സൈന്യത്തിന്റെ 25 ഉദ്യോഗസ്ഥർ ചേർന്ന് സൺറൈസ് വാലിയിൽ നടത്തിയ പരിശോധനയിൽ ഇന്നും ശരീര ഭാഗങ്ങൾ കണ്ടെടുത്തു
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ സൈന്യം അവസാനിപ്പിച്ചു. സൈന്യത്തിന്റെ 25 ഉദ്യോഗസ്ഥർ ചേർന്ന് സൺറൈസ് വാലിയിൽ നടത്തിയ പരിശോധനയിൽ ഇന്നും ശരീര ഭാഗങ്ങൾ കണ്ടെടുത്തു. ചൂരല്‍മല വില്ലേജ് ഓഫീസ് റോഡ്, മുണ്ടക്കൈ എന്നി മേഖലകളിലും തെരച്ചിൽ നടത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള സ്നിഫര്‍ നായക്കളും ഇന്നത്തെ തെരച്ചിലിൽ സൈന്യത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധനയിൽ ഒരു മൃതദേഹവും നാല് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്.
തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഇന്നും സംസ്കരിച്ചു. ഒരു മൃതദേഹവും ആറ് ശരീര ഭാഗങ്ങളുമാണ് സർവമത പ്രാർഥനകളോടെ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിൽ ഇന്ന് സംസ്കരിച്ചത്. നാളെ വീണ്ടും തെരച്ചിൽ ആരംഭിക്കും. ജനകീയ തെരച്ചിലാണ് നാളെ നടക്കുക. എന്നാൽ ബെയ്‌ലി പാലത്തിന് സമീപത്തെ പരിശോധനകള്‍ അവസാനിപ്പിച്ചിട്ടുണ്ട്. പാലത്തിന്‍റെ ഇടതും വലതുമുള്ള 95 ശതമാനം ഭാഗങ്ങളിലും തെരഞ്ഞിട്ടും മനുഷ്യ സാന്നിധ്യം കണ്ടെത്താനാവാത്തതോടെയാണ് മണ്ണ് നീക്കിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചത്. റോഡിനു സമീപത്തുള്ള വീടുകളില്‍ ഉള്‍പ്പെടെ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ALSO READ: ചൂരൽമല ദുരന്തം: പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷ: പിണറായി വിജയൻ
അതേസമയം ദുരന്തത്തിൽ കേന്ദ്ര സഹായം ഉടന്‍ ലഭ്യമാക്കണമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമഗ്രമായ പുനരധിവാസ പാക്കേജ് ആവശ്യപ്പെടുമെന്നും ടൗൺഷിപ്പ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിക്കാൻ ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് വായനാട്ടിലെത്തുക. രക്ഷാപ്രവര്‍ത്തനത്തനങ്ങള്‍ നടക്കുന്ന ചൂരല്‍മല പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശിക്കുമെന്നാണ് വിവരം.