
പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വിനേഷ് ഫോഗട്ട് കൃത്യമായ രീതിയിൽ തന്നെയാണ് ഫൈനലിന് യോഗ്യത നേടിയത്. വിനേഷിന് അര്‍ഹതപ്പെട്ട വെള്ളി മെഡല്‍ കവര്‍ന്നെടുത്തെന്നും സച്ചിന്‍ എക്സില്‍ കുറിച്ചു.
'എല്ലാ കായിക മത്സരങ്ങൾക്കും നിയമങ്ങളുണ്ട്. ആ നിയമങ്ങളെല്ലാം അതാത് ചട്ടക്കൂടുകൾക്കുള്ളിൽ തന്നെ കാണേണ്ടതുണ്ട്. എന്നാൽ ചിലപ്പോൾ അത് പുനഃപരിശോധിക്കേണ്ടതായും വരും. വിനേഷ് ഫോഗട്ട് കൃത്യമായ രീതിയിൽ തന്നെയാണ് ഫൈനലിന് യോഗ്യത നേടിയത്. ഭാരക്കൂടുതൽ ചൂണ്ടിക്കാട്ടി അവളെ അയോഗ്യയാക്കിയത് ഫൈനലിന് തൊട്ടുമുൻപായിരുന്നു. ഒരു കായികയിനത്തിൻ്റെ യുക്തിയും അറിവുകളുമെല്ലാം ചോദ്യം ചെയ്തുകൊണ്ടാണ് വിനേഷ് ഫോഗട്ടിൻ്റെ അർഹതപ്പെട്ട സിൽവർ മെഡൽ കവർന്നെടുക്കപ്പെട്ടിരിക്കുന്നത്.
പ്രകടനം മെച്ചപ്പെടുത്താനുള്ള ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് അവരെ പുറത്താക്കിയിരുന്നത് എങ്കിൽ അതിൻ്റെ യുക്തി മനസിലാക്കാമായിരുന്നു. അപ്പോൾ മെഡൽ നൽകാതിരുന്നാൽ അത് മനസിലാക്കാം. എതിരാളികളെയെല്ലാം കീഴ്പ്പെടുത്തിയാണ് വിനേഷ് ഫൈനലിൽ കടന്നത്. അവർ വെള്ളി മെഡൽ അർഹിക്കുന്നുണ്ട്. ആർബ്രിട്രേഷൻ ഫോർ സ്പോർട്സ് കോടതിയിലെ വിധിക്കായി എല്ലാവരും കാത്തിരിക്കുകയാണ്. വിനേഷ് ഫോഗട്ട് അർഹിക്കുന്ന അംഗീകാരം ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു'- സച്ചിന്‍ പറഞ്ഞു.