ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്തെത്തി
ബിഹാറിലെ ഹാജിപൂർ വാർഡ് കൗൺസിലറും ആർജെഡി അംഗവുമായ പങ്കജ് റായെ വെടിവച്ചു കൊലപ്പെടുത്തി. ബൈക്കിലെത്തിയ മൂവർ സംഘമാണ് വെടിയുതിർത്തത്. പങ്കജ് റായ് വീടിനു സമീപത്തെ തുണിക്കടയിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം.
രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ വെടിയേറ്റതായാണ് വിവരം. വെടിയൊച്ച കേട്ട് ഓടിയെത്തിയ വീട്ടുകാരും പ്രദേശവാസികളും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO RAED: കഴക്കൂട്ടത്തു നിന്ന് കാണാതായ 13 കാരി കന്യാകുമാരിയില്‍? കുട്ടിയെ കണ്ടതായി ദൃക്‌സാക്ഷി
സംഭവത്തിനു പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധനനില തകർന്നിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 'നീതിഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ ഗുണ്ടകൾ ഹാജിപൂർ വാർഡ് കൗൺസിലറെ വെടിവെച്ച് കൊലപ്പെടുത്തി. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും സമാധാനത്തോടെ ഉറങ്ങുകയാണ്, അവരുടെ ഗുണ്ടകൾ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നു.'- തേജസ്വി യാദവ് എക്സിൽ പ്രതികരിച്ചു.
ആർജെഡി എംഎൽഎ മുകേഷ് റോഷനും സംസ്ഥാനത്തെ ക്രമസമാധാന നിലയെ വിമർശിച്ചു. പാർട്ടിയിലെ സജീവ പ്രവർത്തകനായിരുന്നു പങ്കജ് റായ്. ഭരണപരാജയത്തിൻ്റെ തെളിവാണ് അദ്ദേഹത്തിൻ്റെ കൊലപാതകം. നേതാക്കൾ പോലും സ്വന്തം വീട്ടിൽ സുരക്ഷിതരല്ലെന്നതിൻ്റെ തെളിവാണ് പങ്കജ് റായുടെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.