ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നത് വിവരാവകാശ കമ്മീഷണറുടെ ധൈര്യം കൊണ്ട് മാത്രമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വളരെ വേദനയോടും ആശങ്കയോടുമാണ് കേരളം ഹേമ കമ്മറ്റി റിപ്പോർട്ടിനെ കേട്ടത്. ഇതിന് കാരണക്കാരായവർ സിനിമക്കാർ മാത്രമല്ല രാഷ്ട്രീയക്കാർ കൂടിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച് വർഷക്കാലം റിപ്പോർട്ട് പൂഴ്ത്തിവച്ചു. വിവരാവകാശത്തിന് മറുപടി കൊടുക്കണ്ട എന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നത് വിവരാവകാശ കമ്മീഷണറുടെ ധൈര്യം കൊണ്ട് മാത്രമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
സിനിമ മേഖലയിലെ അധോലോക സംഘത്തിനൊപ്പം മുഖ്യമന്ത്രി അടക്കമുള്ളവർ നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. വകുപ്പ് മന്ത്രിയെ മാറ്റിനിർത്തി നടപടി സ്വീകരിക്കണം എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
തൊഴിലിടങ്ങളിൽ പീഡനം നടത്തിയാൽ അതിനുള്ള ശിക്ഷയെ കുറിച്ച് അറിയാത്തവരല്ല സിനിമക്കാർ. ആരുടെയൊക്കെ പേരാണ് മറച്ചു പിടിച്ചിരിക്കുന്നത് എന്നറിയണം. ചില ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്നു. സാംസ്കാരിക മന്ത്രിക്ക് പേരുകൾ മറച്ച് പിടിക്കാൻ എന്ത് കിട്ടിയെന്ന് പറയണം. കേരളത്തിൻ്റെ പൊതു സമൂഹം ഈ സ്ത്രീകൾക്കൊപ്പമാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31 നാണ് സർക്കാരിന് കൈമാറിയത്. പിണറായി വിജയനു കൈമാറിയ റിപ്പോർട്ടിൽ 300 പേജുകളാണ് ഉണ്ടായിരുന്നത്. റിപ്പോർട്ട് നൽകി അഞ്ചുവർഷത്തിനു ശേഷം വിവരാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും കാസ്റ്റിങ് കൗച്ചും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്നും, നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസേജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.