
ഒളിംപിക്സ് ഗുസ്തിയിൽ അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ വിധിക്കായി കാത്തിരിക്കുകയാണ് ഇന്ത്യ. ഞായറാഴ്ച വിധി പറയുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും ചൊവ്വാഴ്ച രാത്രി 9.30 നാണ് വിധി വരികയെന്നാണ് പുതിയ വിവരം.വെള്ളി മെഡൽ പങ്കിടണമെന്നാവശ്യപ്പെട്ടാണ് വിനേഷ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.
ഭാരം കൂടുവാനുള്ള കാരണമായി ഫോഗട്ട് കോടതിയിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളിലൊന്ന് ഗുസ്തി മത്സര വേദിയും ഒളിംപിക്സ് വില്ലേജും തമ്മിലുള്ള ദൂര വ്യത്യാസമാണ്. മാത്രമല്ല അടുപ്പിച്ചുള്ള മത്സരങ്ങളും മൂലമുണ്ടായ സമയക്കുറവും ഭാരം കുറക്കുവാൻ തടസ്സമായെന്നും പറയുന്നു. ഇത് രണ്ടും ഭാരം കുറക്കുവാൻ ആവശ്യമായത്ര സമയം നൽകിയില്ലെന്ന് ഫോഗട്ടിൻ്റെ കൗൺസിൽ അറിയിച്ചു.ആദ്യ മത്സരത്തിന് ശേഷം വിനേഷിൻ്റെ ഭാരം 52.7 കിലോഗ്രാം ആയിരുന്നു. നൂറ് ഗ്രാം ഭാരത്തിൻ്റെ യാതൊരു നേട്ടവും വിനേഷിന് മത്സരപരമായി ലഭിച്ചിട്ടില്ലെന്നും കൗൺസിൽ വാദിച്ചു.
"100 ഗ്രാം അധികഭാരം നിസാരമായി അവഗണിക്കാൻ കഴിയുന്നതും ഉഷ്ണകാലത്തെ ബ്ലോട്ടിങിൽ വെള്ളം കൂടുതൽ ആവശ്യമായി വരുന്നതിനാൽ സാധാരണ സംഭവിക്കാൻ സാധ്യതയുള്ളതുമാണ്. ഒരു ദിവസം മൂന്നു തവണ മത്സരമുണ്ടായതിനാലും ഇങ്ങനെ സംഭവിക്കും. മത്സരശേഷം ആരോഗ്യം നിലനിർത്തുവാനായി കഴിച്ച ഭക്ഷണവും ഇതിന് കാരണമാവാം"-ഫോഗട്ടിൻ്റെ കൗൺസിൽ കൂട്ടിച്ചേർത്തു.
50 കിലോഗ്രാം ഭാര വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് തൊട്ടു മുമ്പാണ് നൂറു ഗ്രാം ഭാരം അധികമായതിൻ്റെ പേരിൽ അയോഗ്യയായി പ്രഖ്യാപിച്ചത്.