാല്‍ കുട്ടികള്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വിദ്യാര്‍ഥികളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ശരിയായ രീതിയില്‍ രാജ്യത്ത് ഭരണം നടത്താനുള്ള അവസരമാണിപ്പോഴുള്ളത്. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്താല്‍ മാത്രമേ അത് സാധ്യമാകുകയുള്ളൂ. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍, അതാര്‍ക്കും ഗുണം ചെയ്യുകയില്ല. അതുകൊണ്ടാണ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു വിദ്യാര്‍ഥികളിലൊരാള്‍ പ്രതികരിച്ചത്" - യൂനസിനെ ഉദ്ധരിച്ച് ദി ഡെയ്‍ലി സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വിദ്യാര്‍ഥികള്‍ വളരെ പ്രതിഷേധിച്ചു. അതിനെല്ലാം അവര്‍ക്ക് പ്രതിഫലം കിട്ടേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇത്രയും ത്യാഗം അനുഭവിക്കാമെങ്കില്‍, രാജ്യത്തെ ജനങ്ങള്‍ക്ക് ഇത്രയും ത്യാഗം അനുഭവിക്കാമെങ്കില്‍ എനിക്കും ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാം. അത്തരമൊരു ചിന്തയിലാണ്, ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് കുട്ടികളോട് അറിയിച്ചതെന്നും ദി ഡെയ്‍ലി സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒളിംപിക് കമ്മിറ്റിയുടെ ക്ഷണപ്രകാരം പാരീസിലുള്ള യൂനസ് എത്രയും വേഗം ബംഗ്ലാദേശില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹസീന പദവിയൊഴിയാന്‍ കാരണമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളാണ് മുഹമ്മദ് യൂനസിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു കൊണ്ടുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ യൂനസിനെ ഇടക്കാല സർക്കാരിൻ്റെ ഉപദേഷ്ടകനാക്കുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചത്.
നേരത്തെ, സൈന്യത്തിൻ്റെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. കരസേന മേധാവി വാക്കർ ഉസ് സമാൻ, വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ. നേവി-എയർഫോഴ്സ് സേനാ മേധാവികൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. വിദ്യാർഥി നേതാക്കളുമായി കരസേന മേധാവി ഇന്ന് കൂടിക്കാഴ്ച നടത്തും. അതേസമയം, യോഗത്തെ തുടർന്ന് വീട്ടുതടങ്കലിലുള്ള ബിഎൻപി അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ വിദ്യാർഥികളെയും മോചിപ്പിക്കും.
ബംഗ്ലാദേശിലെ ആഭ്യന്തര കലാപം രൂക്ഷമായതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെക്കുകയും സൈന്യം അധികാരം ഏറ്റെടുക്കുകയുമായിരുന്നു. ഹസീനയുടെ പലായനത്തിന് ശേഷവും ബംഗ്ലാദേശിൽ പ്രക്ഷോഭം തുടരുകയാണ്. നിലവിൽ ഇന്ത്യയിൽ താൽക്കാലിക അഭയം തേടിയിരിക്കുകയാണ് ഹസീന.