കൊൽക്കത്തയിലെ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ല; തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും സിബിഐ

തെളിവ് നശിപ്പിക്കാൻ ബോധപൂർവ്വം ശ്രമം നടന്നുവെന്ന് സിബിഐ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇരയുടെ ശരീരം മറവ് ചെയ്ത ശേഷമാണ് പൊലീസ് എഫ്ഐആർ പോലുമെടുത്തത്
കൊൽക്കത്തയിലെ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ല; തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും സിബിഐ
Published on

കൊൽക്കത്തയിലെ ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ വെച്ച് ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് സിബിഐ. അതേസമയം, തെളിവ് നശിപ്പിക്കാൻ ബോധപൂർവ്വം ശ്രമം നടന്നുവെന്ന് സിബിഐ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇരയുടെ ശരീരം മറവ് ചെയ്ത ശേഷമാണ് പൊലീസ് എഫ്ഐആർ പോലുമെടുത്തത്.

എഫ്ഐആർ എടുത്ത ശേഷം മാത്രമെ പോസ്റ്റ് മോർട്ടം നടത്താൻ പാടുള്ളൂ എന്ന ചട്ടം അട്ടിമറിക്കപ്പെട്ടതായും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് ആശുപതി സുപ്രണ്ട് ബന്ധുക്കളെ അറിയിച്ചത്. ക്രൈം സീൻ പൊലീസ് സീൽ ചെയ്തത് 19 മണിക്കൂറിന് ശേഷമായിരുന്നു. ഇതിനിടെ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്നും സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഈ മാസമാദ്യം കൊൽക്കത്തയിലെ ആർജി കർ ഹോസ്പിറ്റലിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹി എയിംസ് ആശുപത്രിയിലെ റസിഡൻ്റ് ഡോക്ടർമാർ നടത്തി വന്ന പണിമുടക്കും പ്രതിഷേധവും അവസാനിപ്പിച്ചു. രാജ്യത്തുടനീളമുള്ള മെഡിക്കൽ ജീവനക്കാരോട് അവരുടെ ചുമതലകളിലേക്ക് മടങ്ങാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന വ്യാഴാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സമരം ചെയ്യുന്ന ഡോക്ടർമാർ ജോലിയിലേക്ക് മടങ്ങണമെന്നും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും, കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതക കേസ് പരിഗണിക്കവെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഡോക്ടർമാർ സമരം നടത്തരുതെന്നായിരുന്നു കോടതി പറഞ്ഞത്. 36 മണിക്കൂറോളം ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ പ്രതികാര നടപടി പാടില്ലെന്നും, ആശുപത്രിയിലെ സുരക്ഷാ കാര്യങ്ങളുടെ നിരീക്ഷണത്തിൽ റസിഡൻ്റ് ഡോക്ടർമാരെയും ഉൾപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. കോടതി നിയോഗിച്ച ദൗത്യസംഘം ആശുപത്രിയിലെ ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com