ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ ഫോഴ്സ് വ്യോമത്താവളത്തിലാണ് ഷെയ്ഖ് ഹസീനയും സഹോദരിയും വിമാനമിറങ്ങിയത്
ബംഗ്ലാദേശിലെ സംഘർഷങ്ങളെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ഷെയ്ഖ് ഹസീന, ലണ്ടനിൽ രാഷ്ട്രീയ അഭയത്തിന് അനുമതി ലഭിക്കുന്നത് വരെ ഇന്ത്യയിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഷെയ്ഖ് ഹസീന ഇപ്പോഴുള്ളത്.
ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കൊടുവിൽ രാജിവെച്ച ഷെയ്ഖ് ഹസീനയും സഹോദരിയും ലണ്ടനിലേക്കുള്ള യാത്രക്കിടെ ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ ഫോഴ്സ് വ്യോമത്താവളത്തിൽ വിമാനമിറങ്ങുകയായിരുന്നു. ഇവിടെനിന്നും ലണ്ടനിലേക്കു പോകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഷെയ്ഖ് ഹസീനയുടെ വിമാനത്തിന് ലണ്ടനിലേക്ക് പോകാനായി കേന്ദ്ര സർക്കാർ ഇന്ധനം നിറച്ച് നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഹസീന രണ്ട് മൂന്ന് ദിവസം കൂടി ഇന്ത്യയിൽ തുടരുമെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ അതിർത്തികളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേഘാലയ-ബംഗ്ലാദേശ് അതിർത്തിയിൽ രാത്രി സമയത്ത് 12 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും ബംഗ്ലാദേശ് കരസേനാ തലവൻ വക്കാർ ഉസ് സമാൻ രാജ്യത്തെ അഭിസംബോധന ചെയ്യവെ അറിയിച്ചിരുന്നു.
ALSO READ: മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ജയിൽ മോചിതയാക്കും; ഉത്തരവിട്ട് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ
ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയതിനെ തുടർന്ന് ബംഗ്ലാദേശിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഹിൻഡൺ എയർ ഫോഴ്സ് ബേസിൽ വിമാനമിറങ്ങിയ ഷെയ്ഖ് ഹസീന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷെയ്ഖ് ഹസീനയുടെ വിമാനത്തിന് ആകാശത്തും വ്യോമസേനയുടെ വിമാനങ്ങൾ സുരക്ഷ നൽകി. വിഷയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിദേശകാര്യ മന്ത്രി ജയശങ്കറുമായി ചർച്ച നടത്തി.