
ചൂരൽ മല ദുരന്തത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ചതിന് പിന്നാലെ 'സന്ദർശനം അവിസ്മരണീയം' എന്ന് സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തതിനെതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എം പി. അവിസ്മരണീയമായത് എന്നാൽ ഓർക്കപ്പെടാൻ സാധ്യതയുള്ള എന്തെങ്കിലും എന്നാണ് അർഥമാക്കുന്നതെന്നും താൻ ഉദ്ദേശിച്ചത് അതാണെന്നുമാണ് ശശി തരൂരിന്റെ വിശദീകരണം.
ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് തൻ്റെ ഓഫീസ് ക്രമീകരിച്ച് ദുരിതാശ്വാസ സാമഗ്രികൾ ഇറക്കാൻ സഹായിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ദുരിതബാധിതരായ ആളുകളെ കുറിച്ചും അവരുടെ അവർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സ്ഥിതിഗതികൾ എംപി വിലയിരുത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ പലായനം ചെയ്തവർക്കായി തൻ്റെ ഓഫീസിൽ നിന്നും ആവശ്യമായ കിടക്കകൾ വിതരണം ചെയ്യുമെന്നും അവ അടിയന്തരവും ഉടനടിയുള്ളതുമായ പ്രവർത്തനങ്ങൾ മാത്രമാണെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളും ചിന്തിക്കണമെന്നും ശശി തരൂർ പറഞ്ഞിരുന്നു.
അതേസമയം ചൂരൽമലയിൽ ആറാം ദിനവും രക്ഷാദൗത്യം പുനരാരംഭിച്ചു. ചാലിയാറില്‍ ഇന്ന് രണ്ട് ഭാഗങ്ങളായാണ് തെരച്ചില്‍ പുനരാരംഭിച്ചത്. ജല നിരപ്പ് താഴ്ന്നതോടെ ചാലിയാറിൽ രൂപപ്പെട്ട മൺതിട്ടകളിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്നാണ് ജില്ലാഭരണകൂടത്തിൻ്റെ വിലയിരുത്തൽ. പ്രദേശത്തെ പരിശോധന നാളെയോടെ അവസാനിപ്പിക്കാനാണ് നിലവിലെ തീരുമാനം.