ചൂരൽമല ദുരന്തം; സ്വകാര്യലാബുകളിൽ DNA പരിശോധനാ സാധ്യത അന്വേഷിക്കും, മൃതദേഹങ്ങൾക്കായി കടലിലും തെരച്ചിലെന്ന് മുഖ്യമന്ത്രി

പ്രഭവകേന്ദ്രം മുതൽ നടത്തിയ തെരച്ചിലിന് നാട്ടുകാരുടേയും സന്നദ്ധ പ്രവർത്തകരുടേയും കൂട്ടായ പ്രയത്നം ഉണ്ടായിരുന്നു
ചൂരൽമല ദുരന്തം; സ്വകാര്യലാബുകളിൽ DNA പരിശോധനാ സാധ്യത അന്വേഷിക്കും,
മൃതദേഹങ്ങൾക്കായി  കടലിലും തെരച്ചിലെന്ന് മുഖ്യമന്ത്രി
Published on

ചൂരൽമല ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും ഊർജിതമായ തെരച്ചിൽ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഭവകേന്ദ്രം മുതൽ നടത്തിയ തെരച്ചിലിന് നാട്ടുകാരുടേയും സന്നദ്ധ പ്രവർത്തകരുടേയും കൂട്ടായ പ്രയത്നം ഉണ്ടായിരുന്നു. 224 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേ സമയം രക്ഷാപ്രവർത്തനത്തിൽ സൈന്യത്തിന്റെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മൃതദേഹങ്ങൾ മറവ് ചെയ്യാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും മൃതദേഹങ്ങൾ കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും. കണ്ടെടുത്ത ശരീരഭാഗങ്ങളുടെ DNA പരിശോധന സ്വകാര്യ ലാബിൽ ചെയ്യാനാകുമോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരിത ബാധിത പ്രദേശങ്ങളിലെ വീടുകളിൽ വിലവെടിപ്പുള്ള വസ്തുക്കൾ വീണ്ടെടുക്കാൻ സാധ്യതയുണ്ടെങ്കിൽ അതിന് പൊലീസ് നൽകും.അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും, പ്രദേശത്ത് ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അത് ഉടമകളുടെ സമ്മതം വാങ്ങാതെ തന്നെ പൊളിച്ചു മാറ്റാൻ പറ്റുമോയെന്ന് ആലോചിക്കും.

ചൂരൽമല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേർ കഴിയുന്നു. ചാലിയാർ നദിയുടെ ഇരു കരയിലും വനമേഖലയിലും തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. മൃതദേഹം സംസ്കരിക്കാൻ ദുരിതനിവാരണ നിയമ പ്രകാരം സ്ഥലം വാങ്ങാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. 154 പേരെ കാണാതായിട്ടുണ്ടെന്നാണ് കണക്ക്.88 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്.വയനാട് മേപ്പാടി സ്കൂളിൽ നിന്നും പ്രധാന ക്യാമ്പ് മാറ്റുന്ന മുറയ്ക്ക് ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചിട്ടുണ്ട്.

വെള്ളാർ മല, മുണ്ടക്കൈ സ്കൂളിലെ കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റുമെന്നും ഇതിൻ്റെ ചുമതല ഷാനവാസ് ഐഎഎസിന് നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്.നിലവിൽ ക്യാമ്പുകൾ നടക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ടെന്നും . കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിപ്പ് നൽകിയിട്ടുണ്ട്.കുട്ടികളുടെ യാത്രയ്ക്ക് ആവശ്യമായ നടപടികൾ കെഎസ്ആർടിസിയുമായി ചേർന്ന് നടപ്പാക്കും. നഷ്ടപ്പെട്ട കംപ്യൂട്ടറുകൾ കുട്ടികൾക്ക് നൽകും. വെള്ളാർ മല സ്കൂൾ എവിടെ പുനർനിർമിക്കണമെന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും. വെള്ളാർ മല എന്ന പേരിൽ തന്നെയാണ് സ്കൂൾ നിർമിക്കുക. മുണ്ടക്കൈ ജിഎൽപി സ്കൂളും പുനർനിർമിക്കുമെന്നും നേരത്തെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ദുരന്തത്തിൽ 83 കുട്ടികളെ കാണാതാവുകയും, അഞ്ച് കുട്ടികൾക്ക് മാതാപിതാക്കൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.ആദ്യം രാഹുൽഗാന്ധി എംപിയും പിന്നീട് പ്രധാനമന്ത്രിയും, അമിത്ഷായും വിളിച്ചു. എന്തു വേണമെങ്കിലും ചെയ്യാമെന്നും അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.കൂട്ടികൾക്ക് സ്കൂൾ കിറ്റ് നൽകും. പ്രശ്ന ബാധിത ബാധിത പ്രദേശങ്ങളിലെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഉണ്ടാകില്ല. മറ്റ് ഏതെങ്കിലും സ്കൂളുകളെ പരീക്ഷ നടത്തുന്നതിൽ നിന്ന് ഒഴിവാക്കണോയെന്ന് പരിശോധിക്കുമെന്നും, ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് പകരം സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയനാട് ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും ആറ് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് നിർദേശം നൽകിയ കാര്യവും മുഖ്യമന്ത്രി പരാമർശിച്ചു. ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ.കെ. നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കളിൽ നിന്നും അടുത്ത ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.ദുരന്ത മേഖലയിലെ 1,139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 385 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു പോയിട്ടുള്ളതായി കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com