പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നത്തെ തെരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം
വയനാട് ചൂരൽമല ദുരന്തത്തിൽ നഷ്ടപ്പെട്ടവർക്കായുള്ള തെരച്ചിൽ ഇന്ന് പതിനൊന്നാം ദിനത്തിലേക്ക്. ദുരന്തഭൂമിയിൽ ഇനി 131 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് ജനകീയ തെരച്ചിലാണ് നടക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നത്തെ തെരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ ചൂരൽമല ദുരന്തത്തിൽ പത്തു ദിവസത്തെ രക്ഷാദൗത്യം പൂർത്തീകരിച്ച് സൈനിക ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു. ജില്ലാ ഭരണകൂടവും സർക്കാറും ചേർന്നാണ് സൈന്യത്തിന് യാത്രയയപ്പ് നൽകിയത്. രക്ഷാപ്രവർത്തനത്തിന് എത്തിയതിനു ശേഷം ഒരാൾ പോലും മരണപ്പെടരുതെന്ന ലക്ഷ്യം സൈന്യം നിറവേറ്റിയതായും എല്ലാ നിലയിലും ചേർന്ന് പ്രവർത്തിച്ചതിനാൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാനായെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
പത്താം ദിനത്തിൽ 25സൈനിക ഉദ്യോഗസ്ഥർ ചേർന്ന് സൺറൈസ് വാലിയിൽ നടത്തിയ പരിശോധനയിൽ ശരീര ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. ദുരന്ത ഭൂമിയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി 27 പിഡബ്ല്യുഡി ക്വാര്‍ട്ടേഴ്‌സുകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ക്വാര്‍ട്ടേഴ്‌സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉള്‍പ്പെടെ നൂറോളം വീടുകൾ തയ്യാറായിട്ടുണ്ടെന്നും നാല് കിടപ്പുമുറികളുള്ള ഒരു ക്വാർട്ടേഴ്സിൽ നാല് കുടുംബങ്ങളെ താമസിപ്പിക്കാനാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇവയുടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Also Read : ചൂരല്‍മല ദുരന്തം: സൺറൈസ് വാലിയിലെ ഇന്നത്തെ തെരച്ചിൽ പൂർണം, പ്രദേശത്ത് നിന്ന് ഇന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 226 ആളുകൾ മരിച്ചെന്നാണ് സർക്കാരിൻ്റെ ഔദ്യോഗിക കണക്ക്. 196 ശരീരഭാഗങ്ങൾ ആണ് ലഭിച്ചത്. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
ദുരന്തഭൂമി സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട്ടിലെത്തും. സന്ദർശനത്തോടനുന്ധിച്ച് നാളെ വയനാട്ടിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു. രാവിലെ 10 മുതൽ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ കയറ്റി വിടുകയുള്ളു എന്നും കളക്ടർ വ്യക്തമാക്കി.
കേന്ദ്ര സഹായം ഉടന്‍ ലഭ്യമാക്കണമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമഗ്രമായ പുനരധിവാസ പാക്കേജ് ആവശ്യപ്പെടുമെന്നും ടൗൺഷിപ്പ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.